- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും; ഭരണകക്ഷി എംഎൽഎയുടെ പരാതിയിലെ തുടർ നടപടികൾക്ക് മിന്നൽ വേഗം; ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം; ചാനലിനെതിരായ പൊലീസ് കേസിൽ നിലപാട് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്
കോഴിക്കോട്: ലഹരിമാഫിയക്കെതിരായ വാർത്ത ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരായ കേസിൽ പൊലീസിൽ നിന്നും മിന്നൽ വേഗത്തിലാണ് നടപടികൾ ഉണ്ടായത്. ചാനലിന്റെ കോഴിക്കോട്ടെ ഓഫീസിൽ പൊലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ വിശദീകരണവുമായി ഏഷ്യാനെറ്റ് ന്യൂസ് രംഗത്തെത്തി.
നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കുമെന്ന് ചാനൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭരണകക്ഷി എംഎൽഎയുടെ പരാതിയിലെ തുടർ നടപടികൾക്ക് മിന്നൽ വേഗമാണെന്ന് ചാനൽ വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നു എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പേരിൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെയാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പരയിലെ സ്‌റ്റോറിക്കെതിരായാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാറിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ലഹരിമാഫിയക്കെതിരെ പോരാട്ടം നാടിന്റെ താൽപ്പര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎൽഎയുടെ പരാതിയിന്മേലുള്ള തുടർ നടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുമ്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്‌ക്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു.
സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരും..
സിന്ധു സൂര്യകുമാർ
എക്‌സിക്യൂട്ടീവ് എഡിറ്റർ
നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജനൽ ഓഫിസിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. നാല് മണിക്കൂറോളം നേരമാണ് പരിശോധന നടന്നത്. രാവിലെ 10:45 ന് തുടങ്ങിയ പരിശോധന 2:30 നാണ് അവസാനിച്ചത്. പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് പരിശോധന നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്.
പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നും ഒന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും എഎസ്‌പി എൽ സുരേഷ് പറഞ്ഞു. തിടുക്കത്തിലുള്ള പരിശോധന എന്തിനായിരുന്നുവെന്ന ചോദ്യത്തിന് പൊലീസ് പ്രതികരിച്ചില്ല. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയാറാക്കിയെന്ന പി.വി.അൻവർ എംഎൽഎയുടെ പരാതിയിൽ ശനിയാഴ്ച വെള്ളയിൽ പൊലീസ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച വൈകിട്ട് പൊലീസ് ചാനൽ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.
തന്റെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടതു സംബന്ധിച്ച് ഏറെക്കാലമായി സമൂഹമാധ്യമങ്ങൾ വഴി പി.വി.അൻവർ എംഎൽഎ ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പതിവായി പോസ്റ്റുകൾ ഇടാറുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇത്തരമൊരു നടപടിയുണ്ടാവുമെന്നു വെല്ലുവിളിച്ച് ജനുവരി മാസം മുതൽ അൻവർ എംഎൽഎയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റുകൾ ഇട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം എംഎൽഎ ഡിജിപിക്കു പരാതി നൽകിയത്. ഡിജിപിക്കു ലഭിച്ച പരാതി വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ഏഷ്യാനെറ്റിനെതിരെ കേസെടുത്ത് നടപടി തുടങ്ങിയത്.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് പി.ടി.ഉഷ റോഡിലെ ഓഫിസിൽ പരിശോധന ആരംഭിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ വി.സുരേഷിന്റെ നേതൃത്വത്തിൽ എട്ടുപേരടങ്ങുന്ന പൊലീസ് സംഘവും തഹസിൽദാറും വില്ലേജ് ഓഫിസറും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്താനെത്തിയത്. ഓഫിസിലെ കംപ്യൂട്ടറുകളിൽ സൂക്ഷിച്ച വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് പൊലീസ് പരിശോധിക്കുന്നത്. അൻവറിന്റെ പരാതിയിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റീജനൽ എഡിറ്റർ ഷാജഹാൻ കാളിയത്ത്, വിഡിയോ ചിത്രീകരിച്ച റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ മാതാവ് എന്നിവർക്കെതിരെ പോക്‌സോ, വ്യാജ രേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ