- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി. ഇളവില്ലാതെ 25 വർഷം കഠിന തടവാണ് നിനോയ്ക്ക് വിധിച്ചത്. രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും കോടതി പരിഗണിച്ചു. എന്നാൽ ശിക്ഷ ജീവപര്യന്തമാക്കിയതോടെ ഈ ഹർജിയുടെ പ്രസക്തി ഇല്ലാതായി. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാറത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കണ്ണു ചികിൽസയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസിൽ ഏറെ നിർണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉണ്ടായത്.കാമ പൂർത്തീകരണത്തിനായാണു പ്രതികൾ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയിൽ ലഭിക്കുന്ന മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവത്തിനിടെ പരാമർശിച്ചത്.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം
2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്‌നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ കയ്യിൽ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്‌ത്തി. ഓമനയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി. കവർച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താൻ ഓമനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്തുമാറ്റി.
അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോൾ നിനോ കണ്ണിൽ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും അനുശാന്തി സഹായിച്ചെന്നും കണ്ടെത്തി.
കൊലപാതകത്തിനായുള്ള ഗൂഢാലോചന
2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. അട്ടകുളങ്ങര വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികെയാണ് അനുശാന്തിക്ക് പരോൾ കിട്ടുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്‌സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
എന്തിനും ഏതിനും ഒരു പ്രൊജക്ടും അതിന് കൃത്യമായ ആസൂത്രണവും ഉണ്ടാകും എന്നതാണ് ടെക്‌നോപാർക്കിലെ ജോലിയുടെ സവിശേഷത. ഈ പ്രൊജക്ടിന് അനുസരിച്ച് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തു തീർക്കണം. ഇങ്ങനെ മികച്ച പ്രൊജക്ടുകൾ കൃത്യസമയത്ത് തീർപ്പാക്കി എല്ലാവരുടെയും കൈയടി നേടിയ വ്യക്തിത്വമാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിനോ മാത്യു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്‌സ് ആപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു.
ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.
ഒരോ ദിവസവും അസംഖ്യമായ വാട്ട്‌സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്‌നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്‌സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്‌കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.
കോടതിയിൽ നടന്ന വിചാരണ
ആറ്റിങ്ങൽ ഡിവൈ.എസ്‌പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസിഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്‌പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.
അന്വേഷണ ഉദ്യാഗസ്ഥരുൾപ്പെടെ 49 സാക്ഷികൾ, 41 തൊണ്ടിമുതലുകൾ, 85 രേഖകൾ എന്നിവയ്‌ക്കൊപ്പം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും കേസിൽ തെളിവായി. നിനോമാത്യുവിന്റെയും അനുശാന്തിയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ എസ്.എംഎസുകളും വാട്ട് സ് ആപ്ചാറ്റുകളും ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ഷാജിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ ലാപ് ടോപ്പിലെ 300 ലധികം വീഡിയോ ക്ലിപ്പിംഗുകളും കേസിൽ നിർണായകമായി. കൊലപാതകത്തിന്റെ വഴികൾ ഒന്നൊന്നായി വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകളാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായത്.