- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനി രംഭയെ കയറിപ്പിടിച്ചുവെന്നുവരെ പ്രചരിപ്പിച്ച ഫാൻ ഫൈറ്റ്; തലൈവർ 110 കോടി വാങ്ങിയപ്പോൾ 120 കോടി വാങ്ങി ദളപതി; വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ എതിരാളിയില്ലാതായി; ഒരു മിനുട്ടിന്റെ സ്ക്രീൻ പ്രസൻസസിന് ഒരു കോടി; 72ാം വയസ്സിലും തമിഴ് സിനിമ രജനീകാന്തിന്റെ കൈപ്പിടിയിൽ
സൂപ്പർസ്റ്റാർ വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന വാർത്തകൾ, അദ്ദേഹത്തിന്റെ ആരാധകർക്ക് ആവേശമായെങ്കിലും, മോളിവുഡ് എന്ന തമിഴ് ഫിലിം ഇൻഡസ്ട്രിക്ക് അത് വലിയ കോട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിനുവേണ്ടി അഭിനയം നിർത്തുമെന്ന് പ്രഖ്യാപിച്ചതോടെ കത്തിനിൽക്കുന്ന ഒരു നക്ഷത്രം, അകാലത്തിൽ പൊലിഞ്ഞ പോലെയാണ് ചലച്ചിത്ര പ്രവർത്തകർക്ക് ഫീൽ ചെയ്തത്. അതോടെ കഴിഞ്ഞ കുറേക്കാലമായി നിലനിന്ന രജനി-വിജയ് ഫാൻ ഫൈറ്റും അസ്തമിച്ചിരിക്കയാണ്.
ആദ്യം കമൽ-രജനി ഫാൻസും, പിന്നീട് അജിത്ത്- വിജയ് ഫാൻസും, അതുകഴിഞ് രജനി- വിജയ് ഫാൻസും തമ്മിലാണ് തമിഴകത്ത് രുക്ഷമായ മത്സരം നടക്കാറുള്ളത്. ഇതിൽ വിജയ് രാഷ്ട്രീയത്തിലിറങ്ങിയതോടെ തമിഴ് സിനിമയിൽ ഈ 72ാം വയസ്സിലും തലൈവരെ വെല്ലുവിളിക്കാൻ ആളില്ലാതായിരിക്കയാണ്.
പ്രതിഫലത്തിലും മത്സരം
പ്രതിഫലത്തിന്റെ കാര്യത്തിൽപോലും രജനിയും വിജയും തമ്മിൽ മത്സരമുണ്ടായിരുന്നു. ജയിലർക്ക് 110 കോടി രൂപ പ്രതിഫലം താരത്തിന് ലഭിച്ചിരുന്നു. പക്ഷേ വിജയ് ലിയോയ്ക്ക് 120 കോടി വാങ്ങിയതോടെ ഇതായി തമിഴകത്തെ റെക്കോർഡ് പ്രതിഫലം. പക്ഷേ ജയിലർ വമ്പൻ വിജയമായതോടെ ചിത്രത്തിന്റെ നിർമ്മാതാവ് കലാനിധി മാരൻ രജനിക്ക് ലാഭത്തിൽ നിന്ന് നൂറ് കോടി രൂപ പ്രതിഫലത്തിൽ ഉൾപ്പെടുത്തി വേറെയും നൽകി. ഇതോടെ 210 കോടി രൂപ രജനിക്ക് മൊത്തം ലഭിച്ചു. ഇന്ത്യയിൽ ആർക്കും ഇത്ര പ്രതിഫലം ലഭിച്ചിട്ടില്ല. ഷാരൂഖ് ഖാന് ലഭിച്ച 250 കോടിയുടെ ലാഭവിഹിതം മാത്രമാണ് ഇത്തരത്തിൽ പറയാവുന്നത്.
പുതിയ ചിത്രമായ ലാൽ സലാമിൽ അതിഥി വേഷത്തിലാണ് രജനി അഭിനയിക്കുന്നത്. നാൽപ്പത് കോടിയാണ് ഈ ചിത്രത്തിനായി രജനി പ്രതിഫലം വാങ്ങുന്നത്. വെറും മുപ്പത് മിനുട്ട് മാത്രമേ രജനി ചിത്രത്തിലുള്ളൂ. അതായത് ഒരു മിനുട്ടിന് ഒരു കോടിയാണ് രജനിക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഒരു അതിഥി വേഷത്തിന് ഏതെങ്കിലുമൊരു നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. കൽക്കിയിൽ കമൽഹാസൻ വില്ലൻ വേഷം ചെയ്യുന്നുണ്ടെങ്കിലും അതും ഒരു അതിഥി വേഷമാണ്. ചിത്രത്തിനായി കമൽഹാസൻ വാങ്ങുന്നത് 25 കോടി രൂപയാണ്. അത് വെച്ച് നോക്കുമ്പോൾ രജനി വളരെ മുന്നിലാണ്.
ഇപ്പോൾ ഒരു പുതിയ സിനിമക്ക് രജനിയുടെ മൊത്തം പ്രതിഫലം 120 കോടിയിൽ അധികം വരും. വിജയിക്കോ അജിത്ത് കുമാറിനോ പോലും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. നിലവിൽ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രജനിയുടെ മൂല്യം ഇനിയും ഉയരാനാണ് സാധ്യത. നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അദ്ദേഹം. 72 വയസ്സായിട്ടും രജനിയുടെ ബോക്സോഫീസ് പവറിൽ ഒരു കുറവും വന്നിട്ടില്ല.
ഫാൻ ഫൈറ്റിനും അവസാനം
രജനി-വിജയ് ഫാൻസിന്റെ ഫാൻ ഫൈറ്റിനും ഇതോടെ അവസാനമായി. നേരത്തെ അങ്ങേയറ്റം മോശമായ കമന്റുകൾ ഇട്ടുകൊണ്ടാണ് ഇരു ആരാധകരും സോഷ്യൽ മീഡിയയിൽ പൊരുതിയത്. നടി രംഭയെ രജനി കയറിപ്പിടിച്ചുവെന്ന വളരെ മോശമായ പ്രചാരണം പോലും വിജയ് ഫാൻസ് നടത്തിയിരുന്നു. രംഭ ഒരു അഭിമുഖത്തിൽ അരുണാചലം സിനിമയുടെ സെറ്റിൽ നടന്ന ഒരു സംഭവം വളച്ചൊടിച്ചാണ് ,രംഭയെ കയറിപ്പിടിച്ച് രജനീകാന്ത് എന്നാക്കി മാറ്റിയത്.
രംഭ പറഞ്ഞത് ഇതായിരുന്നു. -'അരുണാചലത്തിന്റെ ഒരു സംഭവം കൂടി നടന്നു. ചിത്രീകരണത്തിനിടയിൽ ഞങ്ങളെല്ലാം ഒരു കുടുംബം പോലെയാണ് കഴിയുന്നത്. ലൈറ്റ്മാനും ഡാൻസേഴ്സും എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും ഇരിക്കുന്നതും. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു സമയത്ത് സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി. പെട്ടന്ന് ആരോ എന്റെ തോളിൽ കയറി പിടിച്ചു. ഞാൻ പേടിച്ച് അലറിവിളിച്ചു. ലൈറ്റ് ഓൺ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചർച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്.''-രംഭ പറഞ്ഞു. രംഭയുടെ ഈ വാക്കുകളാണ് വളച്ചൊടിച്ച് വിജയ് ആരാധകർ പ്രചരിപ്പിച്ചത്.
അതിനുശേഷമാണ് കാക്ക- കഴുകൻ വിവാദമുണ്ടായത്. 'ജയിലർ' സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. പക്ഷികളിൽ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാൽ കഴുകനിങ്ങനെ മുകളിൽ കൂടി പറക്കും.''ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റ് തുടങ്ങിയത്. എന്നാൽ ഇതിന് മറുപടിയായി, ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു 'കുട്ടിക്കഥ'യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു.
പക്ഷേ ആരാധകർ വിട്ടില്ല. ഇതിന്റെപേരിൽ കൂട്ടത്തല്ലായി. ഒടുവിൽ ലാൽസാലം എന്ന തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനി താൻ ഉദ്ദേശിച്ചത് വിജയ്യെ അല്ല എന്നും, തന്റെ കൺമുന്നിലൂടെ വളർന്നുവന്ന നടനാണ് വിജയ് എന്നും ദയവായി ഈ പ്രചാരണം നിർത്തണമെന്നും അഭ്യർത്ഥിച്ചു. ഇതോടെയാണ് വിവാദം തീർന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ