തിരുവനന്തപുരം: തലസ്ഥാന നഗരത്തെ യാഗശാലയാക്കിയ ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിപൂർണ്ണമായ പരിസമാപ്തി. അടുത്ത വർഷം വീണ്ടും എത്താമെന്ന പ്രതീക്ഷയുമായി ഭക്തർ മടങ്ങി. ലക്ഷക്കണക്കിന് സത്രീജനങ്ങൾ അടുത്ത പൊങ്കാലയ്ക്ക് എത്താമെന്ന് ആറ്റുകാലമ്മയ്ക്കു വാക്കുനൽകിയാണ് നഗരം വിടുന്നത്. ഉച്ചപൂജയ്ക്കു ശേഷം രണ്ടരയോടെയാണ് പൊങ്കാലയുടെ നിവേദ്യം. നിവേദ്യ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്തി.

പൊങ്കാല കഴിഞ്ഞതോടെ തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി സ്‌പെഷൽ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിച്ചും ട്രെയിനിലും പതിനായിരക്കണക്കിന് സ്ത്രീകളാണ് വീടുകളിലേക്ക് മടങ്ങുന്നത്. മറ്റുജില്ലകളിലേക്ക് ഉൾപ്പടെ 500 ബസുകളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് അഗ്‌നിപകർന്ന് പൊങ്കാല ആരംഭിച്ചത്. പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി പകർന്നപ്പോൾ അനന്തപുരി യാഗഭൂമിയായി മാറി. വെള്ളപ്പൊങ്കൽ, കടുംപായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങി അമ്മയുടെ ഇഷ്ടവിഭവങ്ങൾ ഒന്നൊന്നായി അവർ ഒരുക്കി.

ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കുകയായിരുന്നു. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്‌സും ആരോഗ്യവകുപ്പും നഗരസഭയുമൊക്കെ സർവസജ്ജമായി പൊങ്കാലയിലുടനീളം ഉണ്ടായിരുന്നു.ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾതൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഏവരും എത്തിയത്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കി. തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തി. കൂടാതെ വിദേശികളും.

രാത്രി 7.30നു നടക്കുന്ന കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് ചടങ്ങാണ് ഇനി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. രാത്രി 11നു മണക്കാട് ശാസ്തക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. എഴുന്നള്ളത്തിന് സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളവുമുണ്ടാകും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറി. പിന്നീടാണു വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടർന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്കു തീ പകർന്നു.

ശുഭപുണ്യാഹത്തിനു ശേഷമാണു ചടങ്ങുകൾ ആരംഭിച്ചത്. ഇതേസമയം പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണു വിശ്വാസം. പാട്ടു തീർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കമായത്. രാവിലെ പെയ്ത ചാറ്റൽ മഴ ഭക്തർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.