- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരില വിധിയിൽ റിവ്യൂ ഹർജിക്ക് സമയം ചോദിച്ചപ്പോൾ ഒരു സാവകാശവും നൽകില്ലെന്ന് നിലപാടെടുത്തു; 2018ലെ ചിത്തിര ആട്ടവിശേഷത്തിന് മലയിൽ മുഴങ്ങിയത് പ്രതിഷേധ ശരണം വിളികൾ; മറ്റൊരു ചിത്തിര ആട്ടവിശേഷം നടക്കുമ്പോൾ ഉള്ള സംഭവങ്ങൾ കാലത്തിന്റെ പകരം വീട്ടലെന്ന് അയ്യപ്പവിശ്വാസികളും
തിരുവനന്തപുരം : കേരള സാങ്കേതിക സർവകലാശാല വിസിക്ക് എതിരായ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി മറ്റു സർവകലാശാല വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ നടപടിയെ ചൊല്ലി സർക്കാരും രാജ്ഭവനും കലഹിക്കുകയാണ്. സുപ്രീംകോടതി വിധിക്ക് പിന്നാലെ അത് നടപ്പാക്കി മറ്റു സർവകലാശാലകളെയും പിടിക്കാൻ ഗവർണർ നീക്കം നടത്തുന്നുവെന്നും റിവ്യൂ ഹർജിക്ക് സർക്കാരിന് സമയം നൽകിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിവ്യൂ ഹർജിക്ക് സമയം നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട തോടെ നാലു വർഷം മുമ്പ് ഉയർന്ന സമാനമായ വിഷയത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയിൽ. അന്നും വിഷയം റിവ്യൂ ഹർജിയായിരുന്നു. പക്ഷേ വിഷയം ശബരിമല സ്ത്രീപ്രവേശനവും. ഹൈന്ദവ സംഘടനകൾ ഒറ്റയ്ക്കും കൂട്ടായും സർക്കാരിനോട് റിവ്യൂ ഹർജിക്കുള്ള സമയം ആവശ്യപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. 2018 സെപ്റ്റംബർ 28ന് സൂപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
പിന്നാലെ തുലാമാസ പൂജയ്ക്ക് നടതുറന്നു. പൊലീസും വിശ്വാസികളും ഏറ്റുമുട്ടി, തുടർന്ന് ഏറെ നിർണായകമായത് ചിത്തിര ആട്ടവിശേഷത്തിന് നട തുറപ്പോഴായിരുന്നു. അതുവരെ ശബരിമലയിലെ ചിത്തിരആട്ടവിശേഷം അത്ര പ്രസിദ്ധമായിരുന്നില്ല. എന്നാൽ തുലാമാസ പൂജകൾക്ക് ശേഷം നട അടച്ചാൽ പിന്നാലെ ചിത്തര അട്ടവിശേഷത്തിന് നടതുറക്കുമെന്നും ഈ ഘട്ടത്തിൽ സ്്ത്രീകളെ മലകയറ്റാൻ നീക്കം നടക്കുന്നതായും വാർത്ത പരന്നു. ഇതോടെ സ്ഥിതി സങ്കീർണമായി. 2018 നവംബർ 6ന് നടതുറന്നു, 7നായിരുന്നു ചിത്തിര ആട്ടവിശേഷം, നാല് വർഷം മുമ്പത്തെ ചിത്തിര ആട്ടവിശേഷം കേരളത്തെ ആകെ ഇളക്കി മറിച്ചു. ഭക്തർ ഒന്നടങ്കം തെരുവിലിറങ്ങി.
ആശങ്കയുടെ മുനയിലായിരുന്നു അന്ന് ശബരിമല. തുലാമാസ പൂജ സമയത്തെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പൊലീസ് നിർദ്ദേശപ്രകാരം സന്നിധാനത്തെ ശുചിമുറികളും ശുദ്ധജല ടാപ്പുകളും മുറികളും പൂട്ടി. ഇതോടെ വഴിയിലും താഴെ മുറ്റത്തും വടക്കേനടയിലും മാളികപ്പുറം ഭാഗത്തും നടപ്പന്തലിലും മരത്തണലിലുമായാണ് വിശ്വാസികൾ തങ്ങിയത്. താരമ്യേന ആളുകൾ കുറവുള്ള ആട്ടത്തിരുന്നാൾ പൂജകളിൽ ആദ്യമായി 15000 പേർ പങ്കെടുത്തന്നൊയിരുന്നു കണക്ക്.
പ്രതിഷേധ ശരണം വിളികളാൽ മുഖരിതമായിരുന്നു പമ്പയും സന്നിധാനവും. ചിത്തിര ആട്ടവിശേഷ ദിവസം ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായത്തെച്ചൊല്ലി രാവിലെ സന്നിധാനത്തുണ്ടായ പ്രതിഷേധം മാധ്യമ പ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റത്തിൽ കലാശിച്ചു. ഇതോടെ പൊലീസിന്റെ നിയന്ത്രണങ്ങൾ പാളി. പതിനെട്ടാംപടിയും നടപ്പന്തലുകളും തിരുമുറ്റവുമെല്ലാം ആചാരസംരക്ഷണത്തിനെത്തിയവരുടെ കൈകളിലായി. പതിനെട്ടാംപടിയിൽ വരെ കയറി ഇരുന്നു പ്രതിഷേധിച്ചു. ഈ സമയം പടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മുഴുവൻ അവിടെ നിന്നു മാറിനിന്നു. ശരണംവിളിച്ചും ഭജനകീർത്തനങ്ങൾ ആലപിച്ചും രാത്രി 10ന് നട അടയ്ക്കും വരെ വിശ്വാസികൾ കാത്തിരുന്നു. ആചാരം ലംഘിച്ചു യുവതികളാരും ദർശനം നടത്തില്ലെന്ന് ഉറപ്പുവരുത്തി.
നാല് വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും ശബരിമല നടതുറന്നു നാളെയാണ് ചിത്തിര ആട്ടവിശേഷം. ശബരിമല ശാന്തമാണ്. പക്ഷേ സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധിയെ ചൊല്ലി ഗവർണർ ഉയർത്തിയ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ്. സുപ്രീംകോടതി സാങ്കേതിക സർവകലാശാല വിസി രാജശ്രീയെ പുറത്താക്കികൊണ്ട് വിധി പുറപ്പെടുവിച്ചെങ്കിലും റിവ്യൂഹർജിക്ക് ഉൾപ്പെടെ സമയം ലഭിച്ചെങ്കിൽ ഇന്ന് ഈ പ്രതിസന്ധി സർക്കാരിന് ഉണ്ടാകുമായിരുന്നില്ല. പക്ഷേ അതിനുള്ള സാവകാശം ഗവർണർ കൊടുത്തില്ല. ഒരുകാലവും കണക്ക് ചോദിക്കാതെ പോകില്ലെന്ന പ്രപഞ്ച സത്യത്തെ ഓർമ്മിപ്പിച്ച് നാലു വർഷം മുമ്പ് അയ്യപ്പവിശ്വാസികൾക്ക് എതിരെ നടത്തിയ അമിതാധികാര പ്രയോഗത്തിന് ലഭിച്ച തിരിച്ചടിയായാണ് ഇപ്പോൾ സർക്കാർ നേരിടുന്ന അവസ്ഥയെ അയ്യപ്പവിശ്വാസികൾ വിലയിരുത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്