ചെറുതോണി :അടിമാലി -കുമളി ദേശീയപാതയിൽ കരിമ്പനും മഞ്ഞപ്പാറയ്ക്കുമിടയിൽ ഇളകി തെന്നിമാറി നിൽക്കുന്ന പാറക്കൂട്ടം പ്രദേശവാസികൾക്കും 185 ആം നമ്പർ ദേശീയ പാതാ യാത്രക്കാർക്കും ഭീഷണിയാകുന്നു.

കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ദേശീയ- സംസ്ഥാന പാതകളിൽ ഉൾപ്പെടെ ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന രീതിയിലാണ് പാറക്കല്ലുകൾ നിൽക്കുന്നത്. കരിമ്പനും- അശോക കവലയ്ക്കും മധ്യേ ദേശീയപാതയോരത്ത്, ഇതിനോടകം തന്നെ നിരവധി പാറക്കല്ലുകൾ അപ്രതീക്ഷിത സമയത്ത് റോഡിലേക്ക് പതിച്ചിട്ടുണ്ട്.

പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും, ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു, എന്നാൽ പിന്നീട് ഇതുവരെയായും ഈ കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രിയും പകലുമായി നിരന്തരം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ കുന്നിൻ മുകളിൽ നിന്നുള്ള പാറക്കല്ലുകൾ ശക്തമായ മഴ സമയത്ത് താഴേക്ക് പതിക്കുവാൻ സാധ്യതയുണ്ട്.

പല പാറക്കല്ലുകളും, മരങ്ങളുടെ വേരുകളിലും വള്ളിപ്പടർപ്പുകളും തങ്ങിയാണ് നിൽക്കുന്നത്. ഇടുക്കി കളക്ടർക്ക് മാർച്ച് 14നാണ് നാട്ടുകാർ പരാതി നൽകിയത്. അടിയന്തരമായി വിഷയത്തിൽ ദേശീയപാത വിഭാഗവും ജില്ലാ ഭരണകൂടവും ഇടപെട്ട് അപകടസാധ്യതകൾ ഒഴിവാക്കണമെന്നാണ് ആവശ്യം.