- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കാനാവില്ല; മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് അങ്ങനെ സംഭവിക്കാൻ പാടില്ല; വിചാരണയിലൂടെ തെളിയിക്കണം; ഏഷ്യാനെറ്റ് ജീവനക്കാരുടെ മുൻകൂർ ജാമ്യവിധിയിൽ കോടതിയുടെ സുപ്രധാന പരാമർശങ്ങൾ
കോഴിക്കോട്: പി വി അൻവർ നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർ അഴിയെണ്ണുന്നത് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സൈബർ സഖാക്കൾ കുറച്ചു ദിവസങ്ങളായി. ഭരണപക്ഷ എംഎൽഎയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇവർക്കെതിരെ സൈബർ ആക്രമണവുമാണ് നടന്നത്. എന്നാൽ ഇവരുടെ ആഗ്രഹത്തെ അമ്പേ തള്ളുന്നാണ് ഏഷ്യാനെറ്റ് കേസിലെ മുൻകൂർ ജാമ്യവിധിയിലെ കോടതി പരാമർശങ്ങൾ. വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കാനാവില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്നാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് അങ്ങിനെ സംഭവിക്കാൻ പാടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂർവമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപക്ഷയിൽ കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജി പ്രിയ കെയുടെതാണ് ഉത്തരവ്. ഗൗരവമുള്ള ആരോപണങ്ങളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെയില്ല. വാർത്ത നൽകിയിതിന്റെ പേരിൽ ക്രിമിനൽ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നൽകിയിട്ടുള്ള, ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിപൂർവ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്‌തെന്ന് തെളിയിക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു. വളരെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് മുൻകൂർ ജാമ്യ ഹർജി അനുവദിച്ച് കോടതി നടത്തിയത്.
സിന്ധു സൂര്യകുമാർ, ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവരടക്കം 4 പേർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർക്കായി അഡ്വ. വി ഹരി ഹാജരായി. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'നാർക്കോട്ടിക്‌സ് ഈസ് ഡേർട്ടി ബിസിനസ്' എന്ന വാർത്ത പരമ്പരക്കെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് ആണ് കേസെടുത്തത്. ഇതേ തുടർന്ന് ജാമ്യമില്ലാവകുപ്പകളടക്കം ചുമത്തിയാണ് പൊലിസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസ് പൊലീസ് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കെട്ടിചമച്ച വാർത്തയെന്ന പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ വ്യാജവാർത്ത നൽകിയെന്ന പ്രചരണം തെറ്റെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ബാനറുകളുമായി ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറിയ മുപ്പതോളം പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി സ്ഥാപനം പരാതി നൽകി. പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അതേസമയം എസ്എഫ്ഐ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. സംസ്ഥാന വ്യാപകമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ