- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞുണ്ടായ സമയത്തും അതുല്യ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു; അന്ന് സതീഷിന്റെ അമ്മ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ബാക്കിയുള്ളവരുടെ മുന്നില്‍ ഭയങ്കര കെയറിങ് ആണ്; അതുപോലൊരു ഭര്‍ത്താവ് ലോകത്ത് ഇല്ലെന്ന് തോന്നിപ്പിക്കുന്ന അഭിനയം; 12 മണി വരെ ഹാപ്പി ആയിരുന്ന ആള്‍ നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല'; സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമെന്ന് അതുല്യയുടെ സുഹൃത്ത്
സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമെന്ന് അതുല്യയുടെ സുഹൃത്ത്
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ സുഹൃത്ത് രംഗത്ത്. അതുല്യയുടെ മരണത്തിന് ശേഷം ഭര്‍ത്താവ് സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തായ യുവതി ആരോപിച്ചു.
''11 വര്‍ഷം ഇത്രയധികം പീഡനം സഹിച്ചിട്ടും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്തയാളാണ് അവള്‍. സംഭവം നടന്നദിവസം അവള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. അന്ന് ജന്മദിനവും പിറ്റേദിവസം ജോലിക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു. പുതിയ വസ്ത്രമെല്ലാം വാങ്ങിച്ചിരുന്നു. അങ്ങനെ 12 മണി വരെ ഹാപ്പി ആയിരുന്ന ആള്‍ നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യചെയ്യുമെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല നമ്മള്‍'', സുഹൃത്ത് വ്യക്തമാക്കി.
''രണ്ടോ മൂന്നോ തവണ അവള്‍ വിവാഹമോചനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞത് നിന്റെ ജീവിതവും നിന്റെ എല്ലാം ഞാനായിരിക്കണം എന്നാണ്. വിവാഹബന്ധം വേര്‍പ്പെടുത്തിയാലും നീ ജീവിക്കില്ല. നിന്നെയും കൊല്ലും കുഞ്ഞിനെയും കൊല്ലും ഞാനും ചാവും എന്ന് ഒരുപാട് തവണ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ അതുല്യയെ 'എന്റെ കുഞ്ഞ്' എന്നെല്ലാം വിളിക്കുന്നത് കുറ്റത്തില്‍നിന്ന് ഒളിച്ചോടാനുള്ള സതീഷിന്റെ നാടകമാണെന്നും അതുല്യയുടെ സുഹൃത്തായ യുവതി പറഞ്ഞു. പറ്റില്ലെങ്കില്‍ സതീഷിനെ ഒഴിവാക്കി വരാന്‍ അതുല്യയുടെ സഹോദരിയും താനടക്കമുള്ള സുഹൃത്തുക്കളും പലതവണ പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി. എന്നാല്‍, സതീഷ് കാലുപിടിച്ച് മാപ്പ് പറഞ്ഞപ്പോള്‍ അതുല്യ തിരികെപോകുകയായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
കുഞ്ഞുണ്ടായ സമയത്തും അതുല്യ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. അന്ന് സതീഷിന്റെ അമ്മ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്നും കിണറ്റില്‍ചാടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അവന് ഒരുചാന്‍സ് കൂടി കൊടുക്കൂ എന്ന് അപേക്ഷിച്ചു. ആറുമാസം മുന്‍പും അവള്‍ വീണ്ടും വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. മടുത്തെന്നും വിവാഹമോചനം വേണമെന്നും വേറെ എവിടെയെങ്കിലും പോയി താന്‍ ജീവിച്ചോളാമെന്നും അതുല്യ പലതവണ പറഞ്ഞു.
സതീഷ് ഇപ്പോള്‍ പറയുന്നതെല്ലാം വെറും നാടകമാണ്. ഞാന്‍തന്നെ വിളിക്കുമ്പോള്‍ അയാള്‍ അവളുടെ ഫോണ്‍ വാങ്ങി അത് തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. മൂന്നോ നാലോ ഫോണ്‍ എന്റെ അറിവില്‍ ഇത്തരത്തില്‍ പൊട്ടിച്ചിട്ടുണ്ട്. അവള്‍ ആരെയും വിളിക്കുന്നതൊന്നും അയാള്‍ക്ക് ഇഷ്ടമല്ല. ഒന്നിനും ഒരു സ്വാതന്ത്ര്യമില്ല. ഇപ്പോള്‍ കുഞ്ഞേ എന്നെല്ലാം അതുല്യയെ വിളിക്കുന്നത് ഒളിച്ചോടാനുള്ള നാടകം മാത്രമാണ്. എന്നോട് ഫോണില്‍ സംസാരിക്കുന്ന സതീഷായിരിക്കില്ല അവളോട് പെരുമാറുന്ന സതീഷ്. ബാക്കിയുള്ളവരുടെ മുന്നില്‍ ഭയങ്കര കെയറിങ് ആണ്. അതുപോലൊരു ഭര്‍ത്താവ് ലോകത്ത് ഇല്ലെന്ന് തോന്നിപ്പിക്കുന്നരീതിയിലുള്ള അഭിനയമാകും അയാളുടേത്.
ഒരുകൊല്ലം മുന്‍പ് അതുല്യ നാട്ടിലുണ്ടായിരുന്നു. അന്ന് ഞാനും നാട്ടിലുണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ചേട്ടന്‍ ആശംസ അറിയിച്ച് വിളിച്ചില്ലെന്ന് പറഞ്ഞ് അതുല്യ അന്ന് സങ്കടം പറഞ്ഞിരുന്നു. ഞാന്‍ കേക്ക് വാങ്ങി എത്തിച്ചു. ആ കേക്ക് മുറിച്ച് അവള്‍ ഫെയ്സ്ബുക്കില്‍ അതിന്റെ ചിത്രം പോസ്റ്റ് ചെയ്തു. അത് കണ്ടിട്ട് സതീഷ് എന്നെ വിളിച്ച് വഴക്കുപറഞ്ഞു. നീ ആരാ എന്റെ ഭാര്യയ്ക്ക് കേക്ക് വാങ്ങികൊടുക്കാന്‍, അവള്‍ക്ക് കേക്ക് വേണേല്‍ എനിക്കറിയാം. ഇങ്ങനെയുള്ള ഇയാള്‍ ജന്മദിനത്തില്‍ വിളിക്കാത്തതിന് നീ എന്തിനാണ് പ്രയാസപ്പെടുന്നതെന്ന് അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചതാണ്. ചേട്ടന് ആരുമില്ല, ചേട്ടന്റെ വീട്ടുകാര്‍ ആരും ചേട്ടനുമായി സഹകരണമില്ല. ചേട്ടന് പിന്നെ ഞാന്‍ മാത്രമല്ലേയുള്ളൂ. ഞാന്‍ വിട്ടുപോയാല്‍ ചേട്ടന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചേട്ടന്‍ എന്തെങ്കിലും ചെയ്തോട്ടെ, ചേട്ടന്‍ മാറുമായിരിക്കും. ചേട്ടന് എന്നെ ഭയങ്കരകാര്യമാണ്. ചേട്ടന്‍ കള്ളുകുടിക്കുമ്പോഴേ പ്രശ്നമുള്ളൂ എന്നെല്ലാമായിരുന്നു മറുപടി.
അവള്‍ക്ക് അയാളെ ഭയങ്കരസ്നേഹവും വിശ്വാസവുമായിരുന്നു. എന്നാല്‍, അയാള്‍ക്ക് നേരേ തിരിച്ചായിരുന്നു. സുഹൃത്തുക്കളുമായി എവിടെയെങ്കിലും പോകുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. നാട്ടിലായാലും വിദേശത്തായാലും അയാളുടെ അനുമതി വേണം. ഉത്സവമോ കല്യാണമോ എന്തായാലും അയാള്‍ പറയാതെ അവള്‍ക്ക് പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആരാ കൂടെയുള്ളതെന്ന് ഓണ്‍ ദി സ്പോട്ടില്‍ വീഡിയോകോള്‍ ചെയ്ത് കാണിക്കണം.
ഒരുവര്‍ഷം മുന്‍പ് ഞങ്ങളുടെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് എല്ലാവരും പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കല്യാണത്തിന് പോയാല്‍ മതി, റിസപ്ഷന് പോകേണ്ട എന്നാണ് സതീഷ് അതുല്യയോട് പറഞ്ഞത്. എല്ലാരുമില്ലേ എന്ന് പറഞ്ഞ് ഞങ്ങള്‍ നിര്‍ബന്ധിച്ച് അവളെകൊണ്ടുപോയി. അത് അവളുടെ ജീവിതത്തില്‍ ഭയങ്കര പ്രശ്നമായി. അത്രയും മോശമായാണ് അയാള്‍ അവളോട് പെരുമാറിയത്. കുറേനാളത്തേക്ക് സംസാരിച്ചില്ല. ചെലവിന് പൈസ കൊടുത്തില്ല. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കിയില്ല. കുഞ്ഞിനോടുള്ള സ്നേഹംകൊണ്ട് മാത്രമാണ് അവള്‍ അയാളുടെ അടുത്ത് പിടിച്ചുനിന്നത്. കുഞ്ഞിന്റെ ജീവിതം സുരക്ഷിതമാക്കാനാണ് അവള്‍ അവിടെകിടന്ന് അനുഭവിച്ചത്'', സുഹൃത്ത് പറഞ്ഞു.
തന്റെ സഹോദരി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരിക്കുന്നതിന് തലേദിവസം വരെ പുതിയ പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നുവെന്നും അതുല്യയുടെ സഹോദരി അഖില പറയുന്നു. ഇത്ര പെട്ടെന്ന് ജീവിതം അവസാനിപ്പിക്കാനാണെങ്കില്‍ തന്റെ സഹോദരി ഇത്രയേറെ സഹിക്കില്ലായിരുന്നുവെന്ന് അഖില പറഞ്ഞു. നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് എല്ലാവരും പറഞ്ഞിട്ടും മകളെ ഓര്‍ത്തും സതീഷിനോടുള്ള സ്നേഹം കൊണ്ടുമാണ് സഹോദരി പിടിച്ചുനിന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണെന്ന് മരിക്കുന്നതിന്റെ തലേന്ന് വരെ തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി.
അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീഷ് അതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു. അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്‌കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്നായിരുന്നു സതീഷ് പറഞ്ഞത്. അവളുടെ കൈയില്‍ ഒരു ബട്ടന്‍സും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. ക്യാമറ പരിശോധിക്കണം. എന്റെ പ്രശ്നങ്ങളെ തുടര്‍ന്നാണ് അവള്‍ ആത്മഹത്യ ചെയ്തതെങ്കില്‍ ഇത് ദുബായ് ആണ്. അവള്‍ക്ക് ഇട്ടിട്ട് പോകാമായിരുന്നുവെന്നും സതീഷ് പറഞ്ഞു. അതുല്യ മരിച്ചതിന് ശേഷം താനും ആത്മഹത്യക്ക് ശ്രമിച്ചതായും സതീഷ് പ്രതികരിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തള്ളിയാണ് അതുല്യയുടെ സുഹൃത്ത് രംഗത്ത് വന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയാണ് അതുല്യ(30). ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയറാണ്. സതീഷ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ മടങ്ങിയെത്തിയതോടെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.