- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരക്ക് നിശ്ചയിക്കുന്നത് പെട്രോള്‍-ഡീസല്‍ വിലയും; ഭൂരിഭാഗം ഓട്ടോകളും ഓടുന്നത് സിഎന്‍ജിയിലും വൈദ്യുതിയിലും; എന്നിട്ടും ബഹു ഭൂരിഭാഗവും മീറ്ററിട്ട് ഓടാതെ നടത്തുന്നത് കൊള്ള; മിനിമം ദൂരത്തിന് 50രൂപ വാങ്ങുന്നവരും ഏറെ; ഓട്ടോയെ റെഡിയാക്കാന്‍ മോട്ടോര് വാഹന വകുപ്പ്; 'ഏയ് ഓട്ടോ' ഓപ്പറേഷന് തുടരും
കൊച്ചി: മീറ്റര്‍ ഇടാതെ തോന്നയതു പോലെ ഓട്ടോ ഓടിച്ച് നിരക്ക് വാങ്ങുന്ന ഓട്ടോറിക്ഷക്കാര്‍. 98 ശതമാനം പേരും അങ്ങനെയാണ്. കോഴിക്കോട് പോലെ ചിലയിടത്ത നല്ലവര്‍ കൂടുതലുമുണ്ട്. പക്ഷേ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം ഓട്ടോയില്‍ കയറുകയെന്നാല്‍ ഡ്രൈവര്‍ ചോദിക്കുന്ന പണം കൊടുക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കൊന്നും അവര്‍ക്ക് ബാധകമല്ല. ഇങ്ങനെ കൊള്ള നടത്തുന്ന ഓട്ടോറിക്ഷക്കാര്‍ സൂക്ഷിക്കണം. നിങ്ങള്‍ കൃത്യമായി മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണി കിട്ടും. യാത്രക്കാരുടെ വേഷത്തില്‍ ഓട്ടോയിലെ യാത്ര കൂട്ടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചിയിലെ ഈ 'യാത്രാ പരീക്ഷണം' വിജയമായി. മീറ്റര്‍ ഇടാതെ തോന്നിയ പോലെ പണം വാങ്ങുന്ന ഡ്രൈവര്‍മാരുടെ പോക്കറ്റ് കാലിയാക്കി. കാരണം വലിയ തുകയാണ് ഇവര്‍ക്ക് ഫൈന്‍ അടിക്കേണ്ടി വന്നത്.
മീറ്റര്‍ ഭംഗിക്കായി മാത്രം വെച്ചിരിക്കുന്ന സംസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പോലീസിന്റെ പിടിവീഴും. എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തായത് വന്‍ ക്രമക്കേടുകളാണ്. എറണാകുളം കാക്കനാട് പടമുകള്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തായുള്ള ടാക്‌സി സ്റ്റാന്റുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ ശതമാനം ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തനമല്ലെന്ന് കണ്ടെത്തി. കൂടാതെ യാത്രക്കാരില്‍ നിന്നും കൈപ്പറ്റുന്നത് മിനിമം ചാര്‍ജിലും കൂടുതല്‍ പണമാണെന്നും തെളിഞ്ഞു. മഫ്തിയില്‍ നടത്തിയ അന്വേഷണത്തില്‍ പതിനഞ്ചോളം ഡ്രൈവര്‍മാര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോട്ടോര് വാഹന വകുപ്പിന്റെ നിര്‍ണ്ണായക ഇടപെടലാണ് ഇതിലേക്ക് വഴിവച്ചത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അമിതമായ ചാര്‍ജ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന എന്ന പരാതിയില്‍ ഈ മാസം 9 നാണ് അന്വേഷണം തുടങ്ങുന്നത്. മഫ്തിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ എറണാകുളം കാക്കനാട് പടമുകള്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തായുള്ള ടാക്‌സി സ്റ്റാന്റുകളിലെ നിരവധി ഓട്ടോറിക്ഷകളില്‍ യാത്രചെയ്തു. ദീപു പോള്‍, ഗുമദേഷ് സി എന്‍ എന്നിവരാണ് മഫ്തിയില്‍ ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്തത്. ഉദ്യോഗസ്ഥരുടെ ഓട്ടോ സവാരിയില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്താനായത്. സവാരിക്കായി വലിയൊരു ശതമാനം വാഹനങ്ങളിലും മീറ്ററുകള്‍ ഉപയോഗിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത് മിനിമം ചാജിലും അധികം തുക. അതുകൊണ്ടാണ് ഏയ് ഓട്ടോ വിളിയുമായി ഉദ്യോഗസ്ഥര്‍ ഓട്ടോയില്‍ കയറുന്നതും നടപടികള്‍ എടുക്കുന്നതും.
ഒരു കിലോമീറ്ററില്‍ താഴെയുള്ള ദൂരം യാത്ര ചെയ്യുന്നതിനായി പോലും യാത്രക്കാരില്‍ നിന്നും 50 രൂപ ഈടാക്കുന്നതായും കണ്ടെത്താനായി. ഇതിനായി ഡ്രൈവര്‍മാര്‍ പറയുന്ന പ്രധാന കാരണം ട്രാഫിക് ബ്ലോക്ക് ആണെന്നുള്ളതാണ്. എന്നാല്‍ ട്രാഫിക് ബ്ലോക്ക് ഇല്ലാത്തിടങ്ങളിലുള്ള സവാരിക്കും ഇത് തന്നെയാണ് അവസ്ഥ. ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബ്ലോക്കില്‍ കുടുങ്ങുന്ന സമയത്തിനനുസരിച്ചുള്ള ചാര്‍ജ് ലഭ്യമാകും. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് യാത്രക്കാരില്‍ നിന്നും അമിതമായ പണം ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. ഇത്തരക്കാരെ പിടികൂടി കര്‍ശനമായ നടി സ്വീകരിക്കാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
വരും ദിവസങ്ങളിലും പരിശോധനകള്‍ സംസ്ഥാനത്ത് വ്യാപകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഈ ഓപ്പറേഷനില്‍ ഭാഗമാക്കാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെയാണ് മിക്ക വാഹനങ്ങളും നഗരത്തില്‍ സവാരി നടത്തുന്നത്. ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പിടിയിലായിട്ടുണ്ട്. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിഴയും ഈടാക്കി.
സംസ്ഥാനത്തുടനീളം മഫ്തിയിലെ ഈ പരിശോധന തുടരാനാണ് പദ്ധതി. പെട്രോള്‍-ഡീസല്‍ നിരക്കുമായി താരതമ്യം ചെയ്താണ് ഓട്ടോറിക്ഷയുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ബഹുഭൂരിഭാഗം ഓട്ടോയും സി എന്‍ ജിയിലും ഇലക്ട്രിസിറ്റിയിലുമാണ് ഓടുന്നത്. ഇവര്‍ക്ക് ചെലവ് തുലാം കുറവാണ്. എന്നാലും ഇവര്‍ക്ക് പെട്രോള്‍-ഡീസല്‍ ഓട്ടോയുടെ നിരക്ക് വാങ്ങാം. എന്നാല്‍ അതിന് അപ്പുറത്തേക്കുള്ള ചൂഷണമാണ് ഓട്ടോകള്‍ നടത്തുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തുന്നത്.