- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പെയിനിൽ നിന്നും ആസ്ടിയയ്ക്ക് പറന്ന വിമാനം കനത്ത ആലിപ്പഴ വർഷത്തിൽ അകപ്പെട്ടു
വിയന്ന: കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കായിരുന്നു ആസ്ട്രിയൻ എയർലൈൻസിന്റെ വിമാനം ശക്തമായ ആലിപ്പഴ വർഷത്തിൽ കുടുങ്ങിയത്. സ്പെയിനിൽ നിന്നും ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് പറക്കുകയായിരുന്ന വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. ഗുരുതരമായ കേടുപാടുകൾ സംഭവിച്ച വിമാനത്തിന്റെ കോക്ക്പിറ്റ് വിൻഡോയും തകർന്നു. മുൻഭാഗവും, തകർന്നു. ഇതോടെ അടിയന്തിര സന്ദേശം അയച്ച് വിമാനം താഴെയിറക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു എന്നാണ് യത്രക്കാർ ആസ്ട്രിയൻ മാധ്യമങ്ങളോട് പറഞ്ഞത്. തകർന്ന് വീണ്ട് മുൻ ഭാഗം താഴേക്ക് പറന്നു വീഴുന്നത് കാണാമായിരുന്നു എന്നും യാത്രക്കാർ പറഞ്ഞു. കനത്ത പേമാരിയിലേക്ക് വിമാനം കയറിയതോടെയാണ് സംഭവം നടന്നതെന്ന് പിന്നീട് ആസ്ട്രിയൻ എയർലൈൻസ് ബി ബി സിയോട് പറഞ്ഞു. കാലവസ്ഥ റഡാറിൽ അത് ദൃശ്യമായിരുന്നില്ല എന്നും കമ്പനി വക്താവ് പറഞ്ഞു. ഈ സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ല എന്നും കമ്പനി വ്യക്തമാക്കി.
ഓൺലൈനിൽ പങ്കുവച്ച ചിത്രത്തിൽ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി മനസ്സിലാകും. എ 320 എയർക്രാഫ്റ്റിന്റെ മുൻപിലെ കൂർത്ത ഭാഗം പൂർണ്ണമായും വേർപെട്ട് പോയ നിലയിലാണ്. വിയന്നയോട് അടുത്തുകൊണ്ടിരുന്ന സമയത്താണ് പെട്ടെന്ന് വിമാനം പേമാരിയിൽ കുടുങ്ങിയതെന്ന് ഒരു യാത്രക്കാരനെ ഉദ്ധരിച്ചുകൊണ്ട് എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനം ലാൻഡ് ചെയ്യുവാൻ കേവലം 20 മിനിറ്റ് മാത്രം ബാക്കി നിൽക്കവെയാണ് സംഭവം.
വിൻഡോ ഗ്ലാസ്സ് തകർത്ത് വിമാനത്തിനകത്തേക്കും ആലിപ്പഴം വീണതായി മറ്റൊരു യാത്രക്കാരി പറയുന്നു. വൻ കുലുക്കമായിരുന്നു വിമാനത്തിന് അനുഭവപ്പെട്ടത്. പല യാത്രക്കാരും ഭയന്ന് നിലവിളിക്കാൻ തുടങ്ങി. എന്നാൽ, മനസാന്നിദ്ധ്യം കൈവിടാതെ പെരുമാറിയ ജീവനക്കാർ, തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതായി യാത്രക്കാർ പറയുന്നു.സാങ്കേതിക വിദഗ്ദ്ധർ, വിമാനത്തിനുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.