തിരുവനന്തപുരം: ഒരു തവണ പിരിച്ചുവിടുകയും പിന്നീട് ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് തിരിച്ചെടുക്കുകയും ചെയ്ത പൊലീസിലെ ക്രിമിനൽ പട്ടികയിൽപ്പെട്ട എഎസ്‌ഐയെ വീണ്ടും പിരിച്ചുവിടും.

കൊച്ചി സിറ്റി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ കെ.എസ്. ഗിരീഷ് ബാബുവിനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ നോട്ടിസ് നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. അതിന് ശേഷം നടപടി എടുക്കും. കേരള പൊലീസ് ഡിപ്പാർട്‌മെന്റ് എൻക്വയറീസ് പണിഷ്‌മെന്റ് അപ്പീൽ റൂൾ 36 പ്രകാരമാണ് പിരിച്ചുവിടൽ നോട്ടിസ്. ക്രിമിനൽ ബന്ധമുള്ളവരെ പിരിച്ചുവിടാൻ തയാറാക്കിയ ആദ്യ പത്ത് പേരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഗിരീഷ് ബാബു.

മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയും 10 തവണ വകുപ്പുതല നടപടികളും നേരിട്ടയാളായ ഗിരീഷ് ബാബുവിനെതിരെ ഗുരുതര ആരോപണം വന്നതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ നാലിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി വിജയ് സാഖറേക്കു നൽകിയ അപ്പീലിനെത്തുടർന്നു തിരിച്ചെടുത്തു. പിരിച്ചുവിടലിൽ ഇളവുനൽകി രണ്ട് ഇൻക്രിമെന്റ് റദ്ദാക്കലായി നടപടി ചുരുക്കി.

ഇതു കഴിഞ്ഞ് മൂന്ന് തവണ കൂടി ക്രിമിനൽ ഇടപാടുകളിൽ വകുപ്പുതല നടപടി നേരിട്ടു. ബേപ്പൂർ തീരദേശ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പി.ആർ. സുനു, തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാബന്ധം കണ്ടെത്തിയ മറ്റു മൂന്നു പേരെയുമാണ് കഴിഞ്ഞമാസം പിരിച്ചുവിട്ടത്.