- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
649000ത്തില്‍ നിന്ന് നെറ്റ് മൈഗ്രെഷന്‍ ഇടിഞ്ഞത് 204000ത്തിലേക്ക്; വര്‍ക്ക് പെര്‍മിറ്റുകള്‍ എല്ലാം നിര്‍ത്തിയത് കുടിയേറ്റത്തിനു സഡന്‍ ബ്രേക്ക് ഇട്ടു; കണക്കില്‍ 44 ശതമാനവും ഉറപ്പിച്ച് അഭയാര്‍ത്ഥികള്‍ മുന്പില്: ബ്രിട്ടനെ പിടിച്ചു കുലുക്കിയ നെറ്റ് മൈഗ്രെഷന്‍ കണക്കുകള്‍ ഇങ്ങനെ
ബ്രിട്ടനെ പിടിച്ചു കുലുക്കിയ നെറ്റ് മൈഗ്രെഷന്‍ കണക്കുകള്‍ ഇങ്ങനെ
ലണ്ടന്‍: വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ബ്രിട്ടീഷുകാര്‍. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കി നിയമപരമായ കുടിയേറ്റം നിയന്ത്രിച്ചപ്പോള്‍ നെറ്റ് മൈഗ്രേഷന്‍ 6,49,000 ല്‍ നിന്നും 2,04,000 ആയി കുറഞ്ഞു. എന്നാല്‍, നെറ്റ് മൈഗ്രേഷനിലെ 44 ശതമാനവും ഇപ്പോള്‍ ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവര്‍ ഉള്‍പ്പടെയുള്ള അനധികൃത അഭയാര്‍ത്ഥികളായതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ദീര്‍ഘകാലം ബ്രിട്ടനില്‍ താമസിക്കാന്‍ എത്തുന്നവരും, ബ്രിട്ടന്‍ വിട്ടു പോകുന്നവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍, ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവിലെ നെറ്റ് മൈഗ്രേഷന്‍ 2,04,000 ആണ്.
അതേസമയം, ബ്രിട്ടനിലേക്ക് കടക്കുന്ന അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. അതേസമയം, വിദേശ തൊഴിലാളികള്‍ ഉള്‍പ്പടെ ബ്രിട്ടന്‍ വിട്ട് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ നെറ്റ് മൈഗ്രേഷന്റെ സിംഹഭാഗവും അനധികൃത കുടിയേറ്റക്കാരായി മാറിയിരിക്കുകയാണ്. കുടിയേറ്റ വിഷയങ്ങളില്‍ ഏറ്റവും വിശ്വാസയോഗ്യമായ വിശകലനങ്ങള്‍ നല്‍കുന്ന ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, നെറ്റ് മൈഗ്രേഷന്‍ കുറയാത്ത ഒരു വിഭാഗം അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികള്‍ മാത്രമാണ് എന്നാണ്.
2025 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍,ബ്രിട്ടനില്‍ ദീര്‍ഘകാലം താമസിക്കാന്‍ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 96,000 ആയിരുന്നു. ഇതേ കാലയളവില്‍ എത്തിയ മൊത്തം കുടിയേറ്റക്കാരുടെ 11 ശതമാനം വരും ഇത്. 2019 ല്‍ മൊത്തം കുടിയേറ്റക്കാരുടെ 5 ശതമാനം മാത്രമായിരുന്നു അഭയാര്‍ത്ഥികള്‍ എന്നതോര്‍ക്കണം. അതായത്, ആറു വര്‍ഷക്കാലത്തിനിടയില്‍ ഇക്കാര്യത്തിലുണ്ടായത് ഇരട്ടി വര്‍ദ്ധനവാണ് എന്നര്‍ത്ഥം. അതേസമയം, മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് അഭയാര്‍ത്ഥികള്‍ മാത്രമാണ് ബ്രിട്ടന്‍ വിട്ട് പോകുന്നത്. അതുകൊണ്ടു തന്നെ ഇക്കാലയളവിലെ, അഭയാര്‍ത്ഥികളുടെ നെറ്റ് മൈഗ്രേഷന്‍ 90,000 ആയി തുടര്‍ന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മൊത്തം നെറ്റ് മൈഗ്രേഷന്റെ 44 ശതമാനം ഈ വിഭാഗത്തില്‍ പെടുന്നവരാണ്.
2019 ല്‍, ബ്രെക്സിറ്റിന് മുന്‍പുണ്ടായിരുന്ന 22 ശതമാനത്തിന്റെ ഏതാണ്ട് ഇരട്ടിയോളമായി ഇതെന്ന് അര്‍ത്ഥം. മൈഗ്രേഷന്‍ ഘടനയില്‍ വരുന്ന ഈ മാറ്റം ബ്രിട്ടന്റെ സമ്പദ്ഘടനയില്‍ വരുത്തുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന് മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയിലെ ഡോക്ടര്‍ ബെന്‍ ബ്രിന്‍ഡ്‌ലില്‍ ചോദിക്കുന്നു. സാമ്പത്തിക വീക്ഷണ കോണിലൂടെ നോക്കിയാല്‍ രാജ്യത്തിന് ഒട്ടും അനുകൂലമല്ല കുടിയേറ്റത്തിന്റെ ഈ പുതിയ ഘടന എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സമ്പദ്ഘടനയ്ക്ക് ഗണ്യമായ സംഭാവനകള്‍ ചെയ്യാന്‍ കഴിവുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസകളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍, സാമ്പത്തിക സഹായം ഉള്‍പ്പടെ പല സഹായങ്ങളും ആവശ്യമായി വരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് അത്ര ശോഭനമായ കാര്യമല്ല എന്നും അദ്ദേഹം പറയുന്നു.
കുടിയേറ്റം, ഒരു സമ്പദ്ഘടനയില്‍ വരുത്തുന്ന മാറ്റം, എത്രപേര്‍ കുടിയേറി എന്നതിനെ ആശ്രയിച്ചല്ലെന്നും, ആരാണ് കുടിയേറ്റം നടത്തിയത് എന്നതിനെ ആശ്രയിച്ഛാണെന്നും അദ്ദേഹം പറയുന്നു.മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ വിശകലനത്തില്‍ പരാമര്‍ശിക്കപ്പെട്ടതിനേക്കാള്‍ ഗുരുതരമായിരിക്കാം യഥാര്‍ത്ഥ കണക്കുകള്‍ എന്നാണ് കരുതുന്നത്. ഇത് ഒ എന്‍ എസ്സിന്റെ ഏറ്റവും പുതിയ കണക്കുകളെയും ജൂണ്‍ വരെയുള്ള ഹോം ഓഫീസിന്റെ പഴയ കണക്കുകളെയും അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത് എന്നതിനാലാണിത്. കഴിഞ്ഞ ദിവസം ഹോം ഓഫീസ് പുറത്തിറക്കിയ മറ്റൊരു വ്യത്യസ്ത റിപ്പോര്‍ട്ടില്‍ അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം നേരത്തേ പരാമര്‍ശിച്ചതിലും കൂടുതലായാണ് പരാമര്‍ശിച്ചിരിക്കുന്നത്.
സെപ്റ്റംവര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ബ്രിട്ടനിലെത്തിയ അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം 1,10,051 ആണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 44 ശതമാനം എന്ന കണക്കില്‍ എത്തിച്ചേരാന്‍ അടിസ്ഥാനമാക്കിയ 96,000 എന്ന സംഖ്യയേക്കാള്‍ വളരെ കൂടുതലാണിത്. നെറ്റ് മൈഗ്രേഷന്‍ അതിവേഗം ഇടിയുന്നതായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ അതില്‍ വീണ്ടും ഇടിവുണ്ടായിട്ടുണ്ടാകാം. എന്നാല്‍, അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും പുതിയ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ നെറ്റ് മൈഗ്രേഷനില്‍ അഭയാര്‍ത്ഥികളുടെ അനുപാതം ഇനിയും വര്‍ദ്ധിക്കും എന്നുറപ്പാണ്.




