തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ . ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചത്. 'നോട്ട് ആന്‍ ഇഞ്ച് ബാക്ക്' എന്നെഴുതി വാട്ട്‌സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്. തിരുവനന്തപുരം നഗര സഭ ബിജെപിക്ക് കൊടുത്തത് ആര്യയാണെന്നായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനത്തോടാണ് ആര്യാ ഒരിഞ്ച് പിന്നോട്ടില്ലെന്ന സന്ദേശം ഇടുന്നത്. ഇതിലൂടെ എന്താണ് ആര്യ ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. ബിജെപിയെ കേരള ഭരണത്തില്‍ എത്തിക്കും വരെ ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് ആര്യ ഉദ്ദേശിച്ചതെന്ന ചര്‍ച്ചയും സജീവം.

ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടാല്‍ സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന ആശങ്ക ശക്തമായിരുന്നു. അതുകൊണ്ടാണ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഏതായാലും നഗരസഭയിലെ ഭരണ പരാജയമാണ് തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നല്‍കിയതെന്ന വിമര്‍ശനം ശക്തമാണ്. നേരത്തെ, ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു ഉന്നയിച്ചത്. 'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയം, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനേയുള്ള വിമര്‍ശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയര്‍ത്തിയത്. ഇതിനോടാണ് ഒരിഞ്ച് പിന്നോട്ടില്ലെന്ന മറുപടി. അതായത് ഗായത്രി ബാബുവിന്റെ വിമര്‍ശനം താന്‍ തുടരുമെന്നാണോ അര്‍ത്ഥമാക്കുന്നതെന്ന ചോദ്യം സജീവമാണ്.

ആര്യയുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രി വിമര്‍ശനം ഉന്നയിച്ചത്. വിവാദമായതോടെ കുറിപ്പ് അവര്‍ പിന്‍വലിച്ചിരുന്നു. ഗായത്രി ബാബുവിനെ തള്ളി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഗായത്രിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഗായത്രി ബാബുവിനെതിരെ ആര്യ സിപിഎം നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ് ആര്യ. അതുകൊണ്ട് തന്നെ ജില്ലാ നേതൃത്വം ഗൗരവത്തില്‍ തന്നെ ആര്യയുടെ പരാതി എടുക്കും.

സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാകുന്ന ചിത്രവുമായാണ് ആര്യയുടെ സ്റ്റാറ്റസ്. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഇതിലുള്ളതെന്ന ചര്‍ച്ചയും സജീവമാണ്. ഏതായാലും കോര്‍പ്പറേഷന്‍ ഭരണത്തിലെ തിരിച്ചടിയാണ് ബിജെപിക്ക് തുണയായതെന്ന് വിലയിരുത്തല്‍ ശക്തമാണ്.