കണ്ണൂർ: ഉറ്റവരുടെ അണമുറിയാത്ത വിലാപങ്ങൾബാക്കിയാക്കി മലയോര കർഷകനായ സുബ്രഹ്‌മണ്യന് നാട് യാത്രാമൊഴിയേകി. കാട്ടാനഭീഷണിയിൽ വീടുംപുരയിടവും ഉപേക്ഷിച്ചു വാടകവീട്ടിൽ കഴിയുന്നതിനിടെ ജീവനൊടുക്കിയ അയ്യൻകുന്ന് മുടിക്കയത്തെ സുബ്രഹ്‌മണ്യൻ തൂങ്ങിമരിച്ച വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് അയ്യൻകുന്ന് പ്രദേശവാസികൾ. മൃതദേഹം പൊതുദർശനത്തിന് വെച്ചത് സുഹൃത്തിന്റെ വീട്ടിലാണ്. വ്യാഴാഴ്‌ച്ച വൈകുന്നേരം മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കാരം നടന്നു.

വർഷങ്ങളായി തുടരുന്ന കാട്ടാനഭീഷണി പ്രതിരോധിക്കാൻ വനംവകുപ്പ് അധികൃതർ തയ്യാറാകാത്തതിൽ അയ്യൻകുന്നിൽ വൻ പ്രതിഷേധമുണ്ട്. കഠിനാധ്വാനത്തിലൂടെ പൊന്നുവിളിയിച്ച ഭൂമിയും സ്വന്തമായി പണികഴിപ്പിച്ച വീടും ഉപേക്ഷിക്കേണ്ടിവന്ന കർഷകന്റെ നിസഹായതയാണ് സുബ്രഹ്‌മണ്യന്റെ ജീവിതം. രണ്ടര ഏക്കർ ഭൂമിയുള്ളതിനാൽ ലൈഫ് പദ്ധതിയിലും പരിഗണിക്കപ്പെടാത്തതിന്റെ സങ്കടം സുബ്രഹ്‌മണ്യനുണ്ടായിരുന്നു. കാട്ടാനകൾ തമ്പടിക്കുന്ന ഭൂമിയാണെങ്കിലും സർക്കാർ രേഖകളിൽ സുബ്രഹ്‌മണ്യൻ ഭൂവുടമയായിരുന്നു. കുടുംബത്തിന് കഞ്ഞികുടിച്ചു ജീവിക്കാൻ ബി.പി. എൽ കാർഡിന് അപേക്ഷിച്ചുവെങ്കിലും അതും സാങ്കേതികകാരണം പറഞ്ഞു നിരസിക്കപ്പെട്ടു.

ഒടുവിൽ ആകെയുണ്ടായിരുന്ന ആശ്വാസമായ വാർധക്യകാലപെൻഷനും മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണ്. രോഗങ്ങളും സങ്കടങ്ങളുമില്ലാത്ത ലോകത്തേക്ക് പോകാൻ അയ്യൻകുന്ന് കച്ചേരിക്കടവ് മുടിക്കയത്തെ നടുവത്തെ വീട്ടിൽ സുബ്രഹ്‌മണ്യനെ പ്രേരിപ്പിച്ചത് ഇതൊക്കെയാണെന്നു ബന്ധുക്കളും നാട്ടുകാരും ആത്മരോഷത്തോടെ പറഞ്ഞു. 1971-ൽ മുടിക്കയത്തെ പ്രമുഖ കർഷകനായ ഇല്ലിക്കുന്നേൽ തോമസിന്റെ സഹായിയാണ് സുബ്രഹ്‌മണ്യൻ ബത്തേരിയിൽ നിന്നും മുടിക്കയത്ത് എത്തുന്നത്. കൃഷി പണിയിൽ വിദഗ്ദ്ധനായ സുബ്രഹ്‌മണ്യൻ വളരെ പെട്ടെന്നു തന്നെ പ്രദേശവാസികൾക്ക് പ്രീയങ്കരനായി.

വിശ്വസ്തനായ ജോലിക്കാരന് തോമസ് തന്റെ പുരയിടത്തിൽ നിന്നും ഇരുപതു സെന്റ് സ്ഥലം സൗജന്യമായി വാങ്ങി. ഇവിടെ വീടുവെച്ചു താമസം തുടങ്ങിയ സുബ്രഹ്‌മണ്യൻ തന്റെ സ്വന്തം അധ്വാനത്തിലൂടെ രണ്ട് ഏക്കർ സ്ഥലം വേറെയും വാങ്ങി. കൃഷിപണിക്ക് പുറമെ തെങ്ങുകയറ്റവും സുബ്രഹ്‌മണ്യന് വശമുണ്ടായിരുന്നു. കുന്നിൻ പ്രദേശമായിരുന്നുവെങ്കിലും വളക്കൂറുള്ള മണ്ണിൽ തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, വാഴ എന്നിവയെല്ലാം നട്ടുപിടിപ്പിച്ചു. ഇവയെല്ലാം നല്ല ആദായവും നൽകിയിരുന്നു. ഇതിനിടെ രണ്ടു പെൺമക്കളെയും വിവാഹം ചെയ്തു അയപ്പിച്ചു. സന്തോഷത്തോടെ ജീവിച്ചുവരുന്നതിനിടെയാണ് കാട്ടാനകൾ കൃഷിയിടത്തിലെ നിത്യസന്ദർശകരായി മമറിയത്. വീടിനു നേരെ കാട്ടാനയുടെ അക്രമണമുണ്ടായതോടെ ജീവിക്കുന്ന വീട്ടിൽ നിന്നും സുബ്രഹ്‌മണ്യനും ഭാര്യ കനകമ്മയ്ക്കും കണ്ണീരോടെ കുടിയിറങ്ങേണ്ടി വന്നു.

കൈപിടിച്ച നാട്ടുകാരും തോമസിന്റെ കുടുംബവും പിൻതുണ നൽകിയെങ്കിലും വീടുണ്ടായിട്ടും വാടകവീട്ടിൽ കഴിിയേണ്ട ദയനീയ സാഹചര്യമായിരുന്നു. ഇതിനിടെയിൽ ബാധിച്ച കാൻസർ രോഗം സുബ്രഹ്‌മണ്യന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുടിക്കയം ടൗണിൽ നിന്നുംരണ്ടുകിലോമീറ്റർ അകലെ മലമുകളിൽ വീട് ഇപ്പോഴുമുണ്ടെങ്കിലും പകലും കാട്ടാനഭീഷണി നിലനിൽക്കുന്നതിനാൽ അങ്ങോട്ടുപോകാറില്ല. പ്രദേശവാസികളുടെ എല്ലാകാര്യങ്ങൾക്കും ഓടിയെത്തിയിരുന്നസുബ്രഹ്‌മണ്യൻ നാട്ടുകാരുടെ പ്രീയപ്പെട്ട സുപ്രൻ ചേട്ടനായിരുന്നു. കാർഷികമേഖലയിലെ ജോലികളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നതിനാൽ മിക്കവരും സുബ്രഹ്‌മണ്യന്റെ സേവനം തേടിയിരുന്നു. കാൻസർ ചികിത്സയിലും വീടുമാറിയ സന്ദർഭങ്ങളിലെല്ലാം നാട്ടുകാർ പറ്റാവുന്നതു പോലെ സഹായിക്കുകയും ചെയ്തിരുന്നു.

സ്വന്തം വീടുംപുരയിടവും ഉപേക്ഷിച്ചു മലയിറങ്ങിയ ശേഷം ഭാര്യ കനകമ്മ തൊഴിലുറപ്പിനു പോയി ലഭിക്കുന്ന വേതനവും സുബ്രഹ്‌മണ്യന് ലഭിച്ചിരുന്ന സാമൂഹ്യക്ഷേമ പെൻഷനുമായിരുന്നു ഉപജീവനമാർഗം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ സുബ്രഹ്‌മണ്യന് ജോലി ചെയ്യാൻ പറ്റുന്നസാഹചര്യമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാലാണ് എ.പി. എൽ കാർഡ് ബി.പി. എല്ലാക്കാനും ലൈഫിൽ വീടുലഭിക്കാനുമായി ഓടി നടന്നിരുന്നത്. മൂന്ന് മാസമായി സർക്കാർ കൊടുത്തിരുന്ന ക്ഷേമ പെൻഷൻ ലഭിക്കാത്തതും ഇരുട്ടടിയായി. പിതാവ് ഇല്ലിക്കുന്നേൽ തോമസിന്റെ സഹായിയായി എത്തിയ സുബ്രഹ്‌മണ്യനെ തോമസിന്റെ കുടുംബം തങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് പരിഗണിച്ചിരുന്നത്.

തോമസിന്റെ വിയോഗത്തിനു ശേഷവും ആത്മബന്ധം തുടർന്നു. പതിമൂന്ന് വർഷം മുൻപ് കാൻസർ ബാധിച്ചപ്പോൾ തുടർച്ചയായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയ്ക്കു കൊണ്ടു പോയിരുന്നത് തോമസിന്റെമകൻ ജോഷിയുടെ നേതൃത്വത്തിലായിരുന്നു. ശ്വാസകോശത്തിന് ബാധിച്ച കാൻസർ സുഖപ്പെട്ടതായും തുടർപരിശോധന മാത്രമാണ് ഇപ്പോൾ നടത്തിവന്നിരുന്നതെന്നും ജോഷി പറഞ്ഞു. തോമസ് മരിച്ചെങ്കിലും ഭാര്യ ഗ്രേസിയും മറ്റുമക്കളായ ജിൽസിയും സിജിയും കുടുംബാംഗങ്ങളുമെല്ലാം സുബ്രഹ്‌മണ്യന്റെ കുടുംബവുമായി അടുപ്പം തുടർന്നിരുന്നു. വീടില്ലെങ്കിലും സുബ്രഹ്‌മണ്യൻ അനാഥമാവാൻ പാടില്ലെന്നും തന്റെ വീട്ടിൽ പൊതുദർശനത്തിന് സൗകര്യം ചെയ്യാമെന്നു പറഞ്ഞു മുൻപോട്ടുവന്നതും ക്രമീകരണമൊരുക്കിയതും സിനുവാണ്. കഠിനാധ്വാനിയും സത്യസന്ധനുമായിരുന്ന സുബ്രഹ്‌മണ്യൻ അഭിമാനിയായിരുന്നു. ഇനിയും ആരെയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നു ചിന്തിച്ചിട്ടായിരിക്കാം സ്വയംഹത്യയ്ക്കു മുതിർന്നതെന്നാണ് ഇവരും പ്രദേശവാസികളും കരുതുന്നത്.

ഓടിട്ടതെങ്കിലും സാമാന്യം ഭേദപ്പെട്ട വീട്ടിലായിരുന്നു സുബ്രഹ്‌മണ്യൻ കഴിഞ്ഞിരുന്നത്. മേൽക്കൂരയിലേക്ക് ബന്ധിപ്പിച്ച കയറിലൂടെ കയറിയഫാഷൻ ഫ്രൂട്ട് ചെടിയിൽ നിറയെ കായകളുണ്ട്. തൊടിയിലെ പറമ്പിൽ കുരുമുളക് ചെടിയിൽ നിറയെ തിരികളുണ്ട്. എങ്ങും പച്ചപ്പുള്ള ഈ വീട്ടിൽ നിന്നാണ് കാട്ടാനശല്യം പേടിച്ചു സുബ്രഹ്‌മണ്യൻ കുടിയിറങ്ങേണ്ടി വന്നത്. ഏറെക്കാലത്തെ അധ്വാനംകൊണ്ടു സൃഷ്ടിച്ചെടുത്ത ഇതൊന്നും കാട്ടാനശല്യം കാരണം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടരവർഷത്തോളമായി അനാഥമായതിനാൽ വീടുംപരിസരവും കാടു പിടിച്ച അവസ്ഥയിലാണ്. സുബ്രഹമണ്യന്റെ മലമുകളിലെ വീടും പുരയിടവും സങ്കടകാഴ്‌ച്ചയായി മാറിയിരിക്കുകയാണ്.

സ്വന്തം വീടുണ്ടായിട്ടും അവിടെ താമസിക്കാനാവാത്തെ സ്ഥിതി അച്ഛനെ വലിയദുഃഖത്തിലാഴ്‌ത്തിയിരുന്നുവെന്ന് മകൾ സൗമ്യപറഞ്ഞു. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ ലൈഫിൽ വീടുകിട്ടാത്ത പ്രശ്നവും കാലിന് വേദനശക്തമായതായും ഡോക്ടറെ കാണിക്കാൻ പോകാൻ ഗതാഗതസൗകര്യമില്ലാത്തതും സങ്കടത്തോടെ ഫോണിൽ പറഞ്ഞിരുന്നു. ഈക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസിൽ പരാതി നൽകാൻ തയ്യാറാക്കിയിരുന്നു. സ്വന്തം വീട്ടിൽ നിന്നും ഉൾപ്പെടെ മാറേണ്ട ഗതികേടാണ് പിതാവിനെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി സൗമ്യപറഞ്ഞു.
വന്യമൃഗശല്യം കാരണം 2.2 ഏക്കർ സ്ഥലത്തെ ആദായം എടുക്കാനാവാതെ ജീവിതം വഴിമുട്ടിയാണ് സുബ്രഹ്‌മണ്യൻ ആത്മഹത്യ ചെയ്തതെന്നു കരുതുന്നതായി അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡംഗം ബിജോയ് പ്ളാത്തോട്ടം പറഞ്ഞു. സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നതും സ്ഥലം സ്വന്തമായി ഉള്ളിനാൽ സാങ്കേതികപരമായി ലൈഫിൽ വീടുലഭിക്കാത്ത സങ്കടവും കാൻസർരോഗവും നാലുലക്ഷത്തോളം രൂപയുടെ കടബാധ്യതയും അദ്ദേഹത്തെ അലട്ടിയിരുന്നതായി ബിജോയ് ചൂണ്ടിക്കാട്ടി.

ഇരിട്ടി മുടിക്കയത്ത് കർഷകൻ സുബ്രഹ്‌മണ്യൻ ജീവനൊടുക്കിയ സംഭവം നടുക്കമുണ്ടാക്കുന്നതാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ളോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. സ്വന്തമായി ഉണ്ടായിരുന്ന വീട്കാട്ടാനശല്യത്താൽ ഉപേക്ഷിക്കേണ്ടി വന്ന സുബ്രഹ്‌മണ്യൻ ജീവിതോപാധിയായിരുന്ന വാർധക്യകാല പെൻഷൻ കൂടി മുടങ്ങിയപ്പോൾ പിടിച്ചു നിൽക്കാനാവാതെയാണ് ജീവനൊടുക്കിയത്. നമ്മുടെ നാടിന്റെ ദാരുണമായ അവസ്ഥയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സുബ്രഹ്‌മണ്യൻ ആത്മഹത്യ ചെയ്തതു സർക്കാരിന്റെകൊടിയ അനാസ്ഥകാരണമാണെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻജോർജ്ആരോപിച്ചു. വന്യമൃഗശല്യംകാരണംകൃഷിചെയ്യാൻ സാധിക്കാതെ സാമ്പത്തിക ബാധ്യതകുന്നുകൂടിയാണ്കർഷകൻ ജീവനൊടുക്കിയത്. വനാതിർത്തിയിൽ വേലിനിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ ഒരു നടപടിയുമുണ്ടായില്ല.25 കിലോമീറ്റർ വനാതിർത്തിയിൽ ആറുകിലോമീറ്ററിൽ യാതൊരു പ്രതിരോധ സംവിധാനവുമില്ല. ഈ ഭാഗം വഴിയാണ്കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. കാട്ടാന ആക്രമമുണ്ടാകുന്ന ഭാഗങ്ങളിൽ നിന്നും മാറിതാമസിക്കാനാണ്വനംവകുപ്പ്കർഷകരോട്ആവശ്യപ്പെടുന്നത്. സുബ്രഹ്‌മണ്യന്റെകുടുംബത്തിന്സർക്കാർ മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും മാർട്ടിൻ ജോർജ്ആവശ്യപ്പെട്ടു.

വന്യമൃഗശല്യത്തിന്റെയുംകാർഷിക മേഖലയുടെതകർച്ചയുടെയും രക്തസാക്ഷിയാണ് സുബ്രഹ്‌മണ്യനെന്ന്സണ്ണിജോസഫ് എംഎൽഎ പറഞ്ഞു.രണ്ടേകാൽഏക്കർ സ്ഥലവും വീടും സ്വന്തമായി ഉണ്ടായിട്ടും വാടകവീട്ടിൽവന്നു താമസിക്കേണ്ടിവന്നതിന്റെ മാനസിക പ്രയാസവും കടബാധ്യതയുമാണ് സുബ്രഹ്‌മണ്യനെജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. ഇനിയും ഇത്തരംസങ്കടങ്ങൾആവർത്തിക്കാതിരിക്കാൻ സർക്കാർകണ്ണുതുറയ്ക്കണമെന്ന്സണ്ണി ജോസഫ് പറഞ്ഞു.

അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം മല ചെങ്കുത്തായികിടക്കുന്നതാണെന്നും നല്ലകൃഷി ഭൂമിയാണ്. മുപ്പതോളം കുടുംബങ്ങൾഇവിടെവീടുവെച്ചു കൃഷിചെയ്തുജീവിച്ചിരുന്നതാണ്. എന്നാൽ കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയപ്പോൾ നാലുകുടുംബങ്ങളൊഴികെ മറ്റുള്ളവരെല്ലാം മലയിറങ്ങി. കേരളത്തിന്റെഅതിർത്തി വനമേഖലയിൽ നിന്നുമെത്തുന്നകാട്ടാനകളെ പേടിച്ചാണ് കുടുംബങ്ങൾ പലായനംചെയ്തത്. താഴ്‌വാര പ്രദേശത്ത് സ്ഥലം മാറിയ മിക്കവരുടെയും വീടുകൾകാടുപിടിച്ചഅവസ്ഥയിലാണ്. അയ്യൻകുന്ന് പഞ്ചായത്തിൽപ്പെട്ട ഈ മേഖലയിൽ വനാതിർത്തിയിലുള്ള 26-കിലോമീറ്ററാണ്പ്രതിരോധസംവിധാനങ്ങളുള്ളത്. ബാക്കി ആറുകിലോമീറ്ററിലൂടെയാണ്കാട്ടാനകൾകൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.

ഇരുസംസ്ഥാനങ്ങളുടെയും വനനിരകൾചേരുന്ന സ്ഥലമായതിനാൽ തുറന്നുകിടക്കുന്ന ഭാഗങ്ങളിലൂടെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഇരിട്ടി സെക്ഷൻ വനമേഖലയിൽ നിന്നും മാക്കൂട്ടം ബ്രഹമഗിരി വന്യജീവി സങ്കേതം , മാക്കൂട്ടംറെയ്ഞ്ച് എന്നിവടങ്ങളിൽ നിന്നെല്ലാംകാട്ടാനകൾക്ക് ഇവിടെയെത്താം.പാലത്തിൻകടവ് കരിമുതൽ മുടിക്കയം പാറക്കാമല വരെയുള്ള ഈഭാഗത്ത്കൃഷി വകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ തൂക്കുവേലി സ്ഥാപിക്കാൻ വനംവകുപ്പ്ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെതീരുമാനമായിട്ടില്ല.