കണ്ണൂർ: കർണാടക ബഫർ സോണായി മാർക്കു ചെയ്ത അയ്യൻ കുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ റോഡിൽ മാർക്കു ചെയ്തതിൽ പ്രതിഷേധം അതിശക്തം. കർണാടകയുടെ നടപടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്ന നടപടിയാണിതെന്നും അയ്യൻ കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു.

മാക്കൂട്ടം,ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നു സർക്കാരിനോട് അയ്യൻ കുന്ന് പഞ്ചായത്ത് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ വിവരമില്ലെന്നാണ് സൂചന. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.

പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തി. എഡിഎം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം. ഇതിനിടെ ബഫർ ഡോൺ വിഷയത്തിൽ ആശങ്കയിലായ കണ്ണുരിലെ മലയോര പ്രദേശങ്ങളിലെ കർഷകരും കുടുംബങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ ഇവരെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കാനാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തീരുമാനം

അയ്യൻ കുന്നിലെ ജനവാസ മേഖലയിലെ ഒരിഞ്ചു ഭൂമി പോലും പരിസ്ഥിതി ലോല പ്രദേശമായി വിട്ടു കൊടുക്കരുതെന്നും സംസ്ഥാന സർക്കാരിനോട് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിനിടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പേരാവൂർ എംഎ‍ൽഎ അഡ്വ സണ്ണി ജോസഫും രംഗത്തെത്തി. സംസ്ഥാന നിയമസഭയിലും മന്ത്രിയോട് നേരിട്ടും വനം വകുപ്പ് ഡി.എഫ്.ഒവിനോടും താൻ ഈ പ്രശ്‌നം ഉന്നയിച്ചതാണെന്നും എന്നിട്ടും നടപടിയുണ്ടായില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു.

കർണ്ണാടകയുടെ രേഖപ്പെടുത്തൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ മായ്ച്ചു. കർണാടകയുടെ കൈയേറ്റത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യുത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിതരായി എത്തി മായ്ച്ചത്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ അയ്യൻ കുന്ന് പഞ്ചായത്തിലെ രണ്ടു വാർഡിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സർക്കാർ അനാസ്ഥയാണ് ഇപ്പോൾ കർണാടക കടന്നു കയറാൻ കാരണമെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

അയ്യൻ കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളില്ലാണ് കഴിഞ്ഞ ദിവസം കർണാടക വനം വകുപ്പ് രേഖപ്പെടുത്തലുകൾ നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.