- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാവിനെ കുടുംബാംഗത്തെ പോലെ പരിചരിച്ചു; ഇതിനെ സിസ്റ്ററും ബ്രദറും വിവാഹിതരായി; കുടുംബ സമേതം രോഗത്തെ വകവയ്ക്കാതെ എത്തി അനുഗ്രഹിച്ചു; പ്രസവകാലത്ത് ഉറപ്പാക്കിയത് മികച്ച ചികിൽസ; ഭാര്യയുടെ പ്രസവ സമയത്ത് ഭർത്താവ് നിന്നതും കോടിയേരിയ്ക്കൊപ്പം; ആതിര സിസ്റ്ററും അച്ചു ബ്രദറും കോടിയേരി സഖാവും! ആ കഥ ഡോ ബോബൻ തോമസ് പറയുമ്പോൾ
തിരുവനന്തപുരം: ആരാണ് ആതിര സിസ്റ്ററും അച്ചു ബ്രദറും? സഖാവ് കോടിയേരി ബാലകൃഷ്ണനെ ജീവനുതുല്യം നോക്കിയ ദമ്പതികൾ. തിരുവനന്തപുരം ജിജി ആശുപത്രിയിലെ നേഴ്‌സുമാരാണ് അവർ. കോടിയേരിക്ക് താങ്ങും തണലുമായി നിന്നവർ പിന്നീട് ജീവിത പങ്കാളിയായി. അനുഗ്രഹിക്കാൻ രോഗാവസ്ഥ മറന്നും കോടിയേരി എത്തി. ആതിരയുടെ പ്രസവ സമയത്തെ പ്രശ്‌നങ്ങളിൽ സ്വന്തം അച്ഛനെ പോലെ കോടിയേരിയും ഇടപെട്ടു. മികച്ച ചികിൽസ ഉറപ്പാക്കി. അതുകൊണ്ട് തന്നെ സിപിഎം നേതാവിന്റെ മരണം ഈ കുടുംബത്തിനും വ്യക്തിപരമായ നഷ്ടമാണ്. കോടിയേരിയെ ചികിൽസിച്ച ഡോക്ടർ ബോബൻ തോമസാണ് ഇവരെ കുറിച്ച് ആദ്യം പറഞ്ഞത്. ഇതോടെ ഇവരാരെന്ന ചർച്ചയും സജീവമായി. ഇപ്പോൾ ഡോക്ടർ തന്നെ ആ നേഴ്‌സ് ദമ്പതിമാരുടെ ഇടപെടൽ വെളിപ്പെടുത്തുന്നു.
ഊണും ഉറക്കവും ജീവിതവും മാറ്റിവച്ചു നിസ്തുലമായ പ്രവർത്തിക്കുന്ന നിരവധിപേർ ആതുര സേവന മേഖലയിൽ ഉണ്ട് .അവർ ആരായാലും തിരശ്ശീലയ്ക്ക് പുറകിൽലേക്ക് പോകേണ്ടവരല്ല. അവരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണ് . സേവന സന്നദ്ധരായ അസംഖ്യം പേർക്ക് ഇതൊരു പ്രചോദനമാകട്ടെ -എന്നു പറഞ്ഞാണ് ആതിര സിസ്റ്ററിനേയും അച്ചു ബ്രദറിനേയും ഡോക്ടർ പരിയപ്പെടുത്തുന്നത്.
ഡോക്ടർ ബോബൻ തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
*ആതിര സിസ്റ്ററും അച്ചു ബ്രദറും കോടിയേരി സഖാവും*
സഖാവ് കോടിയേരി നമ്മെ വിട്ടു പോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. സഖാവിന്റെ വിയോഗം പൊതുസമൂഹത്തിലും പ്രതേകിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഉണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. സംസ്ഥാനമൊട്ടാകെ അനുശോചന യോഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ . അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷം എന്റെ ഫേസ്‌ബുക്ക് പേജിൽഞാൻ കുറിച്ച വരികളിലും , വിവിധ ടെലിവിഷൻ ചാനലുകളിൽ വന്ന അഭിമുഖങ്ങളിലും പരാമർശവിധേയമായ രണ്ട് പേരുകൾ ഉണ്ട് അച്ചു ബ്രദർ , ആതിര സിസ്റ്റർ .
ഒരുപാട് പേർ എന്നോട് ചോദിച്ചു. 'ആരാണ് അച്ചു ബ്രദറും ആതിര സിസ്റ്ററും '
ഞാൻ ജോലിചെയ്യുന്ന തിരുവനന്തപുരം ജി.ജി ആശുപത്രിയിലെ നേഴ്‌സുമാരാണ് രണ്ടുപേരും.
അവർ എന്നോടൊപ്പം ചേർന്നിട്ട് നീണ്ട എട്ടു വർഷങ്ങൾ കഴിയുന്നു .....
ഊണും ഉറക്കവും ജീവിതവും മാറ്റിവച്ചു നിസ്തുലമായ പ്രവർത്തിക്കുന്ന നിരവധിപേർ ആതുര സേവന മേഖലയിൽ ഉണ്ട് .അവർ ആരായാലും തിരശ്ശീലയ്ക്ക് പുറകിൽലേക്ക് പോകേണ്ടവരല്ല. അവരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണ് . സേവന സന്നദ്ധരായ അസംഖ്യം പേർക്ക് ഇതൊരു പ്രചോദനമാകട്ടെ .
കോടിയേരി സഖാവിന്റെ ചികിൽസ ജി.ജി യിലേക്ക് മാറ്റുമ്പോൾ നഴ്‌സിങ് കെയറിൽ ആര് വേണമെന്ന് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതിനായി നിയോഗിക്കപെട്ടവരായിരുന്നു അച്ചു ബ്രദറും ആതിര സിസ്റ്ററും. രോഗികളോടുള്ള സമീപനവും, സേവന സന്നദ്ധതയും വർഷങ്ങളായി എനിക്ക് അറിയാവുന്ന രണ്ടുപേർ ...
ആദ്യ ഘട്ടങ്ങളിൽ സഖാവ് ആശുപത്രിയിൽ തന്നെ വന്ന് പരിശോധനകൾക്കായി രക്തം നൽകുകയും, കീമോയും അതിനോടനുബന്ധ ചികിത്സകളും നടത്തുകയും ചെയ്തിരുന്നു. , പ്രായോഗികമായി ജനങ്ങളോട് എപ്പോഴും സംവദിച്ചു കൊണ്ടിരിക്കേണ്ട അദ്ദേഹത്തിനെ പോലുള്ള ഒരു നേതാവിന്റെ സൗകര്യം കണക്കിലെടുത്ത് അച്ചുവും, ആതിരയും അദ്ദേഹം താമസിക്കുന്ന എ.കെ.ജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റിൽ പോവുകയും അദ്ദേഹത്തിന്റെ രക്തം ശേഖരിക്കുകയും കീമോതെറാപ്പിക്ക് ശേഷം കൊടുക്കേണ്ട ഇഞ്ചക്ഷൻ അടക്കമുള്ള മരുന്നുകളും നൽകുകയും ചെയ്തിരുന്നു. ആന്റിബയോട്ടിക്കുകൾ കൊടുക്കേണ്ട പല അവസരങ്ങളിലും അദ്ദേഹം സ്റ്റെബിലൈസ് ആകുന്നത് വരെ ആശുപത്രിയിൽ വച്ചും, പിന്നീട് മേൽപ്പറഞ്ഞ ഫ്‌ളാറ്റിൽ വച്ചുമാണ് അവർ കൊടുത്തിരുന്നത്. ഒരിക്കൽ അദ്ദേഹത്തിന് പൊളിറ്റ് ബ്യൂറോയിൽ പങ്കെടുക്കേണ്ട അവസരത്തിൽ ഇഞ്ചക്ഷൻ ആന്റിബയോട്ടിക്കുകൾ എടുക്കാൻ വേണ്ടി അദ്ദേഹത്തെ ഡൽഹിയിലേക്ക് അനുഗമിച്ചത് അച്ചു ബ്രദർ ആയിരുന്നു. ഡൽഹിയിലുള്ള കേരള ഹൗസിൽ സഖാവിന് വേണ്ടി ഒരു പ്രത്യേക മുറി തയ്യാറാക്കുകയും അവിടെവെച്ച് അദ്ദേഹത്തിന് മരുന്ന് നൽകുകയുമാണ് ചെയ്തത്. രാജീവ് ഗാന്ധി ക്യാൻസർ സെന്ററിലെ എന്റെ സുഹൃത്ത് ഡോക്ടർ വർഗീസ് ആയിരുന്നു അതിനുള്ള സൗകര്യം ഒരുക്കി തന്നത്.
നാളുകൾക്കുള്ളിൽ ആ ബന്ധം സുദൃഢമാവുകയും സഖാവും കുടുംബവും അച്ചുവിനെയും ആതിരയെയും സ്വന്തം കുടുംബാംഗങ്ങളെ പോലെ കണക്കാക്കുകയും ചെയ്തു. ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ പൂർണമായ സ്വാതന്ത്ര്യം ഇക്കാര്യത്തിൽ ഇരുവർക്കും ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഈ കാലയളവിലായിരുന്നു അച്ചുവും ആതിരയും തമ്മിലുള്ള വിവാഹം. കീമോതെറാപ്പി എടുത്തു കൊണ്ടിരുന്ന വേളയായിരുന്നുവെങ്കിലും ആരോഗ്യ സംബന്ധമായ പ്രയാസങ്ങളെയൊക്കെ അതിജീവിച്ച് സഖാവ് കോടിയേരി ഭാര്യ വിനോദിനി ചേച്ചിയും, പ്രൈവറ്റ് സെക്രട്ടറി റിജുവിനോടൊപ്പം വിവാഹമംഗളത്തിൽ പങ്കെടുത്തു . പലരും അത്ഭുതം കൂറിയെങ്കിലും അത് സഖാവിന് അവരോടുള്ള സ്‌നേഹ വാത്സല്യങ്ങളുടെ തെളിവായിരുന്നു ആ നിമിഷങ്ങൾ .
ആതിര ഗർഭിണിയായ അവസരത്തിൽ ചില കോംപ്ലിക്കേഷൻ സംഭവിച്ചതുകൊണ്ട് തിരുവനന്തപുരത്തുള്ള എസ്.എ.ടി ആശുപത്രിയിൽ ഐ.സി.യുവിൽ അഡ്‌മിറ്റ് ചെയ്യേണ്ടി വന്നിരുന്നു. ആ സമയത്ത് സഖാവ് കോടിയേരി ആരോഗ്യമന്ത്രിയായ ശ്രീമതി വീണാ ജോർജിനെ ബന്ധപ്പെടുകയും മെഡിക്കൽ കോളേജിൽ അതിരക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താൻ വേണ്ടി പ്രത്യേക ശുപാർശ ചെയ്യുകയും ചെയ്തു . ഡിപ്പാർട്ട്‌മെന്റ് മേധാവിമാരെ പോലും അദ്ദേഹം നേരിട്ട് വിളിച്ചു . ഒരു നേഴ്സിന് വേണ്ടി കോടിയേരിയെപോലെ ഒരാൾ മറുതലയ്ക്കൽ നിന്ന് സംസാരിക്കുമ്പോൾ പലരും അത്ഭുതം കൂറിയിട്ടുണ്ടാകും.
കൂടെ നടക്കുന്നവരോടും, ബന്ധപ്പെടുന്നവരോടുമുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആത്മാർത്ഥമായ കരുതലിന്റെയും, സ്‌നേഹത്തിന്റെയും തെളിമയുള്ള ഉദാഹരണങ്ങൾ ആയിരുന്നു അന്ന് ഞങ്ങൾ കണ്ടതും അനുഭവിച്ചതും . അദ്ദേഹത്തിന്റെ പരിചരണ സംബന്ധമായ ചെറിയ കാര്യങ്ങളിൽ പോലും അച്ചു ബ്രദർ നിതാന്തമായ ശ്രദ്ധയും ജാഗ്രതയും പുലർത്തി. രാവിലെ ആശുപത്രിയിലെ ഡ്യൂട്ടിക്ക് ശേഷം പലപ്പോഴും അച്ചു സഖാവിന്റെ വീട്ടിൽ തങ്ങുകയും ചികിത്സയുമായി ബന്ധപ്പെട്ടുള്ള പരിചരണങ്ങൾ നൽകുകയും ചെയ്തു . സഖാവിന്റെ ആരോഗ്യനില വഷളായ സമയത്തൊക്കെ ആശുപത്രിയിലെ സേവനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും അദ്ദേഹത്തിന് വ്യക്തിപരമായ സഹായവുമായി അച്ചു കൂടെ നിന്നു . ആതിരയുടെ പ്രസവസമയത്തും, ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്ന സമയത്തും അച്ചു ആരോഗ്യനില വഷളായ സഖാവിനൊപ്പമായിരുന്നു.
അപ്പോളോയിലേക്ക് സഖാവിനെ ഷിഫ്റ്റ് ചെയ്യുന്നതിന്റെ തലേന്ന് തന്നെ അച്ചുവും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ള സംഘവും ചെന്നൈയിലേക്ക് തിരിക്കുകയും അവിടെ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച ഏയർ ആംബുലൻസിൽ അദ്ദേഹം എത്തുമ്പോൾ അച്ചു അവിടെ സന്നിഹിതനായിരുന്നു. വർഷങ്ങളായി കൂടെ നിന്ന് പരിചരിക്കുന്ന അച്ചുവിന്റെ സാന്നിധ്യം അദ്ദേഹത്തിന് ആത്മവിശ്വാസവും കരുത്തും പകർന്നിട്ടുണ്ടാകും
നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയിൽ ചികിത്സാ സംബന്ധമായ വിസിബിലിറ്റി കിട്ടുന്നത് ഡോക്ടർമാർക്ക് മാത്രമാണ്. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഡോക്ടറുടെ നേരിട്ടുള്ള സേവനം ലഭ്യമാകുന്ന സമയം പരിമിതമായിരിക്കും. ഓ.പിയിലും റൗണ്ട്‌സിലും സേവനം ആവശ്യമുള്ള അസംഖ്യം രോഗികൾ കാത്തിരിക്കുന്നതുകൊണ്ട് സ്വാഭാവികമായ സമയക്രമം പാലിക്കേണ്ടതായി വരും. അവിടെയാണ് നഴ്‌സുമാർ അടക്കമുള്ള വലിയ ടീമിന് പ്രാധാന്യം കൈ വരുന്നത്.
ഞാൻ പലപ്പോഴും എന്റെ നഴ്‌സുമാരുടെ അടുത്ത് പറയുന്ന ഒരു കാര്യം ഉണ്ട് . 'ഒരു ദിവസത്തിന്റെ പത്ത് മിനിറ്റ് മാത്രമായിരിക്കും രോഗിയെ നോക്കാൻ ഒരു ഡോക്ടർക്ക് കിട്ടുന്നത് ' ബാക്കിയുള്ള ഇരുപത്തിമൂന്ന് മണിക്കൂറും അൻപത് മിനിറ്റും ആ രോഗിയുടെ ഓരോ കാര്യങ്ങൾ ശ്രദ്ധിക്കുകയും, മരുന്നുകൾ നൽകുകയും, ഡോക്യുമെന്റ് ചെയ്യുകയും ചെയ്യേണ്ടത് നഴ്‌സുമാരുടെ കടമയാണ്.
പക്ഷേ അവർ ചെയ്യുന്ന സേവനങ്ങൾക്ക് സാമൂഹ്യമായും സാമ്പത്തികമായും ലഭിക്കേണ്ട പരിഗണനകൾ കിട്ടുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് അച്ചു ബ്രദറിനെയും ആതിര അസിസ്റ്ററിനെയും പോലുള്ളവരുടെ സേവനങ്ങൾ പൊതുസമൂഹം അറിഞ്ഞിട്ടും അറിയാതെ അല്ലെങ്കിൽ വില കൽപ്പിക്കാതെ പോകുന്നത്. രണ്ടര വർഷത്തോളം നീണ്ടുനിന്ന സഖാവിന്റെ ചികിത്സയുടെ പല ഘട്ടത്തിലും ഞങ്ങൾ ഓരോരുത്തരും അവരവരെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുകയും സഖാവിന്റെ കുടുംബത്തോട് ചേർന്ന് നിൽക്കുകയും ചെയ്തു. എന്നാൽ സഖാവിന്റെ വേർപാട് കുടുംബത്തിനും പ്രസ്ഥാനത്തിനും ഉണ്ടാക്കിയ വലിയ വേദന പോലെ ഞങ്ങളോരോരുത്തർക്കും വലിയ മാനസിക ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കുന്നുണ്ട്.
കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നതും ഇനി ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ പോകുന്നതും അനുഭവ സമ്പത്തും തൊഴിൽ വൈദഗ്ധ്യവുമുള്ള നഴ്‌സുമാരുടെ അഭാവമാണ്. ഇപ്പോൾ തന്നെ അനുഭവ പരിചയമുള്ള വലിയൊരു ശതമാനം പേരും അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് പോലെയുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു . അതിനൊരു പരിഹാരം സാമൂഹ്യമായി അവരുടെ ജോലിക്ക് ലഭിക്കേണ്ട ആദരവും മാന്യതയും സുരക്ഷിതത്വവും നൽകുക എന്നതാണ് . കാലോചിതമായി പരിഷ്‌കരിക്കേണ്ട സേവന-വേതന വ്യവസ്ഥകൾക്ക് മുൻഗണന നൽകുക എന്നത്കൂടിയാണ്.
ഡോക്ടർമാരിൽ മാത്രം കേന്ദ്രീകൃതമാകുന്ന ആരോഗ്യരംഗം നഴ്‌സുമാരും പാരാ മെഡിക്കൽ അംഗങ്ങളുമടങ്ങുന്ന സമഗ്രമായ ഒരു ടീമിന്റെ ചുമതലയിലേക്ക് മാറുംമ്പോൾ മാത്രമാണ് ഈ രംഗത്ത് ശോഭനമായ ഒരു ഭാവി കൈവരുന്നത് എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതിൽ നഴ്‌സുമാർക്കുള്ള പ്രാധാന്യം വളരെ വലുതാണ് എന്ന കാര്യം കൂടി ഈയൊരു അവസരത്തിൽ എടുത്ത് പറയട്ടെ !
ഡോ.ബോബൻ തോമസ്
മറുനാടന് മലയാളി ബ്യൂറോ