തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജുമായി ആശാവര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കടുപ്പിക്കാന്‍ തീരുമാനം. ഇന്ന് രാവിലെ 11 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. വ്യാഴാഴ്ച മുതല്‍ എം.എം.ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം ആരംഭിക്കും. നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി. നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. നിയമസഭയില്‍ മന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച. സമരം നിരാഹാരത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന് മേല്‍ സമ്മദ്ദമേറും. അതിലാണ് സമരക്കാരുടെ പ്രതീക്ഷ. എന്നാല്‍ ഓണറേറിയം കൂട്ടുന്നതില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രി ഡല്‍ഹിക്ക് തിരിച്ചു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ വീണാ ജോര്‍ജ് കാണും. ഈ കൂടിക്കാഴ്ചയും ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിര്‍ണ്ണായകമാകും.

ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചര്‍ച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചിരുന്നു. വേനല്‍ മഴയിലും തളരാത്ത ആശാ സമരവീര്യം 39-ാം ദിവസം നിരാഹാരത്തിലേക്ക് കടക്കുകയാണ്. നിരാഹാരം ഇരുന്ന് ശീലമെങ്കിലും നിശ്ചയദാര്‍ഢ്യമാണ് ഷീജയ്ക്കും തങ്കമണിയുടെ കൈമുതല്‍. പുതുക്കുറിച്ചി സ്വദേശിയായ ഷീജയ്ക്ക് മൂന്നുമക്കളാണ്. വീട് വച്ചതിന്റെ വായ്പാ കഴിഞ്ഞമാസം മുടങ്ങി. എല്ലാ പ്രതീക്ഷയും ഈ സമരത്തിലാണ്. തൃക്കണാപുരത്തുകാരിയായ തങ്കമണി സമരം തുടങ്ങിയത് മുതല്‍ സെക്രട്ടേറിയറ്റിന് മുന്‍പിലാണ്. വിജയം കെയ്‌തേ മടങ്ങുവെന്ന ഉറപ്പിച്ചിരിക്കുകയാണ് തങ്കമണി. അതേസമയം, ആശാവര്‍ക്കര്‍മാര്‍ക്ക് പിന്നാലെ സമരത്തിലേക്ക് കടന്ന അങ്കണവാടി അധ്യാപകര്‍, വര്‍ക്കേഴ്‌സ് എന്നിവരുടെ പ്രശ്‌നങ്ങള്‍ ഇന്ന് നിയമസഭയില്‍ ഉയരും. പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. തുഛമായ വേതനം, അങ്കണവാടികള്‍ നടത്തുന്നതിലെ പ്രായോഗിക പ്രയാസങ്ങള്‍, പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഭാവം എന്നിവ ഉയര്‍ത്തിയാവും പ്രതിപക്ഷം വിഷയം ചര്‍ച്ചയാക്കുക. ഇതില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ണ്ണായകമാകും. സന്നദ്ധപ്രവര്‍ത്തകരെന്ന നിലയില്‍നിന്ന് ഒഴിവാക്കി ആശമാരെ ജീവനക്കാരായി അംഗീകരിക്കണമെന്നും മാനദണ്ഡത്തില്‍ മാറ്റം വരുത്തണമന്നും ആവശ്യപ്പെട്ട് ഈയാഴ്ചകേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ഇന്‍സെന്റീവ് വര്‍ധനയും ആവശ്യപ്പെടുമെന്നും വീണ പറഞ്ഞിട്ടുണ്ട്. ഇതേ കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലും ഉയര്‍ത്തും.

ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അനുഭാവപൂര്‍വമായ സമീപനമെന്ന് മന്ത്രി വീണാ ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. 2023-24 സാമ്പത്തിക വര്‍ഷം കേന്ദ്രം ഒറ്റരൂപ തരാഞ്ഞിട്ടും ഓണറേറിയം വിതരണം ധനവകുപ്പ് മുടക്കിയിട്ടില്ല. ഓണറേറിയം വര്‍ധിപ്പിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ല. ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് അഭിപ്രായം. സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു, എസ്യുസിഐ നേതൃത്വത്തില്‍ സമരം ആരംഭിച്ച് നാലാംദിനം എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ആശമാരുമായി ചര്‍ച്ച നടത്തി. ഫെബ്രുവരി 15ന് നേരിട്ട് ചര്‍ച്ച നടത്തി. ബുധനാഴ്ച നടന്നത് രണ്ടാംചര്‍ച്ചയാണ്. സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് അഭ്യര്‍ഥിച്ചു. ആശമാര്‍ക്ക് സംസ്ഥാനം 7000 രൂപ ഓണറേറിയമാണ് നല്‍കുന്നത്. കേന്ദ്രം നല്‍കുന്ന 3000 രൂപ ഫിക്‌സഡ് ഇന്‍സെന്റീവില്‍ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവും നല്‍കുന്നു. ഓരോ സേവനത്തിനുമുള്ള ഇന്‍സെന്റീവ് 60: 40 അനുപാതത്തിലാണ്. 2006ല്‍ കേന്ദ്രം തീരുമാനിച്ച തുകയാണ് ഇന്‍സെന്റീവായി നല്‍കുന്നത്.

ഫെബ്രുവരി ആദ്യവാരം ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നടത്തിയ സമരത്തിന്റെ ഭാഗമായും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച വിജ്ഞാപനം പുതുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചു. ഇക്കാര്യം എസ്യുസിഐ പ്രതിനിധികളോട് പറഞ്ഞെങ്കിലും സമരം തുടര്‍ന്നു. സംസ്ഥാനത്തെ 26,125 ആശമാരില്‍ 450 പേരാണ് സമരത്തിലുള്ളത്. 13,000 ആശമാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒന്നര വര്‍ഷമായി ഇതിനായി കേന്ദ്രവുമായി ബന്ധപ്പെടുന്നു. ആശമാര്‍ക്ക് മികച്ച ജീവിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടിയും എടുക്കുന്നുണ്ട്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലിയെന്നും തെറ്റായ പ്രചാരണമുണ്ട്. ദേശീയ മാനദണ്ഡപ്രകാരമല്ലാത്ത ജോലി ആശമാര്‍ ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.