കൊല്ലം: ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിടുന്ന ഭര്‍ത്താവ്. കസേര എടുത്ത് തലയ്ക്ക് അടിക്കുന്ന ഭര്‍ത്താവ്. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ട് മാത്രം മരിക്കുന്നില്ലെന്ന് സുഹൃത്തുക്കള്‍ ഓഡിയോ സന്ദേശം അയ്ക്കുന്ന ഭര്‍ത്താവ്. ദുരൂഹ സാഹചര്യത്തില്‍ അതുല്യ മരിക്കുമ്പോഴും കൊലക്കയര്‍ ഒഴിവാക്കാന്‍ ആ 'സൈക്കോ' നാടകങ്ങള്‍ തുടരുന്നു. ഭാര്യയോട് ഇഷ്ടമുള്ള ഭര്‍ത്താവ് എന്ന പാവത്താന്‍ ഇമേജ് നേടാനുള്ള കുതന്ത്രങ്ങള്‍ സതീഷ് ശങ്കര്‍ തുടങ്ങി. ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ അതുല്യ മരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭര്‍ത്താവ് സതീഷ് ശങ്കര്‍. 'അതു പോയി ഞാനും പോകുന്നു' എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. അതുല്യയെ കൊലപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. ഇത് മറയ്ക്കാനാണ് ശ്രമം. താനും ആത്മഹത്യ ചെയ്യുമെന്ന് പോസ്റ്റിട്ട സതീഷ് അത് ചെയ്തില്ല. താന്‍ തൂങ്ങിയെന്നും പക്ഷേ മരിച്ചില്ലെന്നും എല്ലാമുള്ള വിചിത്ര കഥകളാണ് ഇയാള്‍ ഉയര്‍ത്തുന്നത്. കൊലക്കുറ്റം വരാതിരിക്കാനുള്ള തന്ത്രപരമായ ഇടപെടല്‍.

ഏഷ്യാനെറ്റ് ന്യൂസിന് സതീഷ് നല്‍കിയ വെളിപ്പെടുത്തലില്‍ തന്നെ കൊലയാണ് നടന്നതെന്ന് വ്യക്തം. കാല്‍ താഴെ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും പറയുന്നു. താന്‍ മദ്യപിക്കും. സുഹൃത്തിന്റെ വീട്ടില്‍ പോയി. അകത്തു നിന്നും വീട് പൂട്ടി വന്നു നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്-ഇതാണ് സതീഷിന്റെ തുറന്നു പറച്ചില്‍. വീക്കെന്‍ഡില്‍ മദ്യപിക്കാറുണ്ടെന്നും പറയുന്നു. ഇവിടെയാണ് നിര്‍ണ്ണായക ചോദ്യം. ആ വീടിന് ഒരു താക്കോലേ ഉള്ളൂവെന്ന് സതീഷ് പറയുന്നു. അങ്ങനെ അകത്തു നിന്നും പൂട്ടിയ വീട് എങ്ങനെയാണ് അതുല്യ തൂങ്ങി മരിച്ച നിലയില്‍ ആയതിന് ശേഷം സതീഷിന് മുന്നില്‍ തുറന്നത് എന്നതാണ്. ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത് എന്ന് സതീഷ് പറയുന്നുമില്ല. അതായത് അകത്തു നിന്നും പൂട്ടി എന്ന് പറയുന്ന വീട് സതീഷ് എത്തിയപ്പോള്‍ താനെ തുറന്നു. അതിനൊപ്പം കട്ടിലിന്റെ സ്ഥലം മാറ്റം. മൂന്ന് പേര്‍ പിടിച്ചാലും മാറാത്ത കട്ടില്‍ അതുല്യ മാറ്റിയെന്നാണ് അവകാശ വാദം. ഇതെല്ലാം അതുല്യയ്ക്ക് അത്തരത്തില്‍ ഫാനില്‍ കെട്ടി തൂങ്ങാന്‍ കഴിയുമോ എന്ന സംശയം ഉണ്ടാക്കുന്നതാണ്. കൊന്ന് കെട്ടിതൂക്കാനുള്ള സാധ്യതയാണ് ഇതിലുള്ളത്. പ്രത്യേകിച്ച് വീക്കെന്‍ഡിലെ മദ്യപാനത്തിന് ശേഷമുള്ള അക്രമം കൊലയിലേക്ക് വഴിമാറാനും സാധ്യതയുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് അതുല്യയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഇയാള്‍ പങ്കുവച്ചിരുന്നു. പിറന്നാള്‍ ദിവസം ഭാര്യക്കൊപ്പമുള്ള ചിത്രവും സതീഷ് പങ്കുവച്ചിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ അതുല്യയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ഉണ്ട്. മറ്റുള്ളവരുടെ മുന്നില്‍ മാതൃകാ ഭര്‍ത്താവാകാന്‍ സതീഷ് ശ്രമിച്ചിരുന്നു. ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യ ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയും ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചില ചിത്രങ്ങളും വീഡിയോകളും അതുല്യ അടുത്ത ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. വീഡിയോയില്‍ അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വീഡിയോയില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും കേള്‍ക്കാം. ഈ സമയത്ത് സൈക്കോയെപ്പോലെയാണ് ഭര്‍ത്താവ് പെരുമാറിയിരുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ ഇയാള്‍ പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

ഇവരുടേത് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നു. 17-ാം വയസ്സിലായിരുന്നു പെണ്ണുകാണല്‍. 18-ാം വയസിലാണ് അതുല്യയെ സതീഷ് വിവാഹം കഴിച്ചത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യ പീഡനമെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍ തന്നെ പീഡനം തുടങ്ങി. പിരിയുന്നതിന്റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു. അങ്ങനെയാണ് വീണ്ടും ഒന്നിച്ചതെന്ന് പിതാവ് വ്യക്തമാക്കി. അതുല്യയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭര്‍ത്താവ് സതീഷിന്റെ ക്രൂരതകള്‍ വിവരിച്ച് അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം മറുനാടന്‍ പുറത്തു വിട്ടു. തന്നെ അയാള്‍ ചവിട്ടിക്കൂട്ടിയെന്നും ജീവിക്കാന്‍ പറ്റുന്നില്ലെന്നും ശബ്ദസന്ദേശത്തില്‍ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാള്‍ക്കൊപ്പം നില്‍ക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സന്ദേശത്തില്‍ പറയുന്നു. അതുല്യയുടെ വിവാഹം കഴിഞ്ഞതുമുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സതീഷാണ് ഭാര്യയെ താന്‍ പൊന്നു പോലെ നോക്കിയെന്നും അതു എന്നാണ് വിളിക്കുന്നതെന്നുമെല്ലാം പറയുന്നത്.

ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാന്‍ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു. ഇതിനിടെ അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്.