തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെയും കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കാരങ്ങളെയും പ്രശംസിച്ച് ഡോ. ആശ ഉല്ലാസ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. കേരളത്തിന്റെ നിധിന്‍ ഗഡ്കരിയാണ് ഗതാഗത മന്ത്രിയെന്ന് ഡോ. ആഷ ഉല്ലാസ് അഭിപ്രായപ്പെട്ടു.

മന്ത്രിയുടെ കാഴ്ചപ്പാടുകള്‍ മികച്ചതാണെന്നും, 45 മിനിറ്റോളം സ്വന്തം വകുപ്പിനെക്കുറിച്ച് സംശയമില്ലാതെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേട്ട് മതിമറന്നുപോയെന്നും അവര്‍ കുറിച്ചു. വകുപ്പില്‍ പ്രാവീണ്യവും അഗാധമായ അറിവും ചെയ്യുന്ന കാര്യങ്ങളില്‍ ഉറച്ച വിശ്വാസവുമുള്ള മന്ത്രിയുടെ ഇടപെടലുകള്‍ കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ മന്ത്രിയുടെ ശ്രദ്ധ പതിയാറുണ്ട്. ഒരിക്കല്‍, പ്രായമായ ഒരമ്മയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ചവിട്ടുപടി കയറാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍, അടുത്തതായി ഇറക്കുന്ന എല്ലാ ബസ്സുകളുടെയും ചവിട്ടുപടി താഴ്ത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പഠിക്കാനുമുള്ള സന്നദ്ധതയാണ് ഇത് കാണിക്കുന്നത്.

കോടികളുടെ നഷ്ടത്തില്‍ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലേക്ക് അടുപ്പിക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്തത് അത്ര എളുപ്പമുള്ള കാര്യമല്ല. നടപ്പാക്കാന്‍ സാധ്യമല്ലാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ച മന്ത്രിയാണ് ഗണേഷ് കുമാര്‍. പൊതുഗതാഗതം മികച്ചതാകുന്നത് അഭിമാനകരമായ വളര്‍ച്ചയാണെന്നും, ഏത് മുന്നണി ഭരിച്ചാലും അടുത്ത തവണയും ഗണേഷ് കുമാര്‍ തന്നെ ഗതാഗത മന്ത്രിയാകണമെന്നും ഡോ. ആശ ഉല്ലാസ് കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള മന്ത്രിയുടെ ശ്രമങ്ങള്‍ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

ഡോ.ആഷ ഉല്ലാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ നിധിന്‍ ഗഡ്കരി ആണ് ശ്രീ കെ.ബി ഗണേഷ് കുമാര്‍. ഇദ്ദേഹത്തിന്റെ വിഷന്‍ അത് വേറെ ലെവല്‍ ആണ്. 45 മിനിറ്റ് സ്വന്തം വകുപ്പിനെ കുറിച്ച് ലെവലേശം സംശയമില്ലാതെ ഇത്രയേറെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേട്ടിരുന്നു പോയി.

A Man With Proper vision. Hats off

kudos to Mr. K. B Ganeshkumar

വകുപ്പില്‍ പ്രാവീണ്യവും അഗാധമായ അറിവും ചെയ്യുന്ന കാര്യങ്ങളില്‍ ഉറച്ച വിശ്വാസവും ഉള്ള മികച്ച കാര്യശേഷി ഉള്ള മന്ത്രി.

എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്തി വിവിധ ഭാഗങ്ങള്‍ പഠിച്ച് കൃത്യമായ ഹോംവര്‍ക്കുകള്‍ നടത്തിയാണ് ബഹുമാനപ്പെട്ട മന്ത്രി മുന്നോട്ടുപോകുന്നത്. താങ്കളുടെ ആശയങ്ങള്‍ പരിഷ്‌കാരങ്ങള്‍ സ്വപ്നങ്ങള്‍ ഫലം കാണുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്.

പണ്ടൊരു പ്രായമായ ഒരു അമ്മ കെഎസ്ആര്‍ടിസി ബസിന്റെ ചവിട്ടുപടിക്ക് ഉയര കൂടുതല്‍ ആയതുകൊണ്ട് കയറാന്‍ പറ്റുന്നില്ല മോനേ എന്ന് ഇദ്ദേഹത്തോട് പറഞ്ഞു. അടുത്ത പ്രാവശ്യം പുതുതായി ഇറക്കിയ എല്ലാ വണ്ടിയുടെയും ചവിട്ടുപടി താഴ്ത്തി വെക്കാന്‍ ഇദ്ദേഹം ഓര്‍ഡര്‍ ഇട്ടു.

ജനങ്ങളെ കേള്‍ക്കാനും പഠിക്കാനും ഉള്ള മനസ്സ്. സാധാരണക്കാരന്റെ കൂടെ സഞ്ചരിച്ച് ജനങ്ങളുടെ പള്‍സ് അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിയു.

ഇതുപോലെ ദീര്‍ഘവീക്ഷണത്തോടും നിസ്വാര്‍ത്ഥമായും ആത്മാര്‍ത്ഥമായും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുകയും കാര്യങ്ങള്‍ പഠിച്ച് എല്ലാവരെയും പരിഗണിച്ച് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന മന്ത്രി ഗതാഗത വകുപ്പിന്റെ ഭരണചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം.

ഏതു മുന്നണി ഭരിച്ചാലും ഏതു പാര്‍ട്ടി ഭരിച്ചാലും താങ്കള്‍ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം. കെഎസ്ആര്‍ടിസി ഒരുകാലത്തും രക്ഷപ്പെടില്ല, സ്വകാര്യവല്‍ക്കരിക്കണം എന്നൊക്കെ മുറവിളി ഉയരുന്ന സമയത്ത് കോടികള്‍ നഷ്ടത്തില്‍ ഓടിയിരുന്ന ഒരു സ്ഥാപനത്തെ ലാഭത്തോട് അടുത്ത് എത്തിക്കുക, കൈപിടിച്ചുയര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഒരു നാടിന്റെ പൊതു സ്വത്താണ് പൊതുഗതാഗതം. അത് മികച്ചതായി മാറുന്നു അല്ല മാറ്റപ്പെടുന്നു. അഭിമാനകരമായ വളര്‍ച്ച.... നടപ്പാക്കാന്‍ പറ്റാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചു. മന്ത്രി പറഞ്ഞ ഒരു കാര്യം 100% ശരിയാണ് കെഎസ്ആര്‍ടിസി രക്ഷപ്പെടണമെങ്കില്‍ നന്നാവണമെങ്കില്‍ ഇപ്പോള്‍ നന്നാവണം അതിന് ജീവനക്കാരും കൂടി വിചാരിക്കണം. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്റെ കുടുംബത്തിന്റെയും അന്നമാണ് എന്ന ആത്മാര്‍ത്ഥമായ ബോധം അവര്‍ക്കും ഉണ്ടാകണം.

പ്രതീക്ഷ പകരുന്ന വാക്കുകള്‍. സ്വന്തം പൈസ പോലെ സര്‍ക്കാര്‍ പൈസയെ കാണുമ്പോള്‍ ആത്മാര്‍ത്ഥമായി പണിയെടുക്കാന്‍ കഴിയും. ഇതൊക്കെ ഒരു പൊതു മുതലാണ് എന്നൊരു സാമൂഹ്യബോധം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകണം. പെരുമാറ്റം മാറണം, ആരും ആരുടെയും മുകളിലല്ല എന്ന മനോഭാവമാണ് വേണ്ടത്.

സര്‍ക്കാരിനും മന്ത്രിക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മാത്രമല്ല നമ്മുടെ പൊതുസമൂഹം കൂടി ആ കാര്യത്തില്‍ ഉത്തരവാദിത്വം പുലര്‍ത്തണം. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുള്ളതാണ്.....ഗുണകരമായ മാറ്റങ്ങള്‍ പലപ്പോഴും തുടര്‍ച്ചയാകുന്നില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പരാജയം അത് നിലനിര്‍ത്താന്‍ സാധിക്കണം.

പുത്തന്‍ ആശയങ്ങളും സാങ്കേതികവിദ്യയും കൂട്ടിയിണക്കി സമയബന്ധിതമായ പദ്ധതികള്‍ നടപ്പിലാക്കി നല്ല സേവനം നല്‍കിയാല്‍ യാത്രക്കാരും ജനങ്ങളും ഒരുപോലെ കൈകള്‍ നല്‍കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും വണ്ടി ഫുള്‍ വാഷ് ചെയ്യാനുള്ള സംവിധാനം അതിനുള്ള മെഷീന്‍ എല്ലാ ഡിപ്പോയിലും ഉണ്ടാകണം.

ദീര്‍ഘദൂര ബസ്സിലെ ജീവനക്കാര്‍ക്ക് ഉറങ്ങാന്‍ ഒരു മുറി അല്ലെങ്കില്‍ ഡോര്‍മെട്രി പോലുള്ള സൗകര്യം എല്ലാ ഡിപ്പോകളിലും വേണം. നിലവില്‍ ബസ് രാത്രി എത്തി പുലര്‍ച്ചെ പുറപ്പെടുന്ന ബസുകളിലെ കണ്ടക്ടര്‍ ഡ്രൈവര്‍മാര്‍ ബസ്സില്‍ തന്നെ കൊതുകു വലയും കെട്ടി ഉറങ്ങുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. അത് മാറണം. അവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക തന്നെ വേണം.

ദീര്‍ഘദൂര വോള്‍വോ ഇന്റര്‍‌സ്റ്റേറ്റ് ബസുകളില്‍ ബയോ ടോയ്‌ലറ്റ് കൂടി കൊണ്ടുവരണം. യാത്രക്കാര്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് വൃത്തിയുള്ള ടോയ്‌ലറ്റിന്റെ അഭാവമാണ്. ഡിപ്പോകളിലും നാറ്റം ഇല്ലാത്ത ടോയ്‌ലറ്റുകള്‍ വേണം ക്ലീനിങ്ങിന് കൃത്യമായി ആളെ വെക്കണം.

ട്രെയിന്‍ സ്റ്റാറ്റസ് പോലെ ബസുകളുടെ കൃത്യമായ ഓണ്‍ലൈന്‍ റണ്ണിങ് ട്രാക്കിംഗ് സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ സാധിച്ചാല്‍ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ചിത്രത്തിലുള്ള വണ്ടിയുടെ ഡിസൈന്‍ ഗംഭീരമായിട്ടുണ്ട്. അടുത്ത തവണ ഡിസൈന്‍ കോമ്പറ്റീഷന്‍ വെച്ച് ജനങ്ങള്‍ക്കും ഡിസൈന്‍ ചെയ്യാന്‍ അവസരം നല്‍കിയാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ജനകീയമാവും.

ചെറിയ സര്‍വീസ് ആണെങ്കിലും വലിയ കളക്ഷന്‍ നേടിത്തരുന്ന റൂട്ടുകള്‍ ഉണ്ട്. ഗ്രാമീണ ഇടറോഡുകളില്‍ നിര്‍ത്തലാക്കിയ ട്രിപ്പുകള്‍ പുനരാരംഭിക്കണം പലതുള്ളി പെരുവെള്ളം എന്നല്ലേ.... എല്ലാ ഡിപ്പോകളിലും നല്ല ക്വാളിറ്റി ഫുഡ് കൊടുക്കാന്‍ ചെറിയ കാന്റീനുകള്‍ ഉള്‍പ്പെടുത്തണം.കുടുംബശ്രീ പോലുള്ള യൂണിറ്റുകള്‍ക്ക് ടെന്‍ഡര്‍ കൊടുക്കണം.

എല്‍ഇഡി ഡിജിറ്റല്‍ ബോര്‍ഡ് നല്ലതാണ്. പക്ഷേ പ്രായമുള്ളവര്‍ വഴി വായിക്കുമ്പോഴേക്കും ബസ് അതിന്റെ വഴിക്ക് പോയിട്ടുണ്ടാവും. അതുകൊണ്ട് താഴെ നെയിംബോര്‍ഡ് കൂടെ വെക്കണം.

പ്രൈവറ്റ് സ്ഥാപനങ്ങളിലുള്ള പോലെ ഓവര്‍ടൈം ബോണസ്, ടാര്‍ഗറ്റ്, ഫൈന്‍ കൊണ്ടുവന്നാല്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിക്കും.

ജീവനക്കാര്‍ കഞ്ചാവ്, മദ്യം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ സസ്പെന്‍ഷന്‍ അല്ല സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചു വിട്ടേക്കണം.

മികച്ച മുന്നേറ്റം, പോസിറ്റീവ് ആയ വാര്‍ത്തകളാണ് വരുന്നത്. തീര്‍ച്ചയായും ഒരു നല്ല നാളെ കെഎസ്ആര്‍ടിസിയെ കാത്തിരിക്കുന്നുണ്ട്.

KSRTC ലാഭത്തില്‍ എന്ന വാര്‍ത്ത ഉടന്‍ തന്നെ കേരളം കേള്‍ക്കും.

പ്രിയപ്പെട്ട മന്ത്രിക്കും കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍