- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനമന്ത്രിക്കും ഇനി പല്ലിൽ കുത്തിയിരിക്കാം..! അധികാരമെല്ലാം പിണറായിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു; ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളയാൻ നീക്കം തകൃതി; അഴിമതി തെളിഞ്ഞ റോഡ് ക്യാമറയിലെ ക്രമക്കേടും ധനവകുപ്പ് എതിർത്തതോടെ അതിവേഗ നീക്കം; മന്ത്രിമാരെ നോക്കു കുത്തികളാക്കി പിണറായിയുടെ ഏകാധിപത്യം
തിരുവനന്തപുരം: ഏകാധിപതികൾ വളരുന്നത് മറ്റുള്ളവരുടെ അധികാരങ്ങൾ സമർഥമായി കവർന്നു കൊണ്ടാണ്. കേരളാ മുഖ്യമന്ത്രിയും അത്തരമൊരു യാത്രയിലേക്കാണെന്ന വിമർശനം ഉയർന്ന് കാലം കുറച്ചായി. രണ്ടാം പിണറായി സർക്കാറിൽ കഴിവുള്ള മന്ത്രിമാരെ ഉൾപ്പെടുത്താതെ പേരിന് മന്ത്രിമാരെ ഉൾപ്പെടുത്തിയ പിണറായി അടക്കിവാഴുകയായിരുന്നു. പല വകുപ്പികൾക്ക് നേരെയും അഴിമതി ആരോപണം ഉയരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളും തെളിഞ്ഞു വന്നു. ഇപ്പോൾ കൂടുതൽ ഏകാധിപത്യ സ്വഭാവത്തിലേക്കാണ് മുഖ്യമന്ത്രിയുടെ പോക്ക്.
സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനു തടസ്സം നിൽക്കുന്ന ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തു കളഞ്ഞു കൊണ്ട് ധനമന്ത്രിയെയും നോക്കുകുത്തിയാക്കാനാണ് ഒടുവിൽ ശ്രമം നടക്കുന്നത്. അടുത്തിടെ ചിന്താ ജെറോമിന്റെ ശമ്പള വിഷയവും എഐ കാമറാ വിവാദത്തിൽ അടക്കം ധവകുപ്പിന് എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഇത്തരം എതിരഭിപ്രായങ്ങൾ ഭരണവേഗം കുറയ്ക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ധനവകുപ്പിന്റെയും അധികാരം കവരാൻ നീക്കം തകൃതിയായിരിക്കുന്നത്. ഇക്കാര്യം മലയാള മനോരമയാണ് റിപ്പോർട്ടു ചെയ്ത്.
ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളയുന്നതോടെ സർക്കാർ ഖജനാവിൽനിന്നുള്ള പണം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളിൽ പോലും ഇനി വകുപ്പുകൾക്ക് ധനവകുപ്പിന്റെ അഭിപ്രായം തേടേണ്ടി വരില്ല. വൻ അഴിമതിക്കു കളമൊരുക്കുന്ന ഈ ശുപാർശ സർക്കാർ നിയോഗിച്ച വി.സെന്തിൽ (മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ) കമ്മിറ്റിയാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കൈമാറിയത്. ശുപാർശ നടപ്പാക്കാൻ ശരവേഗത്തിൽ ഫയൽ നീക്കം നടക്കുകയാണ്. എത്രയും വേഗം മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചു പാസാക്കാനാണു ശ്രമെന്നും മനോരമ റിപ്പോർട്ടു ചെയ്യുന്നു.
ഇന്നലെ ധനവകുപ്പിലെത്തിയ ഫയലിൽ ഇതുവരെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വി എസ്.അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്‌കാര കമ്മിഷൻ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിനായി ഭരണക്രമത്തിൽ മാറ്റം വരുത്തണമെന്നു ശുപാർശ ചെയ്തിരുന്നു. ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണു സർക്കാർ സെന്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ റൂൾസ് ഓഫ് ബിസിനസ് (സർക്കാരിന്റെ ഭരണക്രമം) പ്രകാരം ധനവകുപ്പിന് ഇപ്പോഴുള്ള അധികാരങ്ങൾ പലതും എടുത്തുകളയണമെന്നു നിർദ്ദേശിച്ചു. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനും ശുപാർശ ചെയ്തു. കമ്മിറ്റിയുടെ ഭാഗമായിരുന്ന പൊതുഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ധനവകുപ്പിന്റെ അധികാരം എടുത്തു കളയുന്ന തരത്തിൽ റിപ്പോർട്ടിൽ ശുപാർശ ഉൾപ്പെടുത്തിയതെന്നാണു സൂചന.
ശുപാർശകൾ നടപ്പാക്കിയാൽ ധനവകുപ്പിന് ഇനി സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ ഇടപെടാൻ കഴിയില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പും ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും ധനവകുപ്പിൽനിന്ന് എടുത്തുമാറ്റും. വിവിധ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതു സംബന്ധിച്ച ഫയലുകളിന്മേൽ അതതു വകുപ്പുകൾ തന്നെ തീരുമാനമെടുക്കും. ഫയൽ ധനവകുപ്പിലേക്ക് അയയ്ക്കുന്നതിനു പകരം അതത് വകുപ്പുകളിലെ ഫിനാൻസ് ഓഫിസർമാർ അഭിപ്രായം രേഖപ്പെടുത്തും. മുഖ്യമന്ത്രി ഭരിക്കുന്ന പൊതുഭരണ വകുപ്പിനു കീഴിലെ ഉപവകുപ്പായി ധനവകുപ്പു മാറും.
അഴിമതിക്കു കൂട്ടുനിന്നാൽ അകത്താകും എന്ന ഭയം ഉള്ളതിനാൽ ധനവകുപ്പിലെ ഉദ്യോഗസ്ഥർ സാമ്പത്തിക ബാധ്യതയുള്ള എല്ലാ ഫയലുകളും ഇഴകീറി പരിശോധിച്ച് അഭിപ്രായം എഴുതാറുണ്ട്. ഏറ്റവും ഒടുവിൽ റോഡ് ക്യാമറ സംബന്ധിച്ച ഫയലിലും ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ധനവകുപ്പിന്റെ അധികാരം കവരാൻ നീക്കം തകൃതിയായത് എന്ന വിമർശനവും ശക്തമാണ്. ഒരേ സമയം പ്രോജക്ട് മാനേജ്‌മെന്റ് കൺസൽറ്റന്റായും കരാറുകാരായും കെൽട്രോൺ പ്രവർത്തിക്കരുതെന്നായിരുന്നു എതിർപ്പെഴുതിയത്. ഈ എതിർപ്പു മറികടക്കാൻ ഗതാഗത മന്ത്രി, മന്ത്രിസഭയിൽ വിഷയം എത്തിച്ചാണ് ഒടുവിൽ പദ്ധതി പാസാക്കിയെടുത്തത്. സെന്തിൽ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കിയാൽ ഫയൽ ധനവകുപ്പ് കാണുക പോലുമില്ല. മുഖ്യമന്ത്രിയാണ് ഈ വിഷയത്തിൽ എതിർസ്ഥാനത്തുള്ളതും.
അതേസമയം മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ കൂടി മുഖ്യമന്ത്രി പൊതുഭരണവകുപ്പിലൂടെ പിടിമുറുക്കിയതും അടുത്തിടെയാണ്. ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിനുള്ള അധികാരം മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി ഏറ്റെടുത്തതിന്റെ തുടർച്ചയായാണ് ഈ തീരുമാനവും വന്നത്. ഇതുവരെയുള്ള എല്ലാ സർക്കാരുകളും ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തീരുമാനിച്ചിരുന്നതു മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം ആയിരുന്നു.
സ്വന്തം വകുപ്പിൽ സെക്രട്ടറിയും ഡയറക്ടറുമായി ആരെ നിയമിക്കണമെന്നും സ്വന്തം ജില്ലയിൽ ആരെ കലക്ടർ ആക്കണമെന്നും മന്ത്രിമാർക്ക് അഭിപ്രായം പറയാൻ അവസരം ഉണ്ടായിരുന്നു. കലക്ടർമാരുടെ നിയമന കാര്യത്തിൽ റവന്യു മന്ത്രിയുടെ അഭിപ്രായത്തിനു മുൻതൂക്കവും ലഭിച്ചിരുന്നു. പല സർക്കാരുകളുടെയും മന്ത്രിസഭാ യോഗങ്ങളിൽ ഐഎഎസുകാരുടെ നിയമനത്തിന്റെ പേരിൽ തർക്കങ്ങളും ഉണ്ടായിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്തു മന്ത്രിസഭാ യോഗത്തിലാണ് ഐഎഎസ് നിയമനങ്ങൾ തീരുമാനിച്ചിരുന്നത്. അന്നത്തെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടുകയും ചെയ്തിരുന്നു. എന്നാൽ ആ മന്ത്രിസഭയുടെ അവസാന കാലത്തു തന്നെ ഐഎഎസ് നിയമനത്തിന്റെ പൂർണചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. നിയമനം മന്ത്രിസഭയിൽ ചർച്ച ചെയ്യാതായി.
രണ്ടാം പിണറായി സർക്കാർ വന്നപ്പോഴേക്കും ഇക്കാര്യത്തിൽ മന്ത്രിസഭയും മന്ത്രിമാരും കാഴ്ചക്കാരായി മാറി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്നാണ് ഐഎഎസുകാരുടെ സ്ഥലംമാറ്റപ്പട്ടിക തയാറാക്കുന്നത്. തങ്ങളുടെ വകുപ്പുകളിൽ മേധാവിമാരായി ആരെ വേണമെന്നു പറയാൻ പോലും മന്ത്രിമാർക്ക് അധികാരമില്ല. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കു കലക്ടർ സ്ഥാനത്തു നിന്ന് ആരെയെങ്കിലും മാറ്റണമെന്നോ മറ്റൊരാളെ നിയമിക്കണമെന്നോ പറയാൻ അവസരം ഇല്ല. പലപ്പോഴും പതിവു മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ചയ്ക്കു മുൻപു തന്നെ ഐഎഎസുകാരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കും. പിന്നീടു മന്ത്രിമാർ പരാതി പറഞ്ഞിട്ടു കാര്യവുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സിപിഐ ഈ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോൾ അധികാരം മുഴുവൻ പിണറായിയിലേക്ക് കേന്ദ്രീകരിക്കുന്ന നീക്കം നടക്കുമ്പോഴും പാർട്ടിയും നോക്കുകുത്തിയായി തുടരുന്ന അവസ്ഥയാണുള്ളത്.
മറുനാടന് ഡെസ്ക്