- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫിയെടുക്കാൻ തുടങ്ങിയതേ ഓർമയുള്ളൂ, കാൽവഴുതിയത് എങ്ങനെയെന്ന് അറിയില്ലെന്ന് സാന്ദ്ര; 150 അടിയോളം താഴ്ച്ചയിലേക്കുള്ള വീഴ്ച്ചയിൽ നട്ടെല്ലിനും പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നുമാസം പൂർണവിശ്രമം വേണം; ജീവൻ പണയം വെച്ച് പാറക്കുളത്തിൽ ചാടി വധുവിനെ രക്ഷിച്ച വരനും കൈയടി; മകളെ രക്ഷിക്കാൻ ഇടപെടൽ നടത്തിയ സുധീഷിനും ശരത്തിനും നന്ദി പറഞ്ഞ് കുടുംബം
കൊല്ലം: കല്ലുവാതുക്കൽ ആയിരവില്ലി പാറക്കുളത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ് അപകടത്തിൽ പെട്ട സാന്ദ്ര സുഖം പ്രാപിച്ചു വരികയാണ്. വിവാഹ തലേന്നുണ്ടായ അപകടത്തിൽ വധുവിനെ രക്ഷപെടുത്തിയത് വരൻ കൂടിയായ വിനു കൃഷ്ണനായിരുന്നു. മെഹന്ദി ചടങ്ങെല്ലാം കഴിഞ്ഞ് വിവാഹത്തിന് ഒരുങ്ങിയ വീട്ടിലാണ് അപ്രതീക്ഷിതമായി അപകട വാർത്ത എത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് കല്യാണം മൂന്ന് മാസത്തേക്ക് മറ്റിവെച്ചത്. വിവാഹത്തിനായി പന്തലിട്ട് സദ്യവട്ടങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം ഇതോടെ വെറുതേയായി.
അതേസമയം അപകടത്തെ കുറിച്ച് ഞെട്ടലോടെയാണ് സാന്ദ്ര ഓർക്കുന്നത്. 'കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫിയെടുക്കാൻ തുടങ്ങിയതുമാത്രമേ ഓർമയുള്ളൂ. കാൽവഴുതിയതെങ്ങനെയെന്ന് അറിയില്ല'-പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു. വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സാന്ദ്രയും പ്രതിശ്രുതവരൻ വിനു കൃഷ്ണനും സുഖംപ്രാപിച്ചുവരുന്നു. 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സംഭവം നടുക്കത്തോടെയാണ് സാന്ദ്ര ഓർക്കുന്നത്.
കല്ലുവാതുക്കൽ ആയിരവില്ലി പാറക്കുളത്തിൽ വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അപകടം. വിവാഹത്തലേന്ന് ക്ഷേത്രദർശനവും കഴിഞ്ഞാണ് ക്ഷേത്രത്തിനുസമീപത്തെ പാറക്കുളത്തിൽ വധൂവരന്മാർ എത്തിയത്. സാന്ദ്ര വീണതിനു പിന്നാലെ വിനു കൃഷ്ണൻ ചാടുകയായിരുന്നു. സാന്ദ്രയുടെ വസ്ത്രത്തിൽ പിടികിട്ടിയെങ്കിലും കരയ്ക്കടുപ്പിക്കാൻ കഴിഞ്ഞില്ല.
വിനുവിന്റെ നിലവിളികേട്ട് സമീപ പുരയിടത്തിലെ ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കിണറിന്റെ കയറുകളുമായെത്തി കയറുകൾ കൂട്ടിക്കെട്ടി കുളത്തിലേക്കിട്ടുകൊടുത്തു. ഈ കയറിൽ പിടിച്ചുകിടന്നതിനാലാണ് രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായത്. അമ്പതടിയോളം വെള്ളമുള്ള കുളത്തിൽ ഒന്നരമണിക്കൂർനേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് ഒരുവിധം കരയ്‌ക്കെത്തിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ സാന്ദ്രയ്ക്ക് വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനും സാരമായ പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നുമാസം പൂർണവിശ്രമം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുരവീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകളാണ് ഒന്നാംവർഷ നഴ്‌സിങ് വിദ്യാർത്ഥിയായ സാന്ദ്ര. പരവൂർ സ്വദേശി വിനു കൃഷ്ണനുമായുള്ള വിവാഹം വെള്ളിയാഴ്ച പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിൽ നടത്താനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.
ജീവൻ പണയംവെച്ച് പാറക്കുളത്തിൽ ചാടി മകളെയും വിനു കൃഷ്ണനെയും രക്ഷിച്ച സുധീഷിനോടും ശരത്തിനോടും എന്നും കടപ്പെട്ടിരിക്കുമെന്ന് ആശുപത്രിയിൽ സാന്ദ്രയ്‌ക്കൊപ്പമുള്ള അമ്മ സരിത പറഞ്ഞു. വിനുവിനോടും സുധീഷിനോടും ശരത്തിനോടുമുള്ള നന്ദി അറിയിക്കുകയാണ് മറ്റു കുടുംബാംഗങ്ങളും. ആശുപത്രിയിൽ നിന്നു പോയാലുടൻ ഇരുവരുടെയും വീട്ടിൽപ്പോയി നേരിട്ടു കാണുമെന്നും അവരോടൊപ്പം നിന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ നാട്ടുകാർ ഉൾപ്പെടെ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
കുളത്തിൽ മത്സ്യംപിടിക്കാനായി ഉപയോഗിക്കുന്ന ചങ്ങാടവും റബ്ബർ ട്യൂബുമായി സുധീഷും ശരത്തും പാറക്കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ടുപേരെയും ചങ്ങാടത്തിൽ ഒന്നിച്ചു കയറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ആദ്യം സാന്ദ്രയെ കരയ്‌ക്കെത്തിച്ചു. അപ്പോഴേക്കും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിനുവിനെയും കരയ്‌ക്കെത്തിച്ചു. ഒരുനാടുമുഴുവനും അഗ്‌നിരക്ഷാസേനയും പൊലീസും അവരുടേതായ പങ്കുവഹിച്ചത് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി.
വിനുവിനു പരുക്കുകൾ ഇല്ല. രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയയാവുന്ന അവസ്ഥയുണ്ട്. ബന്ധുക്കൾക്ക് ഒപ്പം പരവൂരിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഇരുവരും പകൽക്കുറി ക്ഷേത്രത്തിലേക്കു തിരിച്ചു. ഇതിനു കുറച്ചകലെയുള്ള ആയിരവില്ലി ക്ഷേത്രത്തിനോടു ചേർന്നുള്ള കൂറ്റൻ പാറക്കെട്ടിനു മുകളിൽ കയറി സെൽഫി എടുക്കുമ്പോഴാണു യുവതി കാൽ വഴുതി കുളത്തിൽ വീണത്.
അതിനിടെ പ്രതിശ്രുത വധു കല്ലുവാതുക്കൽ സ്വദേശി സാന്ദ്ര എസ്.കുമാറിനും രക്ഷിക്കാൻ പ്രാണൻ പണയം വച്ച് പാറക്കുളത്തിലേക്ക് ചാടിയ വരൻ പരവൂർ സ്വദേശി വിനു.ആർ.കൃഷ്ണനും വിവാഹശേഷം സ്വീകരണം നൽകാനൊരുങ്ങി കാട്ടുപുറത്തുകാർ. കുളത്തിലേക്ക് ചാടി ഇരുവരുടെയും ജീവൻ രക്ഷിച്ചവരേയും ആദരിക്കും. ഇന്നലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ചികിത്സയിലായതിനാൽ മൂന്നുമാസം കഴിഞ്ഞ് നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ