തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാറിനെയാണ് (39) ചോദ്യം ചെയ്യലിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാൾ. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. പേരൂർക്കട ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

10 വർഷമായി ഇയാൾ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാർ. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയാണ് കുറവൻകോണത്തെ വീട്ടിൽ അജ്ഞാതൻ കയറാൻ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്റെ പരിസരത്തുണ്ടായിരുന്നു. അർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്റെയും മുകൾനിലയിലെ ഗ്രില്ലിന്റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെളുപ്പിന് മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇയാൾ ഈ വീട്ടിലെത്തിയിരുന്നു. എന്നാൽ മുഖം മറച്ചായിരുന്നു രണ്ടാമത്തെ വരവ്.ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനമാണ് ഓടിച്ചിരുന്നത്.

ഈ വാഹനത്തിലാണ് നഗരത്തിൽ രാത്രി കറങ്ങിയത്. സർക്കാർ ബോർഡ് പതിച്ച ഈ വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചിരുന്നത് ഇറിഗേഷൻ വകുപ്പിന്റെ വാഹനമാണ്.

യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്ത് വീട്ടിൽ കയറിയ ആളും ഒരാളുതന്നെയെന്ന് അന്വേഷണ സംഘം രാവിലെ തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ചെ 4.40നാണ് ആയിരുന്നു മ്യൂസിയം പരിസരത്തുവച്ച് യുവതിയെ ഇയാൾ ആക്രമിച്ചത്. അന്നേ ദിവസം രാത്രി കുറവൻകോണത്തെ വീട്ടിലും ഇയാൾ എത്തി. ഇരുവരും ഒരാൾ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസ് നിലപാട്. പിന്നീട് സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവിൽ രണ്ടു പേരും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു.

കാറിൽ വന്നിറങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീ മൊഴി നൽകിയിരിക്കുന്നത്. വാഹനം നിറുത്തിയ ശേഷം നടന്ന് വന്ന് പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം മ്യൂസിയത്തിന്റെ ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഏഴ് ദിവസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെതിരെ നിരവധി കോണിൽനിന്ന് വൻ വിമർശനങ്ങളും നേരിട്ടിരുന്നു.

ഇതിന് പിന്നാലെ കുറവൻകോണത്ത് വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറി എന്ന വാർത്ത പുറത്തുവരുന്നത്. ഇതേ ആൾ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചിരുന്നു.

പിന്നീട് കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാൾ തന്നെയാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. ഇതിന്റെ പിന്നാലെയാണ് ഇപ്പോൾ ഷാഡോ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തത്. കന്റോൺമെന്റ് പൊലീസാണ് ഇയാളെ ചോദ്യം ചെയ്തത്.

വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാർ പരിസരത്ത് പാർക്ക് ചെയ്ത ശേഷം കുറവൻകോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നു, അതിനുശേഷം പുലർച്ചെ മ്യൂസിയത്തെത്തി യുവതിക്കെതിരെ അതിക്രമം നടത്തുന്നു. ഈ നിഗമനത്തിൽനിന്നാണ് പ്രതി ഒരാൾ തന്നെ എന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.