- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ് ': സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ തനിയെ ഇന്ത്യ ചുറ്റുന്ന ആശ മാൽവിയ കണ്ണൂരിലെത്തി; ഇതുവരെ നേരിൽ കണ്ടത് പിണറായി അടക്കം മുന്നുമുഖ്യമന്ത്രിമാരെ; ദേശീയ കായികതാരം ലക്ഷ്യമിടുന്നത് സൈക്കിളിൽ 20,000 കിലോമീറ്റർ
കണ്ണൂർ: ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ തനിയെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന മധ്യപ്രദേശുകാരിയായ യുവതി ആശ മാൽവിയ കണ്ണൂരിലെത്തി. ദേശീയ കായികതാരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ 20,000 കിലോമീറ്റർ ആണ് ലക്ഷ്യമിടുന്നത്.
കണ്ണൂരിലെത്തിയ ആശ മാൽവിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. 'കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്! മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്'- ആശ ആവേശത്തോടെ പറയുന്നു. ഇന്ത്യ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഇന്ത്യയിലെ സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനും സ്വയംപര്യാപ്തരാകാനും സാധിക്കണമെന്നാണ് ആശയുടെ ആഗ്രഹം.
നവംബർ ഒന്നിന് ഭോപ്പാലിൽ നിന്നും പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട്, കർണാടക, ഒഡിഷ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കടന്ന് ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനാണ് തീരുമാനം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയി.
കേരളത്തിലെ നാടും ഭൂപ്രകൃതിയും ഏറെ ഇഷ്ടമായെന്ന് ആശ പറയുന്നു. മൂന്ന് മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു. ഒപ്പം ജില്ലാ കലക്ടർമാരെയും, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് സംസാരിക്കും. അടുത്ത വർഷം ഡൽഹിയിലെത്തി രാഷ്ട്രപതിയെ കാണണം. മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ആശ ദേശീയ കായിക മത്സരങ്ങളിൽ അത്ലറ്റിക്സിൽ മൂന്ന് തവണ
നേട്ടം കൈവരിച്ചു.
300 ഓളം സൈക്കിൾ റൈഡുകൾ പൂർത്തിയാക്കി. ദിവസം 250 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിക്കും. വീട്ടിൽ അമ്മയും അനിയത്തിയുമാണുള്ളത്. 12 വയസ്സ് മുതൽ കായിക രംഗത്തുണ്ട്. സാഹസികത ഏറെ ഇഷ്ടമാണ്. യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലാണ് ഈ 24 കാരി.




