അഗർത്തല: ത്രിപുരയിലെ സംഘർഷമേഖലകൾ സന്ദർശിച്ച സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാർക്ക് നേരെ മുദ്രാവാക്യം വിളികളുമായി ആൾക്കൂട്ടം.വാഹനങ്ങൾക്ക് കേടുവരുത്തിയതായും സിപിഎം പരാതിപ്പെട്ടു.ഒടുവിൽ പൊലീസ് ഇടപെട്ടാണ് എളമരംകരീം ഉൾപ്പെടുന്ന സംഘത്തെ സ്ഥലത്തുനിന്ന് രക്ഷിച്ചത്.ബിശാൽഘഢിൽ സന്ദർശനം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ മുദ്രവാക്യം മുഴക്കി അടുക്കുകയായിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.

എളമരം കരീമിനു പുറമെ കോൺഗ്രസ് എംപി അബ്ദുൾ ഖലീഖ്, ഇവരെ അനുഗമിച്ച സിപിഐ എം സംസ്ഥാന സെക്രട്ടി ജിതേന്ദർ ചൗധരി എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ അജോയ് കുമാർ, പ്രതാപ്ഗഢ് എംഎൽഎ രാമുദാസ്, പിസിസി പ്രസിഡന്റ് ബ്രിജിത് സിൻഹ എംഎൽഎ എന്നവരും സംഘത്തിൽ ഉണ്ടായിരുന്നു.

ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഏഴംഗ ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാൽഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്.ഭീകാരന്തരീക്ഷം സൃഷ്ടിച്ച ബിജെപിക്കാർ നേതാക്കളെ ലക്ഷ്യമിട്ട് ആസൂത്രിത അക്രമം നടത്തുകയായിരുന്നു.മൊഹൻപുരിൽവച്ചും എംപിസംഘത്തിന്റെ വാഹനം ആക്രമിക്കാൻ ശ്രമമുണ്ടായിയെന്നും സംഘം പറയുന്നു.

ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈ സംഘർഷ മേഖലകൾ സന്ദർശിക്കാനാണ് പ്രതിപക്ഷ എംപിമാർ ത്രിപുരയിൽ എത്തിയത്.രണ്ട് ദിവസത്തെ സന്ദർശനത്തിനൊടുവിൽ ത്രിപുര ഗവർണറെയും എംപിമാർ കാണുന്നുണ്ട്.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എംപിമാരുടെ സംഘം ശനിയാഴ്ച നടത്താനിരുന്ന സന്ദർശനപരിപാടികൾ മാറ്റിവച്ചു. പകൽ 12ന് സോനാർതരി സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി.സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനുശങ്കർ, ടി എസ് ഷിഫാസ് എന്നിവർ സംസാരിച്ചു.

ത്രിപുരയിൽ എളമരം കരീം എംപി ഉൾപ്പെടെ ജനപ്രതിനിധികളെയും നേതാക്കളേയും ബിജെപി ക്രിമിനലുകൾ ആക്രമിച്ചതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.'ബിസാൽഗാർഹ്, മോഹൻപുർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്.

നാളെ ബിജെപി അവിടെ വിജയറാലി സംഘടിപ്പിക്കുന്നുണ്ട്.പാർട്ടി സ്‌പോൺസർ ചെയ്ത കലാപത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്' കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

ത്രിപുരയിൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി അധികാരത്തിലേറിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമണങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഇടതുപാർട്ടികളും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.