- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; വര്‍ധന 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി; വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തി; ഇന്‍സെന്റീവില്‍ മാറ്റമില്ല; കേരള സര്‍ക്കാര്‍ അവഗണിച്ച ആശമാരുടെ സമരം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആശ്വാസം ലഭിക്കുന്നത് പതിനായിരങ്ങള്‍ക്ക്
ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞ ആശമാരുടെ സമരത്തിന് താല്‍ക്കാലികമായി ആശ്വാസം നല്‍കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു കൊണ്ട് തീരുമാനമായി. 2,000 രൂപയില്‍ നിന്ന് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തി. അതേസമയം, നിലവിലുള്ള ടീം ബേസ്ഡ് ഇന്‍സെന്റീവ് പരമാവധി 1,000 രൂപയായി തുടരും. ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ മാത്രമേ ആശമാര്‍ക്ക് കാര്യമായ ഗുണം ലഭിക്കുകയുള്ളൂ. എങ്കിലും ഇപ്പോഴത്തെ തീരുമാനം അവര്‍ക്ക് ആശ്വാസം പകരുന്നതാണ്.
മാര്‍ച്ചില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എന്നും ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് ലോക്‌സഭയെ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനാണ് മറുപടി. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ ഓണറേറിയം കൂട്ടാമെന്നായിരുന്നു മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നത്. നിലവില്‍ ഇന്‍സെന്റീവ് കേന്ദ്രം വര്‍ധിപ്പിച്ചിട്ടില്ലെന്നതാണ് വസ്തുത.
2007 മുതലാണ് കേരളത്തില്‍ ആശാ പദ്ധതി നടപ്പിലാക്കി വരുന്നത്. സാമൂഹിക ബോധവല്‍ക്കരണവും ആരോഗ്യാവബോധവും സൃഷ്ടിക്കുക, ഗര്‍ഭകാല ശുശ്രൂഷയും ടിടി,അയണ്‍, ഫോളിക് ആസിഡ് എന്നിവും ഗര്‍ഭിണികള്‍ക്ക് ലഭ്യമാക്കുക, ജനനീസുരക്ഷാ യോജനയുെട പ്രയോജനം ലഭ്യമാക്കുക, കുട്ടികളുടെ ജനന റജിസ്‌ട്രേഷന്‍, പ്രതിരോധ ചികില്‍സ തുടങ്ങിയവയില്‍ സഹായിക്കുക എന്നിയാണ് ആശമാരുടെ ചുമതലകള്‍.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌കീം വര്‍ക്കര്‍മാരെ, തൊഴിലാളികളായി അംഗീകരിക്കണമെന്നതാണ് ആശമാര്‍ ആവശ്യപ്പെടുന്നത്. എസ്യുസിഐയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയതോടയാണ് ഈ വിഷയം ചര്‍ച്ചയായതും. വി എസ് സര്‍ക്കാരിന്റെ കാലത്താണ് ആശമാര്‍ക്ക് ആദ്യമായി ഓണറേറിയമായി 300 രൂപയും ഉത്സവബത്ത 500 രൂപയും അനുവദിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 700 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരാണ് 7000 രൂപയാക്കി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ കുറഞ്ഞത് 10,000 മുതല്‍ 15,000 രൂപവരെ വാങ്ങുന്നവരുണ്ട്.
ആശമാര്‍ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാറാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. 26448 ആശാവര്‍ക്കാര്‍മാരാണ് സംസ്ഥാനത്താകെയുള്ളത്. ഓണറേറിയവും ഇന്‍സെന്റീവുമായി ഒരു ആശാവര്‍ക്കര്‍ക്ക് ലഭിക്കുക മാസം പതിനായിരം രൂപ. ഇതില്‍ ഏഴായിരം രൂപ ഓണറേറിയം നല്‍കുന്നത് സംസ്ഥാനമാണ്. ഇന്‍സെന്റീവായി നല്‍കുന്ന 3000 രൂപ കേരളവും കേന്ദ്രവും കൂടിയാണ്. 1400രൂപ കേരളവും 1600 രൂപ കേന്ദ്രവും. എല്ലാ ആശമാര്‍ക്കും പതിനായിരം ലഭിക്കില്ല. വാക്സിനേഷന്‍ അടക്കം ഓരോ സേവനത്തിനും പ്രത്യേകം ഇന്‍സെന്റീവ് ആണ്. അങ്ങനെ നോക്കിയാല്‍ 13000 രൂപവരെയാണ് ആശമാരുടെ ഏറ്റവും കൂടിയ വേതനം.
ഈ തുക എല്ലാ മാസവും കൃത്യമായി കിട്ടുന്ന സാഹചര്യവുമില്ല. അതായത് ആകെ ലഭിക്കുന്ന ചെറിയ വേതനവും കൃത്യസമയത്ത് ലഭിക്കില്ലെന്ന് സാരം. സംസ്ഥാനം പറയും കേന്ദ്രം തുക തന്നില്ലെന്ന്. കേന്ദ്രം പറയും സ്ംസ്ഥാനം കൊടുക്കുന്നില്ലെന്ന്. രണ്ടായാലും നഷ്ടം ആശമാര്‍ക്ക്. ഈ അവസരത്തിലാണ് മുടങ്ങിക്കിടക്കുന്ന കുടിശ്ശിക തന്നു തീര്‍ക്കുക, ഓണറേറിയം ഏഴായിരത്തില്‍ നിന്ന് 21000 ആക്കി ഉയര്‍ത്തുക, വിരമിക്കുന്ന ആശമാര്‍ക്ക് അഞ്ച് ലക്ഷം രൂപയെങ്കിലും നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശമാര്‍ സമരം തുടങ്ങിയത്.
ഏതാണ്ട് 500 ആശമാര്‍ അണിനിരന്ന സമരം സംസ്ഥാന സര്‍ക്കാറിന് വലിയ തലവേദനയായരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയമായതോടെ സമരം രണ്ടാം ഘട്ടമെന്നോണം ആശമാര്‍ നിരാഹാരസമരത്തിലേക്കും കടന്നിരുന്നു. ആശമാര്‍ കേന്ദ്രപദ്ധതിയുടെ ഭാഗമാണെന്നും ആശമാരെ തൊഴിലാളികളായി കാണുന്ന കാര്യത്തില്‍ തീരുമാനം വരേണ്ടത് ദേശീയ തലത്തില്‍നിന്നാണെന്നും സര്‍ക്കാര്‍ പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെത്തിയെങ്കിലും കേന്ദ്രമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായില്ല.