- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാ വർക്കർമാരുടെ 'പ്രിലിമിനറി' യോഗം സിപിഎമ്മിന്റെ ഓഫീസിന്റവിടെ; 'മെയിൻ' യോഗം പിന്നീട് പഞ്ചായത്ത് ഓഫീസിൽ; എല്ലാവരും പങ്കെടുക്കണമെന്ന് ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റിന്റേതെന്ന പേരിൽ ശബ്ദസന്ദേശം വൈറൽ; പഞ്ചായത്ത് ഓഫീസിൽ കൂടേണ്ട യോഗം പാർട്ടി ഓഫീസിലെന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷം
അടൂർ: പഞ്ചായത്ത് ഓഫസിലോ സർക്കാരിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചോ ചേരേണ്ട ആശാ വർക്കർമാരുടെ യോഗം പാർട്ടി ഓഫീസിൽ വച്ച് നടത്തുന്നു. യോഗത്തിൽ പങ്കെടുക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന തരത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റേതെന്ന് പറയുന്ന ശബ്ദ സന്ദേശം വൈറൽ.
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ്.ആശയുടേതാണ് ശബ്ദസന്ദേശമെന്ന് ആശാ വർക്കർമാരും പ്രതിപക്ഷവും സ്ഥിരീകരിച്ചു. ആശാ വർക്കർമാരുടെ ഗ്രൂപ്പിലിട്ട വാട്സാപ്പ് സന്ദേശമാണ് ചോർന്ന് വൈറൽ ആയിരിക്കുന്നത്. വെള്ളിയാഴ്ച (ഇന്ന്) നടക്കുന്ന യോഗത്തെക്കുറിച്ച് ഇന്നലെയാണ് ശബ്ദസന്ദേശം ഇട്ടിരിക്കുന്നത്.
നമ്മുടെ ആശാവർക്കർമാരുടെ ശ്രദ്ധയ്ക്ക്. നാളെ രണ്ടു മണിക്ക് നമ്മുടെ ഏഴംകുളത്തു സിപിഎം പാർട്ടി ഓഫീസിന്റവിടെ വച്ച് മുഴുവൻ ആശാവർക്കർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. എല്ലാവരും കൃത്യസമയത്ത് അവിടെ എത്തിച്ചേരണം. നാളത്തെ മീറ്റിങ് കഴിഞ്ഞിട്ട് തൊട്ടടുത്ത ദിവസം നമുക്ക് പഞ്ചായത്തിൽ ഞാൻ ഉച്ച കഴിഞ്ഞ് മീറ്റിങ് വിളിക്കാം.
ഉച്ച കഴിഞ്ഞ് മീറ്റിങ് വിളിക്കുന്നത് എന്തിനെന്ന് വച്ചാൽ രാവിലത്തെ നിങ്ങളുടെ ഡ്യൂട്ടിയും മറ്റും കഴിയട്ടെന്ന് പറഞ്ഞാണ്. അതു കൊണ്ട് എല്ലാ ആശാവർക്കർമാരും സഹകരിച്ചേ പറ്റത്തുള്ളൂ. വരാത്തവർക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. ആർക്കും പരിഗണനയൊന്നുമില്ല. 20 വാർഡിൽ നിന്നും ആശാവർക്കർമാരുണ്ട്. അത്രയും ആശാ വർക്കർമാരും അവിടെ എത്തിച്ചേരണം എന്നാണ് ശബ്ദസന്ദേശം.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഏഴംകുളം പഞ്ചായത്ത് ഭരിക്കുന്നത്. സിപിഎം കൊടുമൺ ഏരിയാ കമ്മറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത് വല്യാംകുളത്തേക്ക് പോകുന്ന വഴിക്കാണ്. ആ പാർട്ടി ഓഫീസിനെ കുറിച്ചാണ് പ്രസിഡന്റിന്റെ പരാമർശം. അതേ സമയം, പ്രതികരണവുമായി മറ്റ് പാർട്ടിക്കാരും രംഗത്ത് വന്നു.
ഏഴംകുളത്തെ എല്ലാ ആശാവർക്കർമാരും കമ്യൂണിസ്റ്റിന്റെ അടിമകളല്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി കൈയിൽ വച്ചിരുന്നാൽ മതിയെന്നാണ് മറ്റുള്ളവരുടെ പ്രതികരണം. അതേ സമയം, വിഷയവുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കാൾ എടുത്തിട്ടില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്