- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ മുത്തോലി പഞ്ചായത്ത് 7000 രൂപ പ്രഖ്യാപിച്ചതോടെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലായി സര്‍ക്കാര്‍; എങ്ങനേയും അധിക തുക ആശമാര്‍ക്ക് കിട്ടാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവം; തനത് ഫണ്ടില്‍ നിന്ന് ഓണറേറിയം നല്‍കാന്‍ തദ്ദേശത്തിന് കഴിയുമോ? സിപിഎം രണ്ടും കല്‍പ്പിച്ച്
തിരുവനന്തരപുരം: വേതനവര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിച്ച് വിവിധ നഗരസഭകളും പഞ്ചായത്തുകളും രംഗത്ത് വരുന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളി. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചന തുടങ്ങി. നിയമപരമായി തടയാനാണ് നീക്കം. അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും എതിരാണ് പിണറായി സര്‍ക്കാര്‍ എന്ന സ്ഥിതിവരും. എന്നാല്‍ ഇടതുമുന്നണിയിലെ സിപിഐ അടക്കം ഇതിന് എതിരാണ്. എന്നാല്‍ അവര്‍ സര്‍ക്കാരിനെതിരെ പരസ്യമായി ഒന്നും പറയില്ല. എന്നാല്‍ ആശാമാരുടെ സമരം വിജയിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും എടുക്കാനാണ് സിപിഎം തീരുമാനം.
പ്രതിപക്ഷം ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുന്നതിന്റെ നിയമവശങ്ങള്‍ അവര്‍ പരിശോധിക്കട്ടേയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിലപാടും സര്‍ക്കാര്‍ ഇതിന് എതിരാണെന്ന സൂചനയാണ്. സ്‌കീം വര്‍ക്കേഴ്സിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് ഒരനുകൂല നിലപാടും എടുക്കാത്തത്. ഇടതുപക്ഷ സര്‍ക്കാരാണ് മിനിമം വേതനമടക്കമുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്‍ ഫണ്ടില്‍നിന്നോ തനതുഫണ്ടില്‍നിന്നോ ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മറ്റു സമാന തൊഴില്‍ചെയ്യുന്നവര്‍ക്കും ഓണറേറിയവും ഇന്‍സന്റീവും നല്‍കാനാണ് പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളുടെ നീക്കം. ഇത് നിയമവിരുദ്ധമാണെന്ന നിലപാട് സര്‍ക്കാര്‍ എടുക്കും. അങ്ങനെ വന്നാല്‍ പഞ്ചായത്തുകള്‍ നിയമ പോരാട്ടത്തിന് ഇറങ്ങും. കോടതി നിലപാട് നിര്‍ണ്ണായകമായി മാറുകയും ചെയ്യും.
വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ആനുകൂല്യം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതു പദ്ധതിയായി നടപ്പാക്കാന്‍ ജില്ലാ ആസൂത്രണ സമിതി(ഡിപിസി) അംഗീകാരം ആവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും കാരണം ചൂണ്ടിക്കാട്ടി ഡിപിസി അനുമതി നിഷേധിച്ചാല്‍ ഇതിനെ നൂതന പ്രോജക്ടായി സംസ്ഥാന തല ഏകോപന സമിതിയെ സമീപിക്കേണ്ടി വരും. ഈ രണ്ടു സംവിധാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അതുകൊണ്ട് പഞ്ചായത്തുകളുടെ നീക്കം സര്‍ക്കാരിന് തടയാവുന്നതേയുള്ളൂ. തനത് പണ്ട് ജനോപകാര പ്രദമായി ഉപയോഗിക്കാമെന്ന ന്യായമാണ് പഞ്ചായത്തുകളുടേത്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്നും അനുകൂല തീരുമാനം എടുക്കാമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ തള്ളി പറഞ്ഞാല്‍ അത് ആശാ സമരത്തില്‍ മറ്റൊരു നിര്‍ണ്ണായക ഏടായി മാറുകയും ചെയ്യും. ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചിട്ടുണ്ട്.
അപ്രായോഗികമായ തീരുമാനമെന്നും സര്‍ക്കാര്‍ അനുമതി നല്‍കുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുട നിലപാട്. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനിടെ ഇടതു മുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അധിക സഹായം തീരുമാനിച്ചത്. ആയിരം രൂപ മുതല്‍ ഏഴായിരം രൂപ വരെയാണ് പഞ്ചായത്തുകളും നഗരസഭകളും പ്രഖ്യാപിച്ചത്. 23 തദ്ദേശ സ്ഥാപനങ്ങളാണ് അധികസഹായം തീരുമാനിച്ചത്. എന്നാല്‍ ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം. ഇനിയും പഞ്ചായത്തുകള്‍ കൂടുതല്‍ തുക നല്‍കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് പലതരത്തില്‍ വേതനം വാങ്ങുന്ന ആശമാരെ സൃഷ്ടിക്കുന്നതാകും പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളുടെ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍, മണ്ണാര്‍ക്കാട്, മരട് നഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍, മരട് നഗരസഭകള്‍ 2000 രൂപയും മണ്ണാര്‍ക്കാട് നഗരസഭ 2100 രൂപയും മുത്തോലി ഗ്രാമപഞ്ചായത്ത് 7000 രൂപയും അധിക ഓണറേറിയം നല്‍കും. മുത്തോലിയിലെ ആശമാര്‍ക്ക് ഇനി 20000 രൂപ പ്രതിമാസം കിട്ടിയേക്കും. സര്‍ക്കാര്‍ നിലവില്‍ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇന്‍സെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത് - നഗരസഭ തലങ്ങളില്‍ പ്രഖ്യാപിക്കുന്നത്.
പണി ചെയ്യുന്നവര്‍ക്ക് വേതനം നല്‍കണം, അത് ഔദാര്യമല്ല അവകാശമാണെന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷ ഇതര പഞ്ചായത്തുകളുടെ നീക്കം. ഫലത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഒഴികെ ആശമാര്‍ക്ക് പ്രതിഫലം കൂടും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കും.