കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ നിർണായക വിധി വരാനിരിക്കെ, കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജയിൽവാസം സംബന്ധിച്ച് ജ്യോതിഷിയുടെ പ്രവചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. മോഹൻദാസ് എന്ന ജ്യോതിഷി നടൻ ദിലീപിന്റെ ജീവിതത്തിലെ നിർണായകമായ ഘട്ടത്തെക്കുറിച്ച് നടത്തിയ വീഡിയോ പ്രവചനമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപിന് ജയിൽവാസം അനുഭവിക്കേണ്ടി വരാൻ സാധ്യത കുറവാണെന്ന് ഒരു വീഡിയോയിലൂടെ ഇദ്ദേഹം അവകാശപ്പെടുന്നു.

സിനിമാ ലോകത്ത് നിർമ്മാണം, വിതരണം, അഭിനയം എന്നീ മേഖലകളിലെല്ലാം കൈകടത്തി ദിലീപ് എല്ലാ ആധിപത്യവും നേടുമോയെന്ന് ഭയപ്പെടുന്ന ഒരു എതിർ ശക്തി അദ്ദേഹത്തിന് പിന്നിലുണ്ട്. പല മേഖലകളിൽ നിന്നും പണം ഒഴുകിയെത്തുന്ന ഈ ശക്തികളാണ് ദിലീപിന്റെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന ഈ പ്രവൃത്തിയിലേക്ക് എത്തിച്ചതെന്ന് ജ്യോതിഷപ്രകാരം കാണുന്നതായി മോഹൻദാസ് പറയുന്നു.

ദിലീപിന് ഒരുപാട് ദോഷങ്ങളുണ്ട്. ജ്യോതിഷ വിധി പ്രകാരം, "എട്ടിൽ കേതു" നിൽക്കുന്നതിനാൽ നടൻ ജയിൽവാസം അനുഭവിക്കണം. അത് അനുഭവിച്ചുതന്നെ തീർക്കേണ്ടതാണ്. എങ്കിലും, ഈ കേസിന്റെ വിചാരണാ വേളയിൽ ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നതിനാൽ വീണ്ടും ജയിൽവാസം അനുഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. ദിലീപിന് അനുകൂലമായ ചില കാര്യങ്ങളും തന്ത്രപ്രധാനമായ ഒരുപാട് കാര്യങ്ങളും ഈ വിഷയത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും ജ്യോതിഷി പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ വിധി ദിലീപിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. തിങ്കളാഴ്ചയാണ് നടിയെ ആക്രമിച്ച കേസിൽ വിധി വരുന്നത്. വിധി പ്രതികൂലമായാൽ അത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ മാത്രമല്ല, സിനിമാ ഭാവിയെയും അവതാളത്തിലാക്കിയേക്കാം. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ ദിലീപാണ് ഒന്നാം പ്രതിയായ പൾസർ സുനിക്ക് നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഈ നിർണായക ഘട്ടത്തിലാണ് നടന്റെ ഭാവിയെക്കുറിച്ചുള്ള ജ്യോതിഷ പ്രവചനം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.