കൽപ്പറ്റ: ലോകവനിതാ ദിനത്തിന് തലേന്ന് വയോധികയോട് അധികൃതരുടെ ക്രൂരത. പരസഹായമില്ലാതെ നിൽക്കാൻ പോലും വയ്യാത്ത വയോധികയെ നിർബന്ധമായി കോടതിയിൽ ഹാജരാക്കി. മുത്തങ്ങ ആദിവാസി സമരത്തിൽ പങ്കെടുത്തു എന്നതാണ് 74 കാരിയായ മാരി ചെയ്ത കുറ്റം. ഇന്നലെ രാവിലെയാണ് സിബിഐയും പൊലീസും, ബത്തേരി ചീരാൽ മുരിക്കിലാടി ഊരാളി കോളനിയിലെ മാരിയെ വിചാരണയ്ക്കായി കൽപറ്റയിലെ ജില്ലാ സെഷൻസ് കോടതിയിലെത്തിച്ചത്.

തീരെ അവശയായ മാരിയെ 40 കിലോമീറ്ററകലെയുള്ള കൽപറ്റയിലെത്തിക്കാൻ ഓട്ടോറിക്ഷയാണ് പട്ടികവർഗ വകുപ്പ് ഏർപ്പെടുത്തിയത്. പിന്നീട് രണ്ടുമണിക്കു കോടതി നടപടികൾ കഴിയുന്നതുവരെ അവർക്കു കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പിനൊടുവിൽ വിട്ടയച്ചത് രണ്ടുപേരുട ആൾജാമ്യത്തിലാണ്. അതുകൊണ്ട് കഴിഞ്ഞില്ല കാര്യങ്ങൾ. ഈമാസം 20 ന് വീണ്ടും വിചാരണയ്ക്കായി എത്തണമെന്നാണു കോടതിയുടെ നിർദ്ദേശം. മാരിയെ കോടതിയിൽ എത്തിക്കാനോ ഒപ്പം നിൽക്കാനോ വനിതാ പൊലീസ് ഇല്ലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

മുത്തങ്ങ വനത്തിൽ നിന്നു കുടിയിറക്കപ്പെട്ടവരാണ് മാരിയും ഭർത്താവ് കാളനും. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഇരുവരും പ്രതികളായിരുന്നു. രണ്ടുകുട്ടികൾക്കൊപ്പം ജയിലിലും കിടക്കേണ്ടി വന്നിരുന്നു.