- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയ്യപ്പ മെഡിക്കൽ കോളജിന് അനുമതി നൽകിയിട്ടില്ല
തിരുവല്ല: ഡോ. ടി.എം. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച മൈഗ്രേഷൻ കോൺക്ലേവിന്റെ മുഖ്യസ്പോൺസർ ആയിരുന്ന വടശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജിന് സംസ്ഥാന സർക്കാർ എൻഓസി നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഇതോടെ വൻ തുക വാങ്ങി മൈഗ്രേഷൻ കോൺക്ലേവ് നടത്തിയ സിപിഎം വെട്ടിലായി. ഒന്നുകിൽ സ്പോൺസറെ സിപിഎം പറ്റിച്ചു. അല്ലെങ്കിൽ അവർക്ക് മെഡിക്കൽ കോളജ് എൻഓസി വാഗ്ദാനം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. രണ്ടായാലും നേരെ ചൊവ്വേ ആശുപത്രിയായി പോലും പ്രവർത്തിക്കാത്ത സ്ഥാപനത്തിന് മെഡിക്കൽ കോളജ് ബോർഡ് വയ്ക്കാനും പ്രവർത്തിക്കാനും അനൗദ്യോഗിക അനുമതി ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ.
ശബരിമലയ്ക്ക് ഒരു മെഡിക്കൽ കോളജ് എന്ന ആശയം നിലവിൽ വന്നതിന് പിന്നാലെയാണ് വടശേരിക്കര കുമ്പളത്താമൺ എന്ന ഗ്രാമത്തിൽ ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് തുടങ്ങാനുള്ള നീക്കമുണ്ടായത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പി.എസ്.എൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ പേരിൽ ഡോ. പി. സ്വയംഭൂ ചെയർമാനായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇടക്കാലത്ത് ഈ ആശുപത്രി മൗണ്ട് സിയോൺ ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇവിടെ വന്ന് ബഹളം ഉണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിൽ അടക്കമുള്ളവർക്കെതിരേ മലയാലപ്പുഴ പൊലീസ് കേസെടുക്കുകയും ചെയ്തു.
സി.ആർ. മഹേഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വടശേരിക്കര കുമ്പളത്താമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഫൗണ്ടേഷന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞത്. പത്തനംതിട്ട ജില്ലയിൽ വടശേരിക്കര കുമ്പളത്താമണ്ണിൽ പുതുതായി ഒരു മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് എൻ.ഓ.സിയും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി ശ്രീ അയ്യപ്പമെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ അപേക്ഷ സമർപ്പിച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മുഖേനെ നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അനുമതി നിഷേധിച്ചുവെന്നാണ് മന്ത്രിയുടെ മറുപടിയിലുള്ളത്.
പുതിയ മെഡിക്കൽ കോളജ് തുടങ്ങൂന്നതിന് എൻ.ഓ.സിയും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും സർക്കാരാണ് നൽകുന്നത്. സർക്കാരിന്റെയും നാഷണൽ മെഡിക്കൽ കൗൺസിലിന്റെയും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും അനുമതിയില്ലാതെ മെഡിക്കൽ കോളജുകൾ ആരംഭിക്കുവാനോ പ്രവർത്തിക്കുവാനോ കഴിയില്ലെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്്.
എന്നാൽ, മെഡിക്കൽ കോളജ് എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതുമായി ആശുപത്രി പ്രവർത്തനം മുന്നോട്ടു പോവുകയുമാണ്. അപേക്ഷ കൊടുത്തതിന് ശേഷം മെഡിക്കൽ കോളജ് എന്ന ബോർഡ് സ്ഥാപിച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. വെബ്സൈറ്റിൽ കോഴ്സുകൾ ഉള്ളതായും പറയുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് കോളജ് ഉടമകൾ ഫണ്ട് നൽകിയിരുന്നുവെന്നാണ് വിവരം.
ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയോടെ വെട്ടിലായിരിക്കുന്നത് സിപിഎം ആണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിച്ച കോൺക്ലേവിന്റെ മുഖ്യ സ്പോൺസറായിരുന്നു വടശേരിക്കര ശ്രീ അയ്യപ്പമെഡിക്കൽ കോളജ്. കോളജ് ചെയർമാൻ പരിപാടി സ്പോൺസർ ചെയ്തത് ചുളുവിൽ എൻ.ഓ.സി നേടിയെടുക്കുന്നതിന് വേണ്ടിയാണെന്ന് അന്ന് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു.
സ്വന്തം ജില്ലയിലെ വ്യാജമെഡിക്കൽ കോളജിനെ കുറിച്ച് മന്ത്രിക്ക് അറിയില്ലേ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. നിയമസഭയിൽ മന്ത്രിയുടെ മറുപടി വന്നതോടെ കോളജിന്റെ വെബ്സൈറ്റ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായിട്ടുണ്ട്. വിക്കിപീഡിയ പേജ് നിലനിൽക്കുന്നുണ്ട്. 300 കിടക്കകളുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയാണിതെന്നാണ് വെബ്സൈറ്റിലും വിക്കിപീഡിയയിലും പറഞ്ഞിട്ടുള്ളത്. ആറു വർഷമായി ആശുപത്രി പ്രവർത്തിക്കുന്നുവെന്നും പറയുന്നു.
വിക്കിപീഡിയ പേജിലാകട്ടെ ആശുപത്രിയിൽ എല്ലാ വിഭാഗവും ഉണ്ടെന്നും എം.ബി.ബി.എസ് കോഴ്സ് നടക്കുന്നുവെന്നും റിസർച്ച് ഫൗണ്ടേഷൻ ഉടൻ തന്നെ എം.ഡി, എം.എസ് ഡിപ്ലോമ കോഴ്സുകൾ ഉടൻ ആരംഭിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്്. എന്നാൽ, ഇവിടെ ഒരു ആശുപത്രി പ്രവർത്തിക്കുന്നുണ്ട് എന്ന് മാത്രമാണ് പരിസരവാസികൾക്ക് അറിയാവുന്നത്. ചികിൽസ തേടി ആളുകൾ എത്തുന്നുമുണ്ട്. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ഡോക്ടർമാരുണ്ട്.