- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
കോഴിക്കോട്: കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും നൽകിയ വാർത്തയാണ് അഴിയൂരിലെ പോക്സോ പീഡനം. പക്ഷേ അതിൽ നടപടി ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാത്രം. അഴിയൂരിൽ പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് ക്യാരിയറായി ചിത്രീകരിച്ച് സംപ്രേഷണംചെയ്ത വാർത്താപരമ്പരയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് പൊലീസ് നോട്ടീസ് നൽകിയത് നടപടികളുടെ തുടക്കമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ വിശ്വാസ്യതയെ തകർക്കാനുള്ള സർക്കാർ നീക്കമാണ് ഇതിന് പിന്നിൽ എന്നും വ്യക്തം. അതിനിടെ ഈ നടപടികളിലെ വൈരുദ്ധ്യത ചോദ്യം ചെയ്ത് കാര്യ കാരണ സഹിതം പോസ്റ്റിടുകയാണ് ഏഷ്യാനെറ്റിലെ മുൻ ന്യൂസ് എഡിറ്റർ കൂടിയായ ജിമ്മി ജെയിംസ്.
പക്ഷെ ഒരു പ്രശ്നമുണ്ട്. പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്. അതെങ്ങനെ കുറ്റമാകും? ഇനി പൊലീസ് അന്വേഷണം തീരുന്നത് വരെ പ്രസദ്ധീകരിക്കാൻ പാടില്ല എന്നോ മറ്റോ ആണ് നിലപാടെങ്കിൽ ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്. മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ചതാണ്. ദ് ഹിന്ദു പ്രസിദ്ധീകരിച്ചതാണ്. ദേശാഭിമാനിയാണെങ്കിൽ ഇതുകേട്ട് ഞെട്ടിയെന്ന മട്ടിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസ്താവനയും വിശദമായി അന്വേഷിക്കുമെന്ന എക്സൈസ് മന്ത്രിയുടെ ഉറപ്പും അടക്കം വലിയ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയത്. ഏന്തേ അവരെയൊന്നും ചോദ്യം ചെയ്യണ്ടേ?-ഇതാണ് ജിമ്മി ജെയിംസ് ഫെയ്സ് ബുക്കിൽ ഉയർത്തുന്ന ചോദ്യം.
അഴിയൂർ സംഭവത്തിൽ ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ്, റിപ്പോർട്ടർ, തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഹെഡ് ഓഫീസ് അധികൃതർ എന്നിവർക്കാണ് വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദ് വ്യാഴാഴ്ച നോട്ടീസ് നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നിർമ്മിച്ച കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഏഷ്യാനെറ്റിന് മറ്റൊരു കേസിൽ നോട്ടീസ് ലഭിച്ചത്. വീഡിയോ 48 മണിക്കൂറിനകം ഹാജരാക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചവരെ ഏഷ്യാനെറ്റ് മറുപടി നൽകിയിട്ടില്ല. അഴിയൂരിലെ സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് സംഘം ക്യാരിയറാക്കിയെന്നായിരുന്നു വാർത്ത. പഞ്ചായത്ത് അംഗമായ പ്രാദേശിക എസ്ഡിപിഐ നേതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ് ഏഷ്യാനെറ്റ് തുടർച്ചയായി വാർത്ത ചമച്ചത്. പെൺകുട്ടിയെ തിരിച്ചറിയാവുന്ന വിവരങ്ങളും പരസ്യപ്പെടുത്തിയെന്നാണ് ആരോപണം.
സ്പോർട്സ് താരമായ പെൺകുട്ടിക്ക് ഒരു യുവതി ലഹരി കലർന്ന ബിസ്കറ്റ് നൽകി വശത്താക്കിയെന്നായിരുന്നു വാർത്ത. അമ്പതോളം പെൺകുട്ടികൾ ഈ സംഘത്തിന്റെ വലയിലായതായും വാർത്തയിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, മുസ്ലിംലീഗ് പ്രാദേശിക നേതാവിന്റെ മകനെ പൊലീസ് ചോദ്യംചെയ്തെങ്കിലും പെൺകുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തി. ഈ യുവാവിന്റെ ഫോട്ടോയും വാർത്തകളിൽ കാണിച്ചു. പെൺകുട്ടി യുവാവിനൊപ്പം സഞ്ചരിച്ചതായി പറഞ്ഞ ദിവസങ്ങളിലെല്ലാം യുവാവ് കോളേജിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരം രണ്ടുപേരെ ചോദ്യം ചെയ്തപ്പോഴും ആരോപണം ശരിയല്ലെന്ന് തെളിഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായ നോട്ടീസ് വാർത്ത നൽകിയ ദേശാഭിമാനി പറയുന്നു.
ജിമ്മി ജെയിംസിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ
ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....
ഇത്തവണയും ലഹരി മരുന്നും, പെൺകുട്ടിയെ ക്യാരിയറായി ഉപയോഗിച്ചതുമൊക്കെയാണ് പശ്ചാത്തലം. വടകരയ്ക്ക് അടുത്ത് നടന്ന സംഭവം വാർത്തയാക്കിയ കോഴിക്കോട് ബ്യൂറോ ചീഫ്, ക്യാമറാമാൻ എന്നിവരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് എന്റെ ജീവിതം തകർത്തെന്ന ആരോപണ വിധേയന്റെ പ്രതികരണവുമായി ദേശാഭിമാനിയും സൈബർ സഖാക്കളും നേരത്തെ ആഞ്ഞടിച്ചിരുന്നു. ഇതേവാദം മുഖ്യമന്ത്രി നിയമസഭയിലും ഉന്നയിച്ചു. ഇപ്പോൾ പൊലീസ് കേസിലേക്ക് കാര്യങ്ങളെത്തുന്നു.
പക്ഷെ ഒരു പ്രശ്നമുണ്ട്. പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്. അതെങ്ങനെ കുറ്റമാകും? ഇനി പൊലീസ് അന്വേഷണം തീരുന്നത് വരെ പ്രസദ്ധീകരിക്കാൻ പാടില്ല എന്നോ മറ്റോ ആണ് നിലപാടെങ്കിൽ ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്. മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ചതാണ്. ദ് ഹിന്ദു പ്രസിദ്ധീകരിച്ചതാണ്.
ദേശാഭിമാനിയാണെങ്കിൽ ഇതുകേട്ട് ഞെട്ടിയെന്ന മട്ടിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസ്താവനയും വിശദമായി അന്വേഷിക്കുമെന്ന എക്സൈസ് മന്ത്രിയുടെ ഉറപ്പും അടക്കം വലിയ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയത്. ഏന്തേ അവരെയൊന്നും ചോദ്യം ചെയ്യണ്ടേ?
ഒരു മാധ്യമസ്ഥാപനത്തിന് എതിരെയുള്ള സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ് ഇത്. ഇതുപോലെ ഒരു സംഭവത്തിൽ ചില മാധ്യമപ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് നോട്ടീസ് നൽകുന്നത് കേരളത്തിലെ ആദ്യ സംഭവമായിരിക്കണം. ശത്രുവിനെ പ്രഖ്യാപിച്ചാൽ തല്ലിക്കൊല്ലണമെന്ന് ലെനിനോ കാൾമാർക്സോ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ പാർട്ടിക്ക് അത് ശ്രമിച്ചുനോക്കാവുന്നതാണ്. പക്ഷെ ഒരു സർക്കാരിന് അത് ചെയ്യാനാവില്ല.
-----ഏഷ്യാനെറ്റിന് എതിരായ ആദ്യ കേസിൽ പ്രതികരിച്ചവർ ഈ സംഭവം അറിഞ്ഞിട്ടില്ലെങ്കിൽ ഇത് ഒരു അറിയിപ്പായി കരുതണം.
മറുനാടന് മലയാളി ബ്യൂറോ