തൃശൂർ: കൗമാരക്കാരനെ കൊടുവാൾ കൊണ്ട് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ റീലുകളായി ചിത്രീകരിച്ച് വീരപരിവേഷത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ചെറുപ്പക്കാരുടെ സംഘങ്ങൾ. ലഹരിസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ. തൃശൂർ ജില്ലയിലെ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂരിൽ ഏകദേശം മൂന്നാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, വെട്ടേറ്റയാളുടെ കുടുംബം പരാതി നൽകാൻ തയ്യാറാകാത്തത് തുടർനടപടികൾക്ക് തടസ്സമായെന്ന് പോലീസ് അറിയിച്ചു.

പാടത്തോടു ചേർന്ന ആളൊഴിഞ്ഞ മേഖലയിൽ ലഹരി ഉപയോഗിക്കാനെത്തുന്ന രണ്ട് സംഘങ്ങൾ തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായത്. മണ്ണംപേട്ട ഭാഗത്തുനിന്നുള്ള സംഘം കൂടുതൽ ചെറുപ്പക്കാരുമായെത്തി കല്ലൂർ ഭാഗത്തെ സംഘത്തിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നു. "നിന്റെ തല ഞാൻ വെട്ടും" എന്ന ആക്രോശത്തോടെ കൊടുവാൾ കൊണ്ട് ഒരാൾ എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിനു നേർക്ക് ആഞ്ഞുവീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തലനാരിഴ വ്യത്യാസത്തിനാണ് കൊടുവാൾ കഴുത്തിൽ ഗുരുതരമായ മുറിവുകളേൽപ്പിക്കാതെ കടന്നുപോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തം. മറ്റൊരു ചെറുപ്പക്കാരനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം പാടത്തെ വെള്ളക്കെട്ടിലേക്ക് തള്ളിയിടുകയും ചെയ്യുന്നുണ്ട്. "തല്ലിക്കൊല്ലെടാ അവനെ" എന്ന് അക്രമികൾ ആർത്തുവിളിക്കുന്നതും റീലിൽ കേൾക്കാം.

"അവനെ നീ നോക്കിവച്ചോ. നാളെ സ്കൂളിൽ വരുമ്പോൾ അവനെ ഞാൻ എടുക്കും. എടുക്കുമെന്നു പറഞ്ഞാൽ ആരായാലും എടുക്കും. കഴുത്ത് ഞാൻ വെട്ടും" എന്നിങ്ങനെയുള്ള ഭീഷണികളും അസഭ്യവർഷവും ദൃശ്യങ്ങളിൽ വ്യക്തമാണ്. ലഹരി സംഘങ്ങൾ മുൻപും പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ള മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ പശ്ചാത്തല സംഗീതം ചേർത്ത റീലുകളായി, മേഖലയിലെ ചെറുപ്പക്കാരുടെ സംഘങ്ങൾക്കിടയിൽ വീരപരിവേഷത്തോടെ പ്രചരിപ്പിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായതോടെ പുതുക്കാട് പോലീസ് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വെട്ടേറ്റ കൗമാരക്കാരന്റെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞെങ്കിലും, കുടുംബം പരാതി നൽകാൻ വിസമ്മതിച്ചത് നിയമപരമായ തുടർനടപടികളുമായി മുന്നോട്ട് പോകാൻ പോലീസിന് തടസ്സമായിരിക്കുകയാണ്.