കോഴിക്കോട്: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഒന്നൊന്നായി പുറത്തുവരുമ്പോാഴാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് നടപടികളുമായി ശക്തമാകുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അകപ്പെട്ട വിഷയങ്ങളിൽ നിന്നും ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണോ എന്ന സംശയം അടക്കം ഇപ്പോൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ ചാറ്റുകൾ അടക്കം പുറത്തുവന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്യാനും നീക്കം ഇഡി നടത്തവേയാണ് അപ്രതീക്ഷിതമായി ഏഷ്യാനെറ്റിനെതിരെ സംഘടിതമായ നീക്കം നടന്നത്. വിഷയത്തിൽ പ്രതിപക്ഷം അടക്കം രംഗത്തു വരികയും ചെയ്തു. ഇന്ന് നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

അതേസമയം ഏഷ്യാനെറ്റിലെ പൊലീസ് പരിശോധന ദേശീയ തലത്തിലും ശ്രദ്ധനേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും രംഗത്തുവന്നു. ബിബിസി റെയ്ഡ് ചെയതപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഇല്ലെന്ന് സർദേശായ് ചോദിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും സർദേശായ് ട്വീറ്റ് ചെയ്തു.

അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയ്ക്ക് പിന്നിൽ ഉന്നതതല രാഷ്ട്രീയ സമ്മർദ്ദവും ശക്തമായിരുന്നു. ആഭ്യന്തരവകുപ്പിലെ ഉന്നതരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് ചട്ടപ്രകാരമുള്ള നടപടികൾ മറികടന്ന് ഏഷ്യാനെറ്റ്‌ന്യൂസ് ഓഫീസിൽ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെത്തി കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണം എന്നതടക്കമുള്ള നിർദ്ദേശമാണ് കോഴിക്കോട്ടെ പൊലീസിന് ഇക്കാര്യത്തിൽ ലഭിച്ചത്. എന്നാൽ ഉന്നതതല നിർദ്ദേശം അതേപടി അനുസരിക്കാൻ കോഴിക്കോട് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർ തയ്യാറാകാതെ ഇരുന്നതോടെയാണ് കമ്പ്യൂട്ടർ പിടിച്ചെടുക്കാനുള്ള നീക്കം ഒഴിവായത്.

കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഒരു മിന്നൽ പരിശോധനയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ നടന്നത്. പിവി അൻവർ എംഎൽഎ നൽകിയ പരാതി ഡിജിപിക്ക് കിട്ടുകയും ആ പരാതി കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂർ തികയും മുൻപാണ് ഏഷ്യാനെറ്റ് ഓഫീസിൽ പൊലീസ് എത്തുന്നത്. സാധാരണ ഗതിയിൽ ഒരു സ്ഥലത്ത് നിയമലംഘനം നടന്നങ്കിൽ ആർക്കും പരാതി നൽകാം. എന്നാൽ ഇങ്ങനെ ഒരു പരാതിയിൽ എഫ്‌ഐആർ ഇട്ടാൽ ഇക്കാര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട ചില നടപടികളുണ്ട്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നതാണ് ഇതിൽ ആദ്യപടി. ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത ലഹരി വിരുദ്ധ ക്യാംപെയ്‌നുമായോ ഇതിൽ പരാമർശിക്കപ്പെട്ട കേസുമായോ നേരിട്ട് ബന്ധമുള്ളയാളല്ല പിവി അൻവർ എംഎൽഎ.

ഇങ്ങനെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തയാൾ നൽകിയ സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തേണ്ടതെങ്കിലും ഇവിടെ അതുണ്ടായിട്ടില്ല. പരാതിക്കാരന്റെ മൊഴിയെടുത്ത് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അടുത്ത നടപടികളിലേക്ക് പൊലീസ് സാധാരണ നീങ്ങുക. എന്നാൽ അൻവറിന്റെ മൊഴി പോലും എടുക്കാതെ രേഖാമൂലം കിട്ടിയ പരാതിയിൽ എഫ്‌ഐആർ ഇട്ട് സെർച്ച് വാറന്റ് പോലും ഇല്ലാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പൊലീസ് എത്തിയത്.

ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ കോഴിക്കോട് കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പൊലീസ് ഓഫീസ് പരിശോധിക്കാനെത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോക്‌സോ കേസാണ് അൻവർ ആരോപിക്കുന്നതെങ്കിലും കേസിൽ ഇരയായ കുട്ടിയ്‌ക്കോ അവരുടെ കുടുംബത്തിനോ പരാതിയില്ലെന്നും അവർ വാർത്തയോടൊപ്പമാണ് നിൽക്കുന്നത് എന്നും ചർച്ചകളിൽ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരനായ പിവി അൻവറിന്റെ മൊഴി എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന പോലും നടത്തിയിട്ടില്ലെന്നുള്ള കാര്യവും ഉദ്യോഗസ്ഥർ കമ്മീഷണറെ അറിയിച്ചു. പ്രാഥമിക നടപടി പോലും സ്വീകരിക്കാതെ എങ്ങനെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ കയറി പരിശോധിക്കുമെന്നും കോഴിക്കോട്ടെ പൊലീസ് ഉദ്യോഗസ്ഥർ തലപ്പത്തുള്ളവരോട് ചോദിച്ചു.

എന്നാൽ എത്രയും വേഗം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് പരിശോധിക്കണമെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായത്. ഓഫീസിൽ നിന്നും കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണമെന്നും തലപ്പത്ത് നിന്നും ആവശ്യമുയർന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ പരിശോധന നടത്താൻ കമ്മീഷണർ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതും ഞായറാഴ്ച രാവിലെ പത്തേ മുക്കാലോടെ പൊലീസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് എത്തുന്നതും. ഓഫീസിലെ മാധ്യമപ്രവർത്തകരിൽ നിന്നും ജീവനക്കാരിൽ നിന്നും പ്രാഥമിക വിവരശേഖരണം നടത്തിയ പൊലീസുകാർ പക്ഷേ കമ്പ്യൂട്ടർ പിടിച്ചെടുക്കണം എന്ന ഉന്നത നിർദ്ദേശം അവഗണിച്ചു. നാല് മണിക്കൂറോളം ഓഫീസിൽ ചെലവിട്ട ശേഷം മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി മൊഴിയെടുക്കും എന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

അതേസയം ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്ക് എതിരായ കേസും കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധനയും കൊച്ചി ഓഫീസിലെ എസ്എഫ്‌ഐ അതിക്രമവും പ്രതിപക്ഷം ഉന്നയിക്കും. പി.വി അൻവറിന്റെ പരാതിയിൽ ഉണ്ടായ അസാധാരണ നടപടികളിൽ മുഖ്യമന്ത്രി എന്ത് പറയും എന്നത് ആകാംക്ഷയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ബിബിസി ഓഫീസിൽ ഇൻകം ടാക്‌സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് സതീശൻ ചോദിച്ചു.