- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം; ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒത്തുകൂടുന്ന ചടങ്ങ്; ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത് കൃത്യമായ കൃത്യമായ അനുഷ്ഠാനങ്ങളോടെ; മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥ പൊങ്കാലയുടെ ഐതിഹ്യം; ആറ്റുകാല്‍ പൊങ്കാല... മാര്‍ച്ച് 13ന്; വിശ്വാസികള്‍ കാത്തിരുന്ന ദിനം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല... ആറ്റുകാലമ്മയുടെ വിശ്വാസികള്‍ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്. വിശ്വാസങ്ങളും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാല്‍ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങുകളിലൊന്ന്. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ഇവിടെ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്. ഒന്‍പതാം ഉത്സവ ദിനമായ മാര്‍ച്ച് 13-ാം തിയതി അഥവാ കുഭമാസത്തിലെ പൂരം നാളില്‍ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളും വിശേഷങ്ങളും വായിക്കാം...
കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും. തിരുവനന്തപുരത്ത് ഏറ്റവും അധികം ജനങ്ങള്‍ എത്തിച്ചേരുന്ന ഒരു ദിവസമാണ് പൊങ്കാല ദിവസം. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നുച്ചു വരുന്ന ഒന്‍പതാം ഉത്സവ ദിവസമായ മാര്‍ച്ച് 13 2025 ലെ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടക്കുന്നത്. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം മാത്രമല്ല, ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാല്‍ പൊങ്കാലയ്ക്കുണ്ട്. ഓരോ വര്‍ഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളാ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. അന്നപൂര്‍ണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.
മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്‌നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓര്‍മ്മയില്‍ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാര്‍വ്വതി ദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികള്‍ ചേര്‍ത്തു വായിക്കുന്നു
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.
പൊങ്കാലയില്‍ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാന്‍ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മണ്‍കലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്‌നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങള്‍ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതില്‍നിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്‌സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.
പൊങ്കാല സമയത്തെ ജനത്തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ പ്രത്യേക ബസ് സര്‍വ്വീസുകള്‍ നടത്തും . കെഎസ്ആര്‍ടിസി കിഴക്കേക്കോട്ട സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് കിലോമീറ്റര് അകലെയാണ് ആറ്റുകാല്‍ ക്ഷേത്രമുള്ളത്. ഇവിടേക്ക് ചെയിന്‍ സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുക. ക്ഷേത്രത്തില്‍ നിന്നും തിരികെ ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും സര്‍വ്വീസുകളുണ്ടായിരിക്കും. ഇത് കൂടാതെ ഇന്ത്യന്‍ റെയില്‍വേയും പൊങ്കാല ദിനത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.