തിരുവനന്തപുരം: എലത്തൂരിലെ പ്രതിയെ പിടിച്ചതോടെ കേരളത്തിലെ ഭീകര വിരുദ്ധ സേനയ്ക്ക് കണ്ടക ശനി. മഹാരാഷ്ട്രയിലെ പൊലീസാണ് പ്രതിയെ പിടിച്ചതെങ്കിലും ഷാറൂഖിനെ കണ്ടെത്തിയത് കേരളാ പൊലീസിലെ തീവ്രവാദ വിരുദ്ധ സേനയാണ്. ഇതോടെ എടിഎസിന്റെ തലവൻ തെറിച്ചു. പിന്നാലെ പുതിയ ആളെത്തിയെങ്കിലും പ്രതിസന്ധിയിലാണ് ഭീകരവിരുദ്ധ സേന (എ.ടി.എസ്.). സംസ്ഥാനമാകെ പ്രവർത്തനപരിധിയുള്ള സേന വലിയ പ്രതിസന്ധിയിലാണ്. ഭീകരവിരുദ്ധ സേന നടത്തിവരുന്ന നിർണായകമായ കേസുകളുടെയെല്ലാം തുടരന്വേഷണം, വാഹനസൗകര്യമില്ലാത്തതുമൂലം മന്ദീഭവിച്ച നിലയിലാണ്.

ഫെബ്രുവരി മുതൽ ഇന്ധന ഫണ്ട് നൽകുന്നതേയില്ല. 17 വാഹനങ്ങളും വെറുതെയിട്ടിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമുള്ള ആസ്ഥാനത്തുമാത്രമാണ് പ്രവർത്തനം. കോഴിക്കോട് എലത്തൂരിൽ തീവണ്ടിയിലുണ്ടായ തീവെപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് തലപ്പത്തെ ഉന്നതനും ഭീകരവിരുദ്ധ സേനയും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് സേനയുടെ ചുമതലയിൽനിന്ന് ഐ.ജി. പി.വിജയനെ ഒഴിവാക്കുകയും കണ്ണൂർ റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യക്ക് അധികച്ചുമതല നൽകുകയുമായിരുന്നു. ഇതിന് ശേഷവും മാറ്റമുണ്ടായില്ല.

എലത്തൂർ അന്വേഷണത്തിന് ശേഷം സൈബർ വിഭാഗത്തിലെ ഒരു ഗ്രേഡ് എസ്‌ഐ.ക്കും ഒരു സി.പി.ഒ.യ്ക്കും അന്ന് സ്ഥാനചലനമുണ്ടായി. ഈ തർക്കം ശീതസമരമായി മാറിയെന്നാണ് വിവരം. എലത്തൂർ തീവെപ്പ് കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥരുടെ ചെലവിൽ ഇന്ധനംനിറച്ച് ഒരു വാഹനം മാത്രമാണ് കോഴിക്കോട്ടേക്കു പോയത്. ഏഴ് ഉദ്യോഗസ്ഥരെയും അത്യാവശ്യം ഉപകരണങ്ങളും മാത്രമേ കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എലത്തൂർ അന്വേഷണത്തിനിടെ എടിഎസിനെതിരെ നിരവധി പരാതികൾ സർക്കാരിനുണ്ടായി.

പ്രതിയെ മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടം കോഴിക്കോട് അശുപത്രിയിൽ സന്ദർശിച്ചതോടെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞ മൊഴി മാറ്റുകയും ചെയ്തു. ഇതെല്ലാം കേരളത്തിലെ ഭീകര വിരുദ്ധ സേനയും തിരിച്ചറിഞ്ഞു. ഇതിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിഷയത്തിൽ പൊലീസ് കേസെടുത്തില്ല. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് എത്തിയ മാധ്യമ പ്രവർത്തകൻ ആശുപത്രിയിൽ എത്തിയതിൽ അന്വേഷണം നടത്തിയില്ല. എന്നാൽ പ്രതിയെ കൊണ്ടു വരുന്ന വഴി ചിത്രമെടുത്തവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതും എടിഎസിലെ ചിലരെ തളയ്ക്കാനാണെന്ന് സൂചനയുണ്ട്.

ഇതിനൊപ്പമാണ് എടിഎസിനെ പ്രതിസന്ധിയിലാക്കി തീരുമാനങ്ങൾ. നാലുലക്ഷം രൂപ കുടിശ്ശിക വന്നപ്പോഴാണ് നെടുമ്പാശ്ശേരിയിലെ പമ്പുടമ ഇന്ധനം നൽകാതെയായത്. ഉദ്യോഗസ്ഥർക്ക് ഇപ്പോൾ യാത്രാച്ചെലവ് നൽകുന്നില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സ്വന്തമായി ഹെഡ് ഓഫ് അക്കൗണ്ട് ഇല്ലാത്ത ഭീകരവിരുദ്ധ സേനയ്ക്ക് ക്രൈംബ്രാഞ്ചിന്റെ അക്കൗണ്ടിലാണ് പണം അനുവദിക്കുന്നത്. ഭീകരവിരുദ്ധ സേന രൂപവത്കരിച്ചപ്പോൾത്തന്നെ അധിക സാമ്പത്തികബാധ്യത ഉണ്ടാകരുതെന്ന് സർക്കാർ നിഷ്‌കർഷിച്ചിരുന്നു.

നാലു മിനിസ്റ്റീരിയൽ ജീവനക്കാർ മാത്രമേ സേനയുടെ ഭാഗമായുള്ളൂ. ക്രൈംബ്രാഞ്ച് അടക്കമുള്ള വിവിധ വിഭാഗങ്ങളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഭീകരവിരുദ്ധ സേന പ്രവർത്തിക്കുന്നത്. രണ്ട് ഡിവൈ.എസ്‌പി.മാർ, രണ്ട് സിഐ.മാർ, അഞ്ച് എസ്‌ഐ.മാർ എന്നിവരടക്കം 80 പേരാണ് ആകെയുള്ളത്. ഒരു സിഐ. ദീർഘാവധിയിലാണ്.