മുംബൈ: ആഗോള സിനിമാ വ്യവസായത്തിൽ പുതിയ ചരിത്രം കുറിക്കുകയാണ്. ജെയിംസ് കാമറൂൺ ചിത്രം 'അവതാർ ദി വേ ഓഫ് വാട്ടർ'. ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന ചിത്രം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി. ഈ ഖ്യാതി അവതാർ 2 സ്വന്തമാക്കിയത് എൻഡ് ഗെയിമിനെുയം മറികടന്നാണ്.

367 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് അവഞ്ചേഴ്സ് എൻഡ്ഗെയിം സ്വന്തമാക്കിയത്. 368.20 കോടി നേടിയാണ് അവതാർ 2 ഒന്നാമതെത്തിയത്. 2019 ലാണ് അവഞ്ചേഴ്സ് എൻഡ്ഗെയിം റിലീസ് ചെയ്തത്. 'അവതാർ ദി വേ ഓഫ് വാട്ടറി'ന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ രണ്ട് ബില്യൺ ഡോളറിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പടെ പുതിയ റിലീസുകൾ വന്നിട്ടും ചിത്രം കുതിപ്പ് തുടരുകയാണ്.

2022 ഡിസംബർ 16-നാണ് 'അവതാർ ദി വേ ഓഫ് വാട്ടർ' പുറത്തിറങ്ങിയത്. ലോക സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാറിന്റെ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വർഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകർന്നിട്ടില്ല. 'അവതാർ ദി വേ ഓഫ് വാട്ടർ' അതിനെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നെയിത്രിയെ വിവാഹംകഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാർ 2 ന്റെ കഥ പുരോഗമിക്കുന്നത്. പാൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് 'അവതാർ 2' കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുകയാണ്. സാം വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ എന്നിവർക്കൊപ്പം കേറ്റ് വിൻസ്ലറ്റും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വർഷങ്ങൾക്കുശേഷമാണ് കേറ്റ് വിൻസ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.

അതിനിടെ എസ്. എസ് രാജമൗലിയുടെ ആർ.ആർ. ആറിനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ എത്തിയതും ശ്രദ്ധേയമായിരുന്നു. 28ാമത് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരദാന ചടങ്ങിലാണ് രാജമൗലിയേയും സംഗീത സംവിധായകൻ കീരവാണിയേയും അഭിനന്ദിച്ചത്. രൗജമൗലി കാമറൂണിന്റെ വാക്കുകൾ ട്വീറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു

'ജെയിംസ് കാമറൂൺ ആർ.ആർ.ആർ കണ്ടു. അദ്ദേഹത്തിന് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു, തന്റെ ഭാര്യയോടൊപ്പം അദ്ദേഹം അത് വീണ്ടും കാണുകയും ചെയ്തു. സർ ഞങ്ങളുടെ സിനിമ വിശകലനം ചെയ്യാൻ ഞങ്ങളോടൊപ്പം പത്ത് മിനിറ്റ് ചെലവഴിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും മുകളിലാണ്, രണ്ടുപേർക്കും നന്ദി' എന്നായിരുന്നു രാജമൗലി ട്വീറ്റ് ചെയ്തത്. ഇത് നടി ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തിരുന്നു.

കാമറൂണിനെ നേരിൽ കണ്ടതിനെ കുറിച്ച് സംഗീത സംവിധായകൻ കീരവാണിയും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കാമറൂണും രാജമൗലിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആർ. ആർ. ആർ അണിയറപ്രവർത്തകർ. 'ഞാൻ താങ്കളുടെ എല്ലാ സിനിമകളും കണ്ടു. ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്. താങ്കൾ വലിയൊരു പ്രചോദനമാണ്. തങ്ങളുടെ ചിത്രം കാമറൂൺ കണ്ടുവെന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യമാണ്'- രാജമൗലി പറയുന്നു.

ആർ.ആർ. ആറിനെ കുറിച്ച് കാമറൂണും വാചാലനാവുന്നുണ്ട്. 'ചിത്രത്തിൽ നിങ്ങൾ പറഞ്ഞ തീയുടെയും ജലത്തിന്റെയും കഥ, ഒന്നിന് പുറകേ ഒന്നായി കാണിക്കുന്ന വെളിപ്പെടുത്തലുകൾ, പിന്നിലുള്ള കഥയിലൂടെ എന്താണ് സംഭവിച്ചതെന്ന് താങ്കൾ കാണിച്ച രീതി. അവയെല്ലാം ഒരു ഹോംലി സെറ്റപ്പ് പോലെയാണ്. കൂടാതെ എപ്പോഴെങ്കിലും ഇവിടെ ചലച്ചിത്രങ്ങൾ ചെയ്യണമെങ്കിൽ സംസാരിക്കാം'-ജെയിംസ് കാമറൂൺ പറയുന്നു.