- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കുഞ്ഞുമായി എത്തിയ അമ്മയെ തള്ളിവീഴ്ത്തിയ സംഭവം; തലശേരിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ദേവാനന്ദ് ഒളിവിൽ; ഡോക്ടർക്കെതിരെ കൂടുതൽ പരാതികൾ; ടോക്കൺ വലിച്ചെറിയുന്നെന്നും അസഭ്യം പറയുന്നെന്നും രോഗികൾ; നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ
കണ്ണൂർ: ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും തള്ളിവീഴ്‌ത്തി കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ നടപടി. തലശേരി നഗരത്തിലെ തിരുവങ്ങാട് കീഴന്തിമുക്കിൽ നടന്ന സംഭവത്തിൽ, ബാലവാകാശ ചെയർമാൻ അഡ്വ. കെ.വി മനോജ് കുമാർ തലശേരി ടൗൺ പൊലിസിനോട് റിപ്പോർട്ട് തേടി.
കൈക്കുഞ്ഞിന്റെ മുൻപിൽ വെച്ചു മാതാവിനെ തള്ളിയിടുകയും കൂട്ടിക്ക് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടുപ്രകാരം സ്വമേധയാ കേസെടുക്കുമെന്ന് ബാലവാകാശ കമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി മനോജ്കുമാർ അറിയിച്ചു. സംഭവം അതീവഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തെ കുറിച്ചു പൊലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടയിൽ അക്രമത്തിനിരയായ യുവതിയിൽ നിന്നും പൊലിസ് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി. തിരുവങ്ങാട് കീഴന്തി മുക്കിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. ദേവാനന്ദിനെതിരെ പൊലിസ് കേസെടുത്ത വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഈയാൾക്കെതിരെ പരാതിയുമായി നിരവധിയാളുകൾ രംഗത്തുവന്നിട്ടുണ്ട്.
കൈക്കുഞ്ഞുമായി നിൽക്കുന്ന അമ്മമാർക്കിടയിൽ ടോക്കൺ വലിച്ചെറിയുന്നതിനെ ചോദ്യം ചെയ്ത ഒരു രക്ഷിതാവിനെ ഈയാൾ അസഭ്യം പറഞ്ഞതായും ആരോപണമുയർന്നിട്ടുണ്ട്. ടോക്കൺ തറയിൽ നിന്നും എടുക്കാനുള്ള ശ്രമത്തിനിടെയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വീണു പരുക്കേറ്റതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഡോക്ടർക്കെതിരെ 354-വകുപ്പുപ്രകാരമാണ് പൊലിസ് കേസെടുത്തത്.
മറ്റുള്ളവർ പരാതി നൽകിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലിസ് അറിയിച്ചു. സംഭവത്തിനു ശേഷം തലശേരി നഗരത്തിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ദ്ധനായ ഡോ.ദേവാനന്ദ് ഒളിവിലാണ്. ഇയാൾ കോടതി മുഖേനെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരമുണ്ട്. കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചില്ലെങ്കിൽ അടുത്ത ദിവസം തന്നെ വിവാദ ഡോക്ടർ പൊലിസിൽ കീഴടങ്ങുമെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്