തിരുവനന്തരപുരം: ഡിസംബര്‍ 13 മുതല്‍ തുടങ്ങുന്നതാണ് ടിവി ചാനല്‍ റേറ്റിംഗായ ബാര്‍ക്കിന്റെ ഈ വര്‍ഷത്തെ 50-ാം ആഴ്ച. 13നായിരുന്നു കേരളത്തിലെ തദ്ദേശ വോട്ടെടുപ്പ്. ഈ ദിവസം തുടങ്ങിയ ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് മലയാളം വാര്‍ത്താ ചാനല്‍ കൂട്ടത്തില്‍ വന്‍ കുതിപ്പ്. 142 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത്. രണ്ടാമതുള്ള റിപ്പോര്‍ട്ടറിന് വെറും 117 പോയിന്റെ മാത്രം. അതായത് 25 പോയിന്റിന്റെ വ്യക്തമായ മുന്നേറ്റം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിന് മുകളില്‍ യുഡിഎഫ് നേടിയ വ്യതമായ മുന്നേറ്റത്തിന് സമാനം. ഇതോടെ മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലെ ഇലക്ഷന്‍ വിജയിയായി ഏഷ്യാനെറ്റ് മാറുന്നു.

ഇടതു ചാനലായ കൈരളി ന്യൂസ് എട്ടാം സ്ഥാനത്താണ്. തിരുവനന്തപുരം കോര്‍പ്പറേഷിനെ ഫലത്തിന് സമാനമായി ആര്‍ എസ് എസിന്റെ ജനം ടീവിയും മുന്നേറ്റമുണ്ടാക്കി. 30 പോയിന്റുമായി ആറാം സ്ഥാനത്താണ് ജനം ടിവി. ഏഷ്യാനെറ്റ് ന്യൂസിന് 142 പോയിന്റും റിപ്പോര്‍ട്ടറിന് 117 പോയിന്റും കിട്ടി. 24 ന്യൂസിന് 74 പോയിന്റാണുള്ളത്. മനോരമ ന്യൂസിന് 58ഉം. മാതൃഭൂമിയ്ക്ക് 42 പോയിന്റുണ്ട്. ജനം ടിവിയ്ക്ക് 30ഉം ന്യൂസ് മലയാളം 24x7 ചാനലിന് 24 പോയിന്റും. കൈരളിയ്ക്ക് 22ഉം ന്യൂസ് 18 കേരളയ്ക്ക് 20 പോയിന്റും. മീഡിയാ വണ്‍ ബാര്‍ക്കിനെ ഒഴിവാക്കി ഇതില്‍ നിന്നും പുറത്തു പോയ സാഹചര്യവും ഉണ്ട്.

ശബിരമലയിലെ സ്വര്‍ണ്ണ കൊളള വിവാദവും തിരഞ്ഞെടുപ്പ് ഫലവുമെല്ലാം പ്രേക്ഷകരെ വാര്‍ത്താ ചാനലുകളിലേക്ക് കൊണ്ടു വന്നു. ഇതിന് തെളിവാണ് എല്ലാ ചാനലുകള്‍ക്കും റേറ്റിംഗിലുണ്ടായ ഉയര്‍ച്ച. പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തേക്ക് നിലനിര്‍ത്തുന്നു എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ സവിശേഷത. വാര്‍ത്താ വിതരണ രംഗത്ത് ചാനലുകള്‍ തമ്മിലുള്ള മത്സരം കടുക്കുന്നുവെന്നാണ് ഈ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025ലെ 50-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പുറത്തുവരുമ്പോള്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ക്കിടയില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വിനോദ ചാനലുകളിലും വാര്‍ത്താ ചാനലുകളിലും പ്രമുഖ ചാനലുകള്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നു. ജനപ്രിയ പരമ്പരകളുടെയും സിനിമാ സംപ്രേക്ഷണങ്ങളുടെയും കരുത്തില്‍ ഏഷ്യാനെറ്റ് തന്നെയാണ് വിനോദ ചാനലുകളുടെ വിഭാഗത്തില്‍ ബഹുദൂരം മുന്നില്‍.

ഇഞ്ചോടിഞ്ച് പോരാട്ടം വാര്‍ത്താ ചാനലുകളുടെ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോഴും മറ്റു ചാനലുകള്‍ തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. പ്രൈം ടൈം ചര്‍ച്ചകളിലും ബ്രേക്കിംഗ് ന്യൂസ് കവറേജുകളിലും ചാനലുകള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നത് ശ്രദ്ധേയമാണ്.