- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി കോഴ വിവാദത്തിൽ കുടുങ്ങിയ റാന്നിയിലെ ദളിത് അതിക്രമകേസിന് ചൂടു പിടിക്കുന്നു; പൊലീസിലും അന്വേഷണം; ദളിത് കുടുംബങ്ങളുടെ പരാതി അട്ടിമറിച്ച റാന്നി മുൻ ഡിവൈ.എസ്‌പിക്കും എസ്എച്ച്ഓയ്ക്കുമെതിരേ വകുപ്പു തല അന്വേഷണം; പരാതിക്കാർക്ക് കോടതി നോട്ടീസ് നൽകിയില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ
റാന്നി: മന്ദമരുതിയിൽ ദളിത് കുടുംബങ്ങൾക്ക് നേരെയുള്ള അതിക്രമം സംബന്ധിച്ച പരാതിയിൽ കേസെടുക്കുന്നതിലും അന്വേഷിക്കുന്നതിനും വീഴ്ച വരുത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം തുടങ്ങി. മുൻ ഡിവൈ.എസ്‌പി മാത്യു ജോർജ്, ഇൻസ്പെക്ടർ എം.ആർ. സുരേഷ് എന്നീ ഉദ്യോഗസ്ഥർക്കെതിരേയാണ് അന്വേഷണം. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നതായി കാട്ടി ദളിത് കുടുംബങ്ങൾ ജനുവരി 30 ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. ഹൈക്കോടതിയിൽ നിന്ന പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി സംബന്ധിച്ച് പുറപ്പെടുവിച്ച നോട്ടീസ് റാന്നി എസ്എച്ച്ഓ വിതരണം ചെയ്തില്ലെന്ന ആക്ഷേപവും അന്വേഷണ പരിധിയിൽ വരുമെന്ന് അറിയുന്നു.
പട്ടികജാതി/വർഗക്കാരോടുള്ള അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് ചട്ടം ലംഘിച്ച് ജാമ്യം അനുവദിച്ചത് ഹൈക്കോടതി ജഡ്ജി സിയാദ് റഹ്‌മാൻ തിരിച്ചു വിളിച്ചതോടെയാണ് റാന്നിയിലെ വിഷയം വീണ്ടും ഉയർന്നു വന്നത്. ജനുവരി 23 നാണ് മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചത്. ഇത്തരം കേസുകളിൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടത്. അവിടെ നിന്ന് തള്ളിയാൽ മാത്രമേ അപ്പീൽ കോടതി എന്ന നിലയിൽ ഹൈക്കോടതിയെ സമീപിക്കാൻ കഴിയൂ. ഈ കേസിൽ പ്രതികൾ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു.
ഇവരുടെ മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് റാന്നി എസ്.എച്ച്.ഓ മുഖേനെ നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് കൗസർ ഉത്തരവിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച സിയാദ് റഹ്‌മാൻ എതിർ കക്ഷികളെ വിവരം അറിയിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ അഭിപ്രായം കണക്കിലെടുത്താണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എതിർ കക്ഷികളെ കേൾക്കാതെ ജാമ്യം അനുവദിച്ചത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി വാദികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ചട്ടലംഘനം ബോധ്യമായ ഹൈക്കോടതി ജാമ്യം റദ്ദാക്കി. ഇതേ തുടർന്ന് ഈ കേസിലെ പ്രതികളിൽ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, മുൻകൂർ ജാമ്യഹർജി സംബന്ധിച്ച് പരാതിക്കാർക്ക് കൊടുക്കാൻ ഏൽപ്പിച്ചുവെന്ന് പറയുന്ന നോട്ടീസ് റാന്നി പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് അയച്ചിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വട്ടാർകയത്ത് ദളിത് കുടുംബങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന കിണർ ഇടിച്ചു നിരത്തുകയും അവർക്കുള്ള വഴി അടയ്ക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുകിണർ ആണ് തകർത്തത്. പൊതുവഴി കെട്ടിയടയ്ക്കുകയും ചെയ്തു. ഈ കേസിലെ പ്രതികൾക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും പിന്നീട് തിരിച്ചു വിളിക്കുകയും ചെയ്തത്. ഹൈക്കോടതി അഭിഭാഷകൻ ഉൾപ്പെട്ട കോഴ വിവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിഷയം ആളിക്കത്തിയത് ഈ വിവാദത്തോടെയാണ്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്