വാരണാസി: ലാൻഡിംഗിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് വന്ന ഇൻഡിഗോ 6E-185 വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉത്തർപ്രദേശിലെ മൗ സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് വിമാനത്തിൽ പരിഭ്രാന്തി പരത്തിയത്. തന്നെ 'പ്രേതം ബാധിച്ചതാണ്' ഇത്തരം പ്രവൃത്തിക്ക് കാരണമെന്നാണ് ഇയാൾ പിന്നീട് പോലീസിനോട് അവകാശപ്പെട്ടത്.

രാത്രി 8.15-ഓടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം യാത്ര ആരംഭിച്ച് 15 മിനിറ്റായപ്പോൾ തന്നെ അദ്‌നാൻ എമർജൻസി വാതിലിൽ തട്ടാൻ ശ്രമിച്ചിരുന്നു. അന്ന് ക്യാബിൻ ക്രൂ ഇടപെട്ട് ഇയാൾക്ക് താക്കീത് നൽകി. എന്നാൽ വിമാനം വാരണാസി വിമാനത്താവളത്തിൽ ഇറങ്ങാൻ 500 അടി മാത്രം ഉയരത്തിൽ നിൽക്കെ രാത്രി 10.20-ഓടെ ഇയാൾ വീണ്ടും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

സ്ഥിതിഗതികൾ വഷളാകുമെന്ന് കണ്ട പൈലറ്റ് ഉടൻ തന്നെ ലാൻഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തി. തുടർന്ന് സുരക്ഷിതമായി 10.35-ഓടെ വിമാനം വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്‌നാനെ എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫും ചേർന്ന് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ ആദ്യം താൻ എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ലെന്ന് പറഞ്ഞ അദ്‌നാൻ, പിന്നീട് തനിക്ക് പ്രേതബാധയുണ്ടെന്ന് അവകാശപ്പെടുകയായിരുന്നു. ഗോവയിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങുകയായിരുന്നെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി വാതിലിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് അദ്‌നാനെതിരെ പോലീസ് കേസെടുത്തു. മൗവിലുള്ള ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആകാശത്തുണ്ടായ അപ്രതീക്ഷിത നീക്കങ്ങളിൽ ഭയചകിതരായ യാത്രക്കാർ സുരക്ഷിതമായി ലാൻഡ് ചെയ്തതോടെയാണ് ആശ്വാസത്തിലായത്.