ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു. കേരളത്തിനുള്ള എല്ലാ കുടിശികയും നല്‍കിയെന്നും കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. ഇതോടെ കേരളമാണോ കേന്ദ്രമാണോ സത്യം പറയുന്നതെന്ന സംശയവും ശക്തമായി.

കേന്ദ്രം നല്‍കാനുള്ള വിഹിതം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചതിനുള്ള വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും ആരോഗ്യ മേഖലയിലെ നേട്ടങ്ങളില്‍ അവര്‍ക്കു പങ്കുണ്ടെന്നും നഡ്ഡ അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ പി. സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന. സിപിഐയുടെ നേതാവാണ് സന്തോഷ് കുമാര്‍. കഴിഞ്ഞ ദിവസം ബിജെപി പ്രതിനിധിയും ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ആരോഗ്യമന്ത്രി നല്‍കിയ മറുപടിയും ആശമാര്‍ക്ക ആശ്വാസമാണ്. രാജ്യത്തുടനീളമുള്ള ആശമാര്‍ക്ക് തിരുവനന്തപുരത്തിന്റെ സമരം ഗുണകരമായി മാറുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകളിലുള്ളത്.

ആശാ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമോയെന്നാണ് സന്തോഷ് കുമാര്‍ എംപി ചോദിച്ചത്. ഇതിനു മറുപടിയായി, എന്‍എച്ച്എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചു. ആശാവര്‍ക്കര്‍മാരുടെ ശമ്പളം 21,000 രൂപയായി വര്‍ധിപ്പിക്കുക, ആശ വര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഫെബ്രുവരി 10 മുതലാണ് കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ചത്. പലതവണ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ചനടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. സമരം തുടങ്ങി പതിനെട്ടാം ദിവസം ജനുവരിയിലെ ഓണറേറിയം കുടിശ്ശികയും മൂന്നുമാസത്തെ ഇന്‍സെന്റീവിലെ കുടിശ്ശികയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയാണ് തീര്‍ത്തത്.

ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തു. ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13,000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9,400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.

സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ 120 കോടി രൂപ കേരളത്തിന് നല്‍കിയതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നുമാണ് നഡ്ഡ പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കിയത്. സമാന മറുപടിയാണ് രാജ്യസഭയില്‍ മന്ത്രി നല്‍കുന്നത്. ഇത് തെറ്റാണെങ്കില്‍ സിപിഐ, സിപിഎം പ്രതിനിധികള്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനാകും. ഒരു മാസമായി സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ കേരള എംപിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ലോക്‌സഭയിലെ ശൂന്യവേളയില്‍ മാത്രം ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് ഈ വിഷയത്തില്‍ സംസാരിച്ചത്. വി.കെ.ശ്രീകണ്ഠന്‍ മലയാളത്തിലാണു പ്രസംഗിച്ചത്.

ആശാ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ചെളിവാരിയെറിയലിനെ എംപിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇവരുടെ ഓണറേറിയം 9000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുക, കുടിശിക തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എംപിമാര്‍ ഉന്നയിച്ചു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, ബെന്നി ബഹനാന്‍, കെ.സുധാകരന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, വി.ശിവദാസന്‍ തുടങ്ങിയവര്‍ നോട്ടിസ് നല്‍കുകയും ചെയ്തു.