- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ പ്രായം 25 ആയി നിജപ്പെടുത്തിയിട്ടും പ്രതിഷേധമില്ല; അൻവറിന്റെ ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ അക്രമം; കുട്ടി സഖാക്കളുടെ 'കൊച്ചി ഓപ്പറേഷന്' പിന്നിൽ കോഴിക്കോട്ടെ നേതാവിന്റെ അടുത്ത ബന്ധുവിന്റെ ആഹ്വാനം; കൊച്ചിയിലെ അക്രമം ഉത്തരകൊറിയൻ മോഡൽ!
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ വിദ്യാർത്ഥികളുടെ കൺസെഷനുള്ള പ്രായപരിധി 25 വയസ്സാക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്. വിദ്യാർത്ഥികൾക്ക് വേണ്ടി നിലയുറപ്പിക്കുന്ന കേരളത്തിലെ എസ് എഫ് ഐ ഇതിൽ ഒരു പ്രതിഷേധവുമായി എത്തിയില്ല. കെ എസ് യുക്കാർ മാത്രമാണ് സമരത്തിന് ഇറങ്ങിയത്. കേരളത്തിലെ വിദ്യാർത്ഥി സമരങ്ങൾക്ക് തൽകാലം എസ് എഫ് ഐ ഇല്ലെന്ന ചർച്ചയാണ് ഇത് സജീവമാക്കിയത്. തൊട്ടു പിന്നാലെ മറ്റൊരു വിഷയത്തിൽ എസ് എഫ് ഐ രംഗത്തു വന്നു. അതും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വൻ ബിൽഡപ്പുമായി സൈബർ സഖാക്കൾ നടത്തിയ നീക്കം പൊളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് എത്തിയ അതേ ദിവസം.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി ലഭിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ കേസെടുത്തതായി പറയുന്നില്ല. പരാതിയിന്മേൽ പൊലീസ് അന്വേഷണം നടക്കുന്നതായാണ് വിശദീകരണം. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്ക് ആധാരമായ സംഭവത്തിൽ പൊലീസ് കുറ്റപത്രം നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത നൂറുശതമാനം സത്യമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത്. ഇവിടെയാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജ ആരോപണങ്ങൾ. ഇത് ഏറ്റെടുത്താണ് എസ് എഫ് ഐ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ഇരച്ചു കയറിയത്. ചൈനയേയും ഉത്തര കൊറിയേയും പോലെ കേരളത്തിലും സർക്കാരിനെ വിമർശിച്ചാൽ കുട്ടി സഖാക്കൾ വെറുതെ ഇരിക്കില്ല.
പിവി അൻവർ എംഎൽഎയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം നിയമസഭയിൽ ഉയർത്തിയത്. ഈ ചോദ്യം നൽകിയതിന് പിന്നാലെ 'പണി വരുന്നുണ്ട് അവറാച്ചാ' എന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സൈബർ സഖാക്കളുടെ പ്രതികരണം നടത്തി. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മറുപടിയിലേക്കായി എല്ലാ ശ്രദ്ധയും. ഏഷ്യാനെറ്റ് ന്യൂസിനെതിരെ എന്തെങ്കിലും തെളിവ് കിട്ടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല. ഇതോടൊപ്പം പ്രസ്തുത കേസിൽ കുറ്റപത്രം നൽകിയെന്നും പറയുന്നു. ഇതോടെ പീഡനക്കേസ് വ്യാജമല്ലെന്ന് പറയുകയാണ് പൊലീസ് ചുമതലയുള്ള മുഖ്യമന്ത്രി. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ എസ് എഫ് ഐ പ്രതിഷേധത്തിന് ഇറങ്ങി. പിന്നിൽ കോഴിക്കോട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണ്.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതും മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചതുമെല്ലാം കോഴിക്കോട്ടെ നേതാവിന്റെ അടുത്ത ബന്ധുവാണ്. പക്ഷേ മറുപടിയിൽ സൈബർ സഖാക്കൾ പൊളിഞ്ഞു. ഏഷ്യാനെറ്റ് വിശദീകരണവും നൽകി. മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്ത നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന റോവിങ് റിപ്പോർട്ടർ പരമ്പര ശ്രദ്ധയിൽ പെട്ടിരുന്നോ എന്നതാണ് അൻവറിന്റെ ആദ്യ ചോദ്യത്തിലെ ആദ്യ ഭാഗം. ഈ പരമ്പരയിലെ ഏതെങ്കിലും വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിൽ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്നതാണ് ആദ്യ ചോദ്യം. പിവി അൻവർ ചാനലിന്റെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി ഏഷ്യാനെറ്റ് ന്യൂസ് ചാനലാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മറുപടിയിൽ ഈ വാർത്തയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം നൽകിയെന്ന് വ്യക്തമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുള്ളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.
സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്. എസ്എഫ്ഐയുടെ അതിക്രമത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. കൈക്കരുത്ത് കാട്ടിയുള്ള ഭീഷണിക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ വളരെ വേഗത്തിൽ, അന്വേഷണത്തിന് ഉത്തരവിടണമെന്നും ചാനൽ ആവശ്യപ്പെട്ടു.
ലഹരിമരുന്നിനെതിരായ അന്വേഷണ പരമ്പരയിൽ വ്യാജ വാർത്ത ചമച്ചെന്ന് ആരോപിച്ച് സൈബർ സഖാക്കൾ സോഷ്യൽ മീഡയയിൽ വ്യാപക പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് എസ്എഫ്ഐയുടെ ഓഫീസ് ആക്രമണം. വ്യാജ വാർത്ത എന്ന പ്രചാരണം തെറ്റെന്ന് തെളിയിക്കുന്നതാണ് പി.വി. അൻവർ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. നാർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് തയ്യാറാക്കിയ പരമ്പരയിലെ ഒരു അഭിമുഖത്തിനെതിരെയായിരുന്നു ആരോപണങ്ങളുയർന്നിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാഫിന്റെ ബന്ധുവിന്റെ കുട്ടിയെ കൊണ്ട് വീഡിയോയിൽ അഭിനയിച്ചിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പി.വി. അൻവർ എംഎൽഎയടക്കമുള്ളവർ ആരോപിച്ചിരുന്നത്
2022 ജൂലൈയിൽ വിദ്യാർത്ഥിനിയുടെ അച്ഛൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടി ഉയർത്തിക്കാട്ടിയാണ് ഏഷ്യാനെറ്റിന്റെ പ്രതികരണം. വെളിപ്പെടുത്തൽ നടത്തിയ കുട്ടിയെ കുറിച്ചുള്ള പ്രത്യേക വാർത്തയും ചാനൽ നൽകിയിരുന്നു. പരമ്പരയിൽ മൂന്നാം ദിവസം നൽകിയ വാർത്ത സ്‌കൂൾ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ചായിരുന്നു. കണ്ണൂരിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയെ രാസവസ്തുക്കൾ നൽകി സഹപാഠി ചൂഷണം ചെയ്ത സംഭവമാണ് ഇതിൽ വിവരിച്ചത്.
എന്നാൽ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത സൃഷ്ടിക്കുകയാണെന്നും സൈബർ സഖാക്കൾ ആരോപിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരിക്കുന്നത് വ്യാജ വാർത്തയല്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്ന വീഡിയോയും ചാനലിന്റെ റിപ്പോർട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ