- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെറ്റർ ഹെഡും ഒപ്പും വരുന്ന ഭാഗം വ്യക്തമല്ല; അതുകൊണ്ടാണ് സംശയം കൂടുന്നത്; കത്തിന്റെ ഒറിജിനൽ ഇതുവരെ കണ്ടിട്ടില്ല; കോർപറേഷൻ ഓഫീസിലെ ആരെയും സംശയമില്ല; കത്ത് ആരെങ്കിലും ബോധപൂർവം നിർമ്മിച്ചതാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാൻ കഴിയൂ; കത്ത് വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനങ്ങളിൽ ആളെ നിർദ്ദേശിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യർത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തിൽ പ്രതികരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. മേയർ എന്ന നിലയിൽ കത്ത് തയ്യാറാക്കുകയും അതിൽ ഒപ്പിടുകയും ചെയ്തിട്ടില്ല. കത്ത് ആരെങ്കിലും ബോധപൂർവ്വം നിർമ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാൻ പറ്റു. അത്തരമൊരു കത്തുകൊടുക്കുന്ന ശീലം സിപിഎമ്മിനില്ല. അങ്ങനെ ഇടപെടൽ ഇതുവരെയും നടത്തിയിട്ടില്ല. ഇനി നടത്താൻ ഉദ്ദേശിക്കുന്നുമില്ല, ആര്യാ രാജേന്ദ്രൻ പറഞ്ഞു. കത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മേയർ.
മേയറുടെ ഓഫീസിൽ നിന്ന് വ്യക്തമാക്കിയതുപോലെ അത്തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ല. അതാണ് സത്യാവസ്ഥ എന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. തന്റേതല്ലാത്ത കത്തിന്റെ ഉറവിടം എന്താണെന്ന് പരിശോധിക്കണം. അതുപയോഗിച്ച് ചില ഇടങ്ങളിൽനിന്ന് മേയർ എന്ന നിലയിൽ തന്നെ അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്നും ആര്യ മാധ്യമങ്ങളോട് പറഞ്ഞു.
കത്തിന്റെ ഒറിജിനൽ കോപ്പി ഇതുവരെ കണ്ടിട്ടില്ല. താൻ കാണുന്നത് ലെറ്റർ പാഡ് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒപ്പിന്റെയും പേരിന്റെയും ഭാഗം ഹൈലൈറ്റ് ചെയ്തും ഡേറ്റ് ഭാഗം വരുന്നത് അപ്രധാനമെന്ന തരത്തിലും പ്രചരിക്കുന്ന കത്താണ്. അതുകൊണ്ടാണ് സംശയം വർധിപ്പിക്കുന്നത്. മാധ്യമങ്ങൾ കണ്ട ലെറ്റർ ഹെഡ് മാത്രമാണ് താൻ കണ്ടത്. ലെറ്റർ ഹെഡും ഒപ്പും വരുന്ന ഭാഗം വ്യക്തമല്ല.
ഇന്ന് പത്രമാധ്യമങ്ങളിൽ വന്നത് ഓഫീസിലെ ചിലരെ സംശയിക്കുന്നു എന്നാണ്. അങ്ങനെയൊരു സംശയവുമില്ല. അങ്ങനെ ഒരാളെയും സംശയിക്കേണ്ടതില്ല. നഗരസഭ ജീവനക്കാർ അങ്ങേയറ്റം വിശ്വസിക്കേണ്ടതും പകലും രാത്രിയും ഇല്ലാതെ നമ്മുടെ കൂടെ പ്രവർത്തിക്കുന്നവരാണ്. നേരത്തെ ചില ജീവനക്കാർ തെറ്റു കാണിച്ചപ്പോൾ ഒരു ദയയും ദാക്ഷിണ്യവും നോക്കാതെ, ശരിയെന്തൊണോ അതിന്റെ കൂടെനിന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിന് മുൻപ് എനിക്ക് ഇന്നയാളെ സംശയമുണ്ടെന്ന് പറയുന്നത് ശരിയല്ല.
ഒന്നാംതീയതി എന്ന ഡേറ്റിലാണ് കത്ത് പ്രചരിക്കുന്നത്. അതിന് മുൻപ് ഒക്ടോബർ മാസത്തിൽ തന്നെ ഈ തസ്തികകളിലേക്ക് ഇന്റർവ്യു ക്ഷണിച്ചിട്ടുണ്ടെന്ന വാർത്തകൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. വിവാദത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ കാര്യങ്ങൾ സുതാര്യമായി ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളുവെന്നും അതുകൊണ്ടാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുത്തതെന്നും മേയർ വ്യക്തമാക്കി.
തന്നെ പിന്തുടർന്ന മാധ്യമങ്ങളെയും മേയർ വിമർശിച്ചു. മാധ്യമപ്രവർത്തകരുടെ ഇടപടെൽ കൗതുകമായി തോന്നി, ഏതൊ ഒരു കള്ളനെ പിടിച്ചുകൊണ്ടു വരുന്നതുപോലെയാണ് തുടർച്ചയായി പിന്തുടർന്ന് വരുന്നത്. തന്റേതല്ലാത്ത കത്ത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിന്റെ പരാതി മുഖ്യമന്ത്രിക്ക് കൊടുക്കണം എന്ന് തീരുമാനിച്ചയാളാണ് താൻ. മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ ഉണ്ടെങ്കിൽ അങ്ങനെയൊരു നടപടിയിലേക്ക് പോകേണ്ടതില്ലെന്ന അഭിപ്രായമുള്ള ആളാണ്. അങ്ങനെയുള്ള സമയത്ത് ശരിയായ സമീപനമല്ല ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായത് എന്നും മേയർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ