പത്തനംതിട്ട: പത്തനനംതിട്ടയിൽ സിറ്റിങ്ങിന് എത്തിയപ്പോൾ ഉണ്ടായ മോശം സ്വീകരണത്തിൽ, കളക്ടറോട് അനിഷ്ടം തുറന്ന് പറഞ്ഞ് നിയമസഭാ സമിതി. നിയമസഭാ സമിതി കളക്ടറേറ്റിൽ എത്തിയപ്പോൾ വഴി പറഞ്ഞുകൊടുക്കാൻ പോലും ആരും ഉണ്ടായില്ല. സിറ്റിങ് ഹാളിൽ എത്തിയപ്പോൾ കളക്ടറോ എഡിഎം ഓ സിറ്റിങ്ങിന് എത്തിയിരുന്നില്ല.

പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്കുള്ള നിയമസഭാ സമിതിയാണ് പത്തനംതിട്ട കളക്ടറെ അതൃപ്തി അറിയിച്ചത്. നിയമസഭാ സമിതിയെ അവഹേളിക്കുന്നതിന് തുല്യമായ നടപടി എന്ന ചെയർമാൻ ഒ ആർ കേളു കളക്ടറെ അറിയിച്ചു. നിയമസഭാ സമിതിക്കുണ്ടായ അവഗണന ചീഫ് സെക്രട്ടറി അറിയിക്കുമെന്നും ഒ ആർ കേളു എംഎൽംഎ വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് അനിഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് കളക്ടർ സിറ്റിങ് ഹാളിലേക്ക് എത്തിയതെന്നും നിയമസഭാ സമിതി ചെയർമാൻ പറഞ്ഞു.

അതേസമയം, സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ പ്രദേശത്തെ 45 മലംപണ്ടാര വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി വീട് നിർമ്മിച്ചു നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്കുള്ള നിയമസഭാ സമിതി നിർദ്ദേശിച്ചു. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർമാൻ ഒആർ കേളു എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതി യോഗമാണ് ഈ നിർദ്ദേശം നൽകിയത്.

ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ള പരാതികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തുവാനാണ് സമിതി യോഗം ചേർന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിച്ച പരാതികളും സമിതി പരിഗണിച്ചു. പട്ടിക വർഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അവർക്കു വേണ്ട പാർപ്പിടം, ഭക്ഷണം, വെള്ളം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. ഗോത്ര മേളകളും, ഊരുൽസവങ്ങളും നടത്തി അവർക്കിടയിലേക്ക് ഇറങ്ങിചെല്ലണമെന്നും ചെയർമാൻ യോഗത്തിൽ പറഞ്ഞു. സമിതി അംഗങ്ങളും എംഎൽഎ മാരുമായ പി.വി. ശ്രീനിജൻ, പി.പി. സുമോദ്, വി.ആർ. സുനിൽകുമാർ, ഒ.എസ്. അംബിക എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പാമ്പിടാംകുഴി ശ്മശാനത്തിലെ കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ കീഴിലാക്കാനും ശേഷം പരമ്പരാഗതമായി ശ്മശാനം കൈവശം വച്ചിരുന്ന സാംബവ സമുദായത്തിന് നൽകുന്ന കാര്യം പരിശോധിക്കാനും യോഗം തീരുമാനിച്ചു. എലിമുള്ളുംപ്ലാക്കൽ ശിവഗംഗ ഹരിജൻ സെറ്റിൽമെന്റ് കോളനിയിലെ വീടുകൾക്ക് സംരക്ഷണഭിത്തി നിർമ്മിച്ചു നൽകണം. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ കോർപ്പസ് ഫണ്ട് വിഹിതത്തിൽ 25 ലക്ഷം രൂപ വകയിരുത്തി അടിയന്തരമായി പദ്ധതി പൂർത്തിയാക്കണം.

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകൾക്ക് ഭൂരേഖ ലഭിച്ചെങ്കിലും യഥാർഥ ഭൂമി കണ്ടുകിട്ടാൻ സാധിച്ചിട്ടില്ല. അത്തരക്കാർക്ക് യഥാർഥ ഭൂമി എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം. ഭൂമിക്ക് രേഖ ലഭിച്ചിട്ടില്ലാത്ത ആദിവാസികൾക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. സ്വയംതൊഴിലിനായി ബാങ്ക് ലോൺ ലഭിക്കുന്നില്ല എന്ന പരാതിയിൽ ജില്ലാ ലീഡ് ബാങ്കുമായി ബന്ധപ്പെട്ട് വേണ്ട പരിഹാര നടപടികൾ സ്വീകരിക്കും. മുൻകൂറായി ലഭിച്ചിട്ടുള്ള ആറു പരാതികളും നേരിട്ട് ലഭിച്ച 13 പരാതികളും സമിതി പരിഗണിച്ചു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാർ ശർമ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോൺസൺ പ്രേംകുമാർ, എഡിഎം ബി. രാധാകൃഷ്ണൻ, ആർആർ ഡെപ്യൂട്ടി കളക്ടർ ബി. ജ്യോതി, ടിഡിഒ എസ്.എസ്. സുധീർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി. രാജേഷ് കുമാർ, നിയമസഭാ സെക്ഷൻ ഓഫീസർ പി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.