- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കത്ത് എഴുതിയത് ആരെന്ന് കണ്ടെത്തി സിപിഎം; ജില്ലാ നേതൃത്വത്തിനു താൽപര്യമുള്ളവർ 'പ്രതിപ്പട്ടികയിൽ' എത്തിയതോടെ ആകെ കുഴഞ്ഞ് പാർട്ടി; പൊലീസ് അന്വേഷണം കഴിഞ്ഞ് മതി പാർട്ടി അന്വേഷണമെന്ന് പൊതുധാരണ; കത്ത് വ്യാജമാണെന്നു വരുത്തി മേയറെ സംരക്ഷിക്കാനും നീക്കങ്ങൾ തകൃതി; ക്രൈംബ്രാഞ്ച് ആര്യയുടെ മൊഴിയെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം സിപിഎമ്മിനെ വെട്ടിലാക്കിയ മേയറുടെ കത്തു വിവാദത്തിൽ ആകെ കുഴഞ്ഞ് പാർട്ടി. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ തന്നെ പാർട്ടി 'പ്രതി' ആരെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ജില്ലാ നേതൃത്വത്തിന് വേണ്ടപ്പെട്ടയാൾക്കെതിരെ നടപടി എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സിപിഎം. അതുകൊണ്ട് തന്നെ പാർട്ടിയിലെ അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം മതിയെന്നാണ് നിഗമനം. ഇതോടെ ഈ വിഷയത്തിൽ പാർട്ടി ആരെ ബലിയാടാക്കും എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.
കുറ്റക്കാർ ആരെല്ലാമെന്നു പാർട്ടി ഇതിനകം 'കണ്ടെത്തി'യിട്ടുണ്ടെങ്കിലും തിരക്കിട്ടു നടപടി എടുത്തിട്ടില്ല. അന്വേഷണ കമ്മിഷനും നടപടിയും നീട്ടിവച്ചത് എന്തുകൊണ്ടെന്ന ചോദ്യം സംബന്ധിച്ച് പല വ്യാഖ്യാനങ്ങൾ പാർട്ടി കേന്ദ്രങ്ങളിലുണ്ട്. ഇന്നലെ ിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന അജൻഡ ആയാണ് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂർ നാഗപ്പൻ ഈ വിഷയം അവതരിപ്പിച്ചത്.
പ്രശ്‌നം ഗൗരവമുള്ളതാണെന്ന് ആനാവൂർ പറഞ്ഞു. എന്നാൽ താനല്ല കത്തെഴുതിയത് എന്നാണ് മേയർ പറയുന്നത്. പാർട്ടിക്കു ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിന് സമാന്തരമായി പാർട്ടി അന്വേഷണം പ്രായോഗികമല്ല. അതുകൊണ്ട് അവർ ആദ്യം പരിശോധിക്കട്ടെയെന്നും പറഞ്ഞു. ആരും പ്രതികരിക്കാതെ കമ്മിറ്റി പിരിഞ്ഞു. അതിനുമുൻപു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി തല അന്വേഷണം വേണ്ടേയെന്ന ചോദ്യം ഉയർന്നിരുന്നു. പൊലീസ് അന്വേഷണം ചൂണ്ടിക്കാട്ടി അതു വെട്ടി. എന്നാൽ കുറച്ചു ദിവസത്തിനുശേഷം പാർട്ടി തല പരിശോധനയാകാമെന്നു ധാരണയായി.
ജില്ലാ നേതൃത്വത്തിനു താൽപര്യമുള്ളവരാണ് 'പ്രതിപ്പട്ടികയിൽ' എന്നതു കണക്കിലെടുത്താണ് തിരക്കിട്ട പാർട്ടി നടപടി വേണ്ടെന്നു വച്ചതെന്ന് ഒരുവിഭാഗം വിമർശിക്കുന്നുണ്ട്. പാർട്ടി നടപടി ഇപ്പോൾ പ്രഖ്യാപിച്ചാൽ പിന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന മറുവാദവുമുണ്ട്. കോർപറേഷനിലെ താൽക്കാലികനിയമനത്തിനു പാർട്ടിപട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗമാണെന്േനാണ് ലഭിക്കുന്ന വിവരം. അതു കൈമാറിയതു ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കായിരുന്നു. ഇദ്ദേഹം ലോക്കൽ കമ്മിറ്റിക്കു കീഴിലെ വാട്‌സാപ് ഗ്രൂപ്പുകളിൽ കത്ത് പങ്കുവച്ചു. അവിടെനിന്നു കത്ത് പുറത്തായി.
ഇരുവർക്കുമെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഔദ്യോഗിക ലെറ്റർഹെഡിൽ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്ത് സംബന്ധിച്ചു മേയർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. നഗരത്തിലെ പല താൽക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്. മെഡിക്കൽ കോളജ് ഭാഗത്തെ ഒരു ട്രസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെയും ലോക്കൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘത്തിന്റെയും പ്രവർത്തനം. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം.
മിക്ക ദിവസവും നേതാവ് ഇവിടെയെത്തും. ഉദ്യോഗാർഥികളെ ഇവിടേക്കു വിളിപ്പിക്കുന്നതും നിയമനം സംബന്ധിച്ചു തീരുമാനം എടുക്കുന്നതും നേതാവിന്റെ സാന്നിധ്യത്തിൽ. ഏരിയ കമ്മിറ്റി അംഗവുമായി ചേർന്നുള്ള വഴിവിട്ട ഇത്തരം നടപടികളെപ്പറ്റി സംസ്ഥാന നേതൃത്വം മുൻപാകെ പരാതി എത്തിയിട്ടുണ്ട്. ലോക്കൽ സെക്രട്ടറി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. ലോക്കൽ സെക്രട്ടറി പദവി വഹിക്കുന്നവർ സഹകരണ ബാങ്ക് പ്രതിനിധിയാകരുതെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചാണിത്.
അതേസമയം മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്തിനെക്കുറിച്ച് സിപിഎം. പരിശോധിക്കുമെന്ന് പറഞ്ഞ് തൽക്കാലം പിടിച്ചു നിൽക്കാനാണ് ആനാവൂർ ശ്രമിച്ചത്. എന്നാൽ, അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചില്ല. അതേസമയം, കത്ത് പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ച് നേതൃത്വം രഹസ്യപരിശോധന തുടങ്ങിയിട്ടുണ്ട്.
എസ്.എ.ടി. ആശുപത്രിയിലെ കരാർ നിയമനത്തിന് കുടുംബശ്രീ അംഗങ്ങളുടെ പട്ടികതേടിയുള്ള കത്ത് തയ്യാറാക്കിയത് കോർപ്പറേഷനിലെ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ച് അദ്ദേഹം രംഗത്തെത്തിയതെന്നാണ് സൂചന. ഇതോടെ അനിലിന്റെ കത്ത് ഗൗരവമുള്ള വീഴ്ചയായിക്കണ്ട് പാർട്ടി നടപടിയുണ്ടായേക്കും. മേയറുടെ പേരിലുള്ള കത്ത് തയ്യാറാക്കിയത് താനല്ലെന്നും അനിൽ പറഞ്ഞിട്ടുണ്ട്. മേയറുടെ കത്തിന്റെ ഉത്തരവാദിയെ കണ്ടെത്താൻ തത്കാലം പാർട്ടി പരിശോധനയുണ്ടാകില്ല. അത് പൊലീസ് അന്വേഷണത്തിൽ കണ്ടത്തേണ്ടതാണെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മേഖലയിലെ പാർട്ടി നേതാവിലൂടെയാണ് കത്ത് സാമൂഹികമാധ്യമ ഗ്രൂപ്പിലെത്തിയതെന്ന് നേതൃത്വത്തിന് ബോധ്യമായി. കത്ത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്നതിലും പാർട്ടിക്ക് ബോധ്യമുണ്ട്. രഹസ്യസ്വഭാവത്തിൽ നൽകുന്ന കത്തുകൾ പ്രചരിപ്പിക്കാറില്ല. നിയമനത്തിന് ഏരിയാ കമ്മിറ്റി തലത്തിൽ നിർദ്ദേശിച്ച പേരുകൾ ജില്ലാനേതൃത്വം കൈമാറാത്തതിന്റെ പ്രതിഷേധമാണ് കത്തിന്റെ പ്രചാരണത്തിനു പിന്നിലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിഗമനം.
ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ടു പുറത്തായ വിവാദ കത്ത് സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. കൂടാതെ അടുത്ത ഘട്ടത്തിൽ ആനാവൂരിന്റെയും ഡി ആർ അനിലിന്റെയും മൊഴി എടുക്കുന്നുണ്ട്. കത്ത് വ്യാജമാണെന്ന് തറപ്പിച്ചു പറയാൻ നേതാക്കളാരും തയ്യാറായിട്ടില്ലെന്നത് ശ്രദ്ദേയമാണ്. കത്ത് വ്യാജമാണെന്നു വരുത്തി മേയറെ സംരക്ഷിക്കാനാണു സിപിഎം നീക്കമെന്നാണു സൂചന. ഒപ്പം, മേയറെ ഈ വൻപ്രതിസന്ധിയിലേക്കു തള്ളിവിട്ടത് ആരെന്നതു സംബന്ധിച്ചു പാർട്ടിതല അന്വേഷണവും ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ