- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലവെളിച്ചത്തിലെ ഗാനവിവാദം; ബാബുരാജിന്റെ കുടുംബത്തിന് മറുപടിയുമായി ആഷിക് അബു; ഗാനങ്ങൾ സ്വന്തമാക്കിയത് നിയമപരമായി തന്നെ; ഈ വിവാദം വ്യക്തിപരം; നിയമപരമായി തന്നെ നേരിടുമെന്ന് ആഷിഖ് അബു
തിരുവനന്തപുരം: എം.എസ്. ബാബുരാജിന്റെ ഗാനങ്ങൾ അനുമതിയില്ലാതെ നീലവെളിച്ചം സിനിമയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കുടുംബം നിയമനടപടിയിലേക്ക് കടന്നതിന് പിന്നാലെ വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു.എം.എസ്. ബാബുരാജിന്റെ ഗാനങ്ങൾ 'നീലവെളിച്ച'ത്തിൽ ഉപയോഗിച്ചത് പാട്ടുകളുടെ അവകാശം നിയപരമായി സ്വന്തമാക്കിയതിന് ശേഷമാണെന്ന് സംവിധായകൻ വ്യക്തമാക്കി.
ബാബുരാജിന്റെ കുടുംബത്തെ ഗാനങ്ങൾ പുനർനിർമ്മിച്ച് സിനിമയിൽ ഉപയോഗിക്കുന്ന വിവരം അറിയിച്ചുവെന്നും ആഷിക് അബു വിശദീകരിച്ചു.
വാർത്താക്കുറുപ്പിലൂടെ സംവിധായകൻ പ്രതികരണവുമായി എത്തിയത്. നിലവിലുണ്ടായിരിക്കുന്ന വിവാദം തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് അനുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒ.പി.എം. സിനിമാസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്
1964 ൽ പുറത്തിറങ്ങിയ 'ഭാർഗവീനിലയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓർക്കസ്ട്രേഷനോടു കൂടി പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്‌കരനിൽ നിന്നും, സംഗീതസംവിധായകനായ ശ്രീ. എം. എസ് ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നീതിയുക്തമായ രീതിയിൽ ഈ ഗാനങ്ങളുടെ മുൻ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിർമ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു.
ഈ അവകാശക്കൈമാറ്റ തുടർച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടർന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങൾ പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിർമ്മാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുൻ കരാർ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. (സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളിൽ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല.)
നിയമത്തിനപ്പുറം, ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞൻ ശ്രീ എം.എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങൾ പുനർനിർമ്മിച്ച് 'നീലവെളിച്ചം' സിനിമയിൽ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാൽ, അദ്ദേഹത്തിന്റെ മൂത്ത മകൾ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചിടുള്ളത്.
ഈ സാഹചര്യത്തിൽ, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി ശ്രീ എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങൾ നിരന്തരസമ്പർക്കങ്ങളിലാണ്.
ഈ വിവരങ്ങൾ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.
വിനയപൂർവ്വം,
ആഷിഖ് അബു
ഒ.പി.എം സിനിമാസ്
യശശരീരനായ ജോൺ പോളാണ് ഇത്തരമൊരു റീമേക്കിനുള്ള സാധ്യതകളേപ്പറ്റി ആലോചിച്ച് സിനിമയ്ക്ക് വേണ്ടിയുള്ള ഡോക്യുമെന്റ് ആ സമയത്ത് തയാറാക്കിയത്. ബാബുരാജിന്റെ ഭാര്യയാണ് സമ്മതപത്രം ഒപ്പിട്ടു നൽകിയത്. അത്തരത്തിൽ നിയമപരമായി അവർക്ക് വേണ്ട എല്ലാ വ്യവഹാരങ്ങളും നടത്തിയിരുന്നു. അതിനുള്ള എല്ലാ രേഖകളും അതിനുള്ളിൽ ഉണ്ട്. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. പക്ഷെ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്, അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനും ഉണ്ട്.മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ എനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചാൽ നിയമപരമായുള്ള മറുപടി കൊടുക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.
ബിജിബാലും റെക്സ് വിജയനും ചേർന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങൾ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. മധു പോൾ ആണ് കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി 'ഭാർഗവീനിലയം' റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും 'നീലവെളിച്ച'ത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ. വിൻസെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് 'നീലവെളിച്ചം' നിർമ്മിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. റോഷൻ മാത്യു, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ