- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ആഷ്ഫോര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മലയാളി നഴ്സ് പൊരുതി കീഴടങ്ങി; പരാജയം വെറും ആറു വോട്ടിന്; കഴിഞ്ഞ തവണ തോറ്റത് പത്തു വോട്ടിന്; സോജന്‍ ജോസഫിന് പിന്‍ഗാമിയായി റീന മാത്യു എത്തും എന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി ആയെങ്കിലും ഈ പോരാട്ട വീര്യം മലയാളികള്‍ ഏറ്റെടുക്കും
ബ്രിട്ടനിലെ ഉപതിരഞ്ഞെടുപ്പില്‍ മലയാളി നഴ്സ് പൊരുതി കീഴടങ്ങി
കവന്‍ട്രി: വ്യാഴാഴ്ച രാത്രി പത്തു മണിക്ക് വോട്ടെണ്ണലിന് ശേഷം ഫലം എണ്ണി പ്രഖ്യാപിക്കുമ്പോള്‍ ആഷ്ഫോര്‍ഡ് കൗണ്‍സിലിലെ എയ്ല്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സടൗര്‍ വാര്‍ഡിലെ വിജയം മലയാളി സ്ഥാനാര്‍ത്ഥി റീന മാത്യുവിന് നഷ്ടമായത് കപ്പിനും ചുണ്ടിനും എന്ന നിലയിലാണ്. വെറും ആറു വോട്ടിനാണ് റീന പൊരുതി തോറ്റത്. രണ്ടംഗങ്ങള്‍ വേണ്ട ഈ വാര്‍ഡ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം ഇപ്പോള്‍ എംപിയായ സോജന്‍ ജോസഫിന് ഒപ്പം മത്സരിക്കുമ്പോള്‍ വെറും പത്തു വോട്ടിനാണ് റീന തോല്‍വി ഏറ്റുവാങ്ങിയത്.
ഇപ്പോള്‍ സോജന്‍ കൗണ്‍സിലര്‍ സ്ഥാനം രാജി വച്ച ഒഴുവില്‍ റീന വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ഭാഗ്യം കൂടെ നിന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ തോല്‍ക്കാന്‍ തയാറില്ലാത്ത ഒരു പോരാളിയെയാണ് മലയാളി സമൂഹത്തിനു ഈ മത്സരത്തിലൂടെ ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരം ഒരു കൗതുകം എന്ന നിലയില്‍ വിലയിരുത്താമെങ്കില്‍ ഇപ്പോള്‍ രണ്ടാം വട്ടം മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ റീനയില്‍ ഉരുകി രാകിയെടുത്ത ഒരു രാഷ്ട്രീയക്കാരിയുടെ കെട്ടും മട്ടും പ്രകടമാണ്. രണ്ടു വട്ടം തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഒട്ടേറെ അനുഭവങ്ങളുമായാണ് റീന ആഷ്ഫോര്‍ഡ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മാനേജര്‍ ജോലിയിലേക്ക് മടങ്ങി എത്തുക.
പോരാട്ടവീര്യം പ്രകടമാക്കി റീന, ആറു വോട്ടില്‍ മലയാളികള്‍ക്ക് നഷ്ടമായത് കൗണ്‍സിലറെ
ആഴ്ചകളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെ മലയാളി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവും സമയവും ഉള്ള ഒരു പോരാളിയെയാണ് ഈ ഉപതിരഞ്ഞെടുപ്പ് സമ്മാനിച്ചത് എന്ന് വ്യക്തം. മാത്രമല്ല രണ്ടു വട്ടം മത്സരിക്കാന്‍ തയ്യാറായ റീനയുടെ വഴിയേ ഭാവിയില്‍ അനേകം മലയാളികള്‍ യുകെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് റീനയ്ക്ക് ലേബര്‍ പാര്‍ട്ടിയിലേക്ക് വഴി ഒരുക്കിയ സോജന്‍ ജോസഫ് എംപി അടക്കമുള്ള സജീവ രാഷ്ട്രീയക്കാര്‍ വിലയിരുത്തുന്നത്.
വെറുതെ മത്സരിക്കുകയല്ല, എതിരാളികള്‍ക്ക് എതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്ന രാഷ്ട്രീയം തീര്‍ക്കുകയാണ് ഇപ്പോള്‍ മലയാളികള്‍ എന്നും രണ്ടു വട്ടത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ റീന തെളിയിച്ചു കഴിഞ്ഞു. ലേബറിന് ഒട്ടും ശേഷിയില്ലാത്ത സീറ്റുകളിലാണ് ശക്തരായ എതിരാളികളായ കണ്‍സര്‍വേറ്റീവിനോടും ഗ്രീന്‍ പാര്‍ട്ടിയോടും റീഫോം പാര്‍ട്ടിയോടും മത്സരിച്ചു ചതുഷ്‌കോണ പോരാട്ടത്തില്‍ വിരലില്‍ എണ്ണാവുന്ന വോട്ടുകള്‍ക്ക് അടിയറവ് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. വിജയിയായ തോം പിസി 299 വോട്ട് നേടിയപ്പോള്‍ 293 വോട്ട് നേടി റീന ഒപ്പത്തിനൊപ്പം ഓടി എത്തുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ വാര്‍ഡില്‍ സോജന്‍ ജോസഫ് 332 വോട്ടുകള്‍ നേടിയാണ് ഒന്നാമനായത്. അന്ന് റീനയ്ക്ക് ലഭിച്ചിരുന്നത് 287 വോട്ടുകളാണ്. മലപ്പുറം സ്വദേശിയാണ് റീന മാത്യു.
ഇത്തവണ കുടിയേറ്റ വിരുദ്ധ പ്രചാരണവുമായി ഒരു വാര്‍ഡ് ഇലക്ഷന്‍ ആണെന്ന് പോലും മറന്നു പോയ തരത്തിലാണ് റീഫോം പാര്‍ട്ടി റീനയ്ക്ക് എതിരെ പ്രചാരണം നടത്തിയത്. ആകെ പോള്‍ ചെയ്തതില്‍ മൂന്നില്‍ ഒന്ന് വോട്ടുകള്‍ പിടിക്കാനും അവര്‍ക്കായി. ഓരോ വീടും കയറി ഇറങ്ങി കാടിളക്കിയുള്ള പ്രചാരണമാണ് എതിരാളികള്‍ റീനയ്ക്ക് എതിരെ നടത്തിയത്. എന്നിട്ടും വെറും ആറു വോട്ടുകള്‍ക്കാണ് മുഖ്യ എതിരാളിയായ ഗ്രീന്‍ പാര്‍ട്ടിയോട് റീന അടിയറവ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ സോജനൊപ്പം ജയിച്ച രണ്ടാമനും ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ ആയിരുന്നു. ഇപ്പോള്‍ വാര്‍ഡ് പൂര്‍ണമായും ഗ്രീന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുമായി.
കഴിഞ്ഞ തവണയും സോജനും റീനയും ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ ആയി മത്സരിക്കുമ്പോള്‍ ആകെ എട്ടു സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു രംഗത്തുണ്ടായിരുന്നത്. ഇവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചു സോജന്‍ വിജയിച്ചപ്പോള്‍ റീനയേക്കാള്‍ പത്തു വോട്ടിനു മുന്നിലെത്തിയ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അല്‍ അര്‍ണോള്‍ഡ് വിജയിയായി. അന്ന് 1027 വോട്ടുകളാണ് പോള്‍ ചെയ്തത്. എന്നാല്‍ ഇക്കുറി ഉപ തിരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് ചെയ്യാന്‍ എത്തിയവരുടെ എണ്ണം 80 കുറഞ്ഞു 947 ആയി മാറിയിരുന്നു.
ശക്തമായ പ്രചാരണത്തിലൂടെയാണ് ഉയര്‍ന്ന പോള്‍ നിരക്ക് ദൃശ്യമായത്. കണ്‍സര്‍വേറ്റീവിന്റെ കോട്ടയായിരുന്ന ഈ പ്രദേശത്തെ റീഫോം പാര്‍ട്ടിയുടെ വരവോടെ അവര്‍ നിറം മങ്ങുന്ന കാഴ്ചയും ഉപതിരഞ്ഞെടുപ്പില്‍ ദൃശ്യമായി. അടുത്ത പൊതു തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും റീഫോം പാര്‍ട്ടി കണ്‍സര്‍വേറ്റിവുകള്‍ക്ക് ഒപ്പത്തിനൊപ്പം ദേശീയ തലത്തില്‍ മികവ് കാട്ടും എന്ന വിലയിരുത്തലിനും ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ കാരണമാകുന്നുണ്ട്.
മലയാളികള്‍ കൂടുതലായി പ്രാദേശിക രാഷ്ട്രീയത്തില്‍ എത്താനുള്ള സാഹചര്യം പടിവാതിലില്‍
ജോലി സ്ഥലവും വീടും ആയി ഒതുങ്ങിക്കൂടിയിരുന്ന റീനയ്ക്ക് പൊതു സമൂഹത്തില്‍ ഇത്രയും ശക്തമായ സാന്നിധ്യം ആകാന്‍ കഴിയുമെങ്കില്‍ യുകെയില്‍ എങ്ങും മലയാളി സമൂഹത്തില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ മികവ് കാട്ടാനാകും എന്നാണ് തിരഞ്ഞെടുപ്പ് വിശകലനം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സോജന്‍ ജോസെഫ് എംപി അഭിപ്രായപ്പെട്ടത്. നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങള്‍ക്കായി യുകെയില്‍ വിയര്‍പ്പും പണവും സമയം പ്രയോഗിക്കുന്നവര്‍ യുകെ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ യുകെ മലയാളി സമൂഹത്തിനു വേണ്ടി വലിയ മാറ്റങ്ങള്‍ സാധ്യമാക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. യുകെയിലെ എല്ലാ പ്രധാന പാര്‍ട്ടികളിലും മലയാളികള്‍ക്ക് അര്‍ഹമായ അംഗീകാരവും ആദരവും ലഭിക്കുന്നുണ്ട് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
മലയാളികള്‍ കൂടുതലായി പ്രാദേശിക രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതലായി നമ്മുടെ ആവശ്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കും എന്നും പ്രതീക്ഷിക്കുന്നതായും സോജന്‍ കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഒട്ടേറെ ആളുകള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള സാധ്യത രൂപപ്പെടുന്നതായും അദ്ദേഹം തുടര്‍ന്നു. എവിടെയെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതിനാവശ്യമായ പിന്തുണ നല്‍കാനും താന്‍ തയ്യാറാണെന്നും റീനയെ രണ്ടാം വട്ടവും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മുഖ്യ കാരണക്കാരനായ സോജന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തില്‍ എത്തിയാലും നാം ഭിന്നത മറന്ന് ഒന്നായി നിന്നെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം എടുക്കാനാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.