- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തെ റോഡിന് കുറഞ്ഞത് 12 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്ന് പറഞ്ഞ് അഗ്‌നിശമന വിഭാഗം എൻഒസി നിഷേധിച്ചു; കൃഷിഭൂമിയായതിനാൽ ഒരു നിർമ്മാണവും നടത്താൻ കഴിയില്ലെന്നും വാദം; ഭൂമി തരം മാറ്റി കൊടുക്കുന്നുമില്ല; രാമജന്മഭൂമിയിൽ ക്ഷേത്രം ഉയരുന്നത് അതിവേഗം; അയോധ്യയിലെ പള്ളി നിർമ്മാണം തുടങ്ങാൻ തടസ്സങ്ങളും
ലക്‌നൗ: ബാബറി മസ്ജിദ് കേസിൽ സുപ്രികോടതി വിധി വന്ന് മൂന്നു വർഷത്തിനു ശേഷവും തുടങ്ങാനാകാതെ അയോധ്യയിലെ മസ്ജിദ് നിർമ്മാണം. അയോധ്യ ക്ഷേത്ര നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമ്പോൾ, മസ്ജിദ് നിർമ്മാണത്തിനുള്ള അനുമതിക്കായി കാത്തിരിപ്പ് തുടരുകയാണ്. അതിനിടെ ബാബറി മസ്ജിദിനു പകരം 25 കിലോമീറ്റർ അകലെ ധന്നിപുരിൽ നൽകിയ സ്ഥലത്ത് മുസ്ലിം പള്ളി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സം ഉടൻ നീക്കുമെന്ന് അയോധ്യ വികസന അഥോറിറ്റി. ബാബറി മസ്ജിദ് കേസിൽ 2019 നവംബർ 9നാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
പള്ളിയുടെ രൂപരേഖ അയോധ്യ വികസന അഥോറിറ്റിക്ക് (എഡിഎ) സമർപ്പിച്ചതിൽ എൻഒസി ലഭിക്കാൻ മാത്രം ഒരുവർഷത്തോളം സമയമെടുത്തു. നിരന്തരമായി ഓഫിസുകൾ കയറിയിറങ്ങിയതിന്റെ ഫലമായി മിക്ക എൻഒസികളും സമ്പാദിച്ചു. പക്ഷേ പുറത്തെ റോഡിന് കുറഞ്ഞത് 12 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്ന് പറഞ്ഞ് അഗ്‌നിശമന വിഭാഗം എൻഒസി നിഷേധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രനിർമ്മാണത്തിനു പകരമായാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം മുസ്ലിം പള്ളി നിർമ്മാണത്തിന് 5 ഏക്കർ സ്ഥലം നൽകിയത്. ഈ ഭൂമിയുടെ തരംമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ 4 മാസമായി അയോധ്യ വികസന അഥോറിറ്റിക്കു മുന്നിലാണ്.
അഗ്നിശമന വാഹനത്തിന് പോകാവുന്ന രീതിയിൽ റോഡ് വീതികൂട്ടണമെന്ന് ഫൗണ്ടഷേൻ എഡിഎയോട് അഭ്യർത്ഥിച്ചെങ്കിലും ഇത് പരിഗണിക്കുന്നതിനിടെ മറ്റ് തടസങ്ങളും ഉയർന്നിട്ടുണ്ട്. കൃഷിഭൂമിയായതിനാൽ ഭൂമിയിൽ ഒരു നിർമ്മാണവും നടത്താൻ കഴിയില്ലെന്നാണ് യുപി സർക്കാരിൽ നിന്നും ഒടുവിൽ ലഭിച്ച മറുപടി. ഭൂമി ക്രമപ്പെടുത്തി നൽകാൻ എഡിഎയ്ക്കും സംസ്ഥാന സർക്കാരിനും കത്തെഴുതിയിട്ടുണ്ടെങ്കിലും അഞ്ചുമാസമായിട്ടും തീരുമാനം ഉണ്ടായിട്ടില്ലെന്നും ഐഐസിഎഫ് സെക്രട്ടറി അതർ ഹുസൈൻ സിദ്ദിഖി പറഞ്ഞു.
'സർക്കാരിൽനിന്നു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് അപേക്ഷ പരിഗണിക്കും. ഈയാഴ്ച തന്നെ തീരുമാനമുണ്ടാകും' ചെയർമാൻ ഗൗരവ് ദയാൽ പറഞ്ഞു. ഇൻഡോ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ ആണ് ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയടക്കമുള്ള പള്ളി സമുച്ചയം നിർമ്മിക്കുന്നത്. 2020 ജൂലൈയിലാണ് അനുമതിക്ക് അപേക്ഷ നൽകിയതെന്ന് ട്രസ്റ്റിയായ അർഷദ് ഖാൻ പറഞ്ഞു. തുടർന്ന് പതിനാറോളം വകുപ്പുകളുടെ നിരാക്ഷേപപത്രം ആവശ്യപ്പെട്ടു. ഒരു വർഷമെടുത്ത് ഇവ ലഭ്യമാക്കിയപ്പോഴാണു ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ നൽകാൻ കഴിഞ്ഞ ഒക്ടോബറിൽ ആവശ്യപ്പെട്ടത്.
2019 നവംബറിലാണ് രാമക്ഷേത്ര നിർമ്മാണത്തിന് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നൽകിയത്. 1000 പേജുള്ള അതേ ഉത്തരവിൽ, കേന്ദ്രമോ ഉത്തർപ്രദേശ് സർക്കാരോ സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിൽ മസ്ജിദ് നിർമ്മിക്കാൻ പ്രധാനപ്പെട്ടതും അനുയോജ്യവുമായ അഞ്ച് ഏക്കർ സ്ഥലം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ ധനിപൂരിൽ ഉത്തർപ്രദേശ് സർക്കാർ സുന്നി സെൻട്രൽ വഖഫ് ബോർഡിന് സ്ഥലം അനുവദിച്ചു. അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പള്ളി നിർമ്മാണ മേൽനോട്ടത്തിനായി വഖഫ് ബോർഡ് ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ചു. നല്ല സ്ഥലത്ത് ഭൂമി ലഭിച്ചില്ലെന്നും നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ഭൂമി ലഭിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
പള്ളിയുടെ നിർമ്മാണത്തിന് ഭരണപരമായ തടസ്സങ്ങളൊന്നുമില്ലെന്നും സ്വാഭാവികമായ കാലതാമസം മാത്രമാണെന്നും എഡിഎ സെക്രട്ടറി സത്യേന്ദ്ര സിങ് പറയുന്നു. അയോധ്യ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. 1800 കോടി രൂപയാണ് നിർമ്മാണ ചെലവ്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല. ക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ