കൊച്ചി: ആറ്റിങ്ങലിൽ മൂന്നര വയസ്സുകാരിയെയും മുത്തശ്ശിയെയും അരുംകൊല ചെയ്ത കേസിലെ വിധിയിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകൾ. അമ്മയെ കൊലപ്പെടുത്താൻ അനുശാന്തിയും പങ്കാളിയായി എന്നത് സാധൂകരിക്കാൻ നിർണായകമായത് ഡിജിറ്റൽ തെളിവുകൾ തന്നെയായിരുന്നു. നിനോ മാത്യുവും അനുശാന്തിയും തമ്മിൽ പരസ്പ്പരം കൈമാറിയ സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെയാണ് അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതിയും ശരിവെച്ചത്. പ്രതികൾ കൈമാറിയ ഈ സന്ദേശങ്ങൾ നിർണായകമായെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കുന്നത്.

പ്രതികളായ നിനോ മാത്യുവും അനുശാന്തിയും പരസ്പരം അയച്ചിരുന്നത് നാൽപതിനായിരത്തോളം സന്ദേശങ്ങളാണ്. ഈ സന്ദേശങ്ങളിലെ ഗൂഢാലോചനാ സ്വഭാവം കേസിൽ അനുശാന്തിയുടെ പങ്ക് തെളിയിക്കുന്നതിൽ നിർണയകമായെന്ന് പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെതിരേ സർക്കാരിനായി ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. അംബികാദേവി മാധ്യമങ്ങളോട് പറഞ്ഞു.

2014 ഏപ്രിൽ 16 നാണ് അനുശാന്തിയുടെ മകൾ സ്വാസ്തിക ഭർതൃമാതാവ് ഓമന എന്നിവരെ നിനോ മാത്യു വീട്ടിൽ കയറി വെട്ടിക്കൊന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ടെക്നോ പാർക്കിൽ സഹപ്രവർത്തകരായ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് പ്രതികൾ കൃത്യത്തിന് മുതിർന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.

കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. നിനോയുടെ വധശിക്ഷ ശരിവെക്കാനായി സർക്കാർ സമർപ്പിച്ച ഹർജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. എന്നാൽ, അപ്പീൽ പരിഗണിച്ച ഹൈക്കോടതി ബെഞ്ച് നിനോ മാത്യുവിന്റെ വധശിക്ഷ 25 വർഷം പരോളില്ലാത്ത തടവായി ഇളവുചെയ്തു. അനുശാന്തിയുടെ അപ്പീൽ തള്ളി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. പ്രതികൾ കൈമാറിയ സന്ദേശങ്ങളാണ് അനുശാന്തിക്കെതിരായ വിധി ശരിവെക്കാൻ കാരണമായത്.

നിനോ മാത്യുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന്റെ സാക്ഷിമൊഴിയും കേസിൽ പ്രധാനപ്പെട്ട തെളിവായതായി അഡ്വ. അംബികാദേവി പറഞ്ഞു. ശാസ്ത്രീയമായ നിരവധി തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിനോ മാത്യു കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും അടുത്ത ദിവസം തന്നെ കണ്ടെത്താനായതും നിർണായകമായന്നെും അഡ്വ. അംബികാദേവി വ്യക്തമാക്കി.

തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസിൽ ഏറെ നിർണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉണ്ടായത്. കാമ പൂർത്തീകരണത്തിനായാണു പ്രതികൾ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയിൽ ലഭിക്കുന്ന മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവത്തിനിടെ പരാമർശിച്ചത്.

കൊലപാതകത്തിനായുള്ള ഗൂഢാലോചന

2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. അട്ടകുളങ്ങര വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികെയാണ് അനുശാന്തിക്ക് പരോൾ കിട്ടുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.

എന്തിനും ഏതിനും ഒരു പ്രൊജക്ടും അതിന് കൃത്യമായ ആസൂത്രണവും ഉണ്ടാകും എന്നതാണ് ടെക്നോപാർക്കിലെ ജോലിയുടെ സവിശേഷത. ഈ പ്രൊജക്ടിന് അനുസരിച്ച് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തു തീർക്കണം. ഇങ്ങനെ മികച്ച പ്രൊജക്ടുകൾ കൃത്യസമയത്ത് തീർപ്പാക്കി എല്ലാവരുടെയും കൈയടി നേടിയ വ്യക്തിത്വമാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിനോ മാത്യു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്സ് ആപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു.

ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.

ഒരോ ദിവസവും അസംഖ്യമായ വാട്ട്സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്‌കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.

ആറ്റിങ്ങൽ ഡിവൈ.എസ്‌പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസിഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.