- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് തമിഴ്നാടല്ല എന്ന് പറഞ്ഞ് ആക്രമണം; കൊച്ചി ഗോശ്രീപാലത്തിൽ വച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണം; വാഹനം തടഞ്ഞുനിർത്തി ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായി പരാതി; മദ്യലഹരിയിൽ ആക്രമണം നടത്തിയത് ഉടുമ്പൻചോല സ്വദേശിയായ കണ്ടെയ്‌നർ ലോറി ഡ്രൈവർ
കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ കൊച്ചി ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ ആണ് കാർ തടഞ്ഞു നിർത്തിയത്. ഇത് തമിഴ്‌നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. ടിജോ ഒരു കണ്ടെയ്‌നർ ലോറി ഡ്രൈവറാണ്. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.
പുതുവൈപ്പിനിലെ ഭാര്യവീട്ടിൽ താമസിക്കുകയാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള ആക്രമണമാണോ ഉണ്ടായതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം താൻ വാഹനം തടഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ടിജോ പറഞ്ഞു. തനിക്ക് ഹൈക്കോടതിയിൽ കേസില്ല. എന്നാൽ വാഹനത്തിന് മുന്നിൽ വട്ടം ചുറ്റിയിട്ടുണ്ട്. കയർത്ത് സംസാരിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും ഉടുമ്പൻചോല സ്വദേശിയായ ടിജോ പറഞ്ഞു. എന്നാൽ ടിജോക്ക് വേറെയും കേസ് ഉണ്ടെന്ന് മുളവുകാട് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ